കൊല്ലം: ഇടതിനു പ്രതീക്ഷ, 'കൈ' ഇട്ടു വാരാന്‍ യുഡിഎഫ്

കൊല്ലം: ഇടതിനു പ്രതീക്ഷ, കൈ ഇട്ടു വാരാന്‍ യുഡിഎഫ്
X
kollam

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: തിരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം അവസാനിച്ചപ്പോള്‍ ദേശിംഗനാട്ടില്‍ മുന്‍തൂക്കം ഇടതിന്. എന്നാല്‍, തുടക്കത്തില്‍ ഇടതിനെന്ന് ഉറപ്പിച്ച കോട്ടകളില്‍ പലതിലും വിള്ളല്‍ വീഴ്ത്തിയ പ്രചാരണത്തിലൂടെ മുന്നിലെത്താന്‍ യുഡിഎഫിനായിട്ടുണ്ട്. മുന്‍തൂക്കമുണ്ടെങ്കിലും 11ല്‍ ഒമ്പത് മണ്ഡലങ്ങളും കൈയടക്കിയ 2011ലെ ഫലം ആവര്‍ത്തിക്കുമെന്ന് എല്‍ഡിഎഫ് ക്യാംപ് പ്രതീക്ഷിക്കുന്നില്ല.
പത്തനാപുരം, ചവറ, കൊല്ലം, ഇരവിപുരം, കുണ്ടറ മണ്ഡലങ്ങളില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. സിനിമാ താരങ്ങള്‍ മുന്നണി സ്ഥാനാര്‍ഥികളായി ഏറ്റുമുട്ടുന്ന മണ്ഡലമാണ് പത്തനാപുരം. യുഡിഎഫിന് വേണ്ടി ജഗദീഷും എല്‍ഡിഎഫിനു വേണ്ടി ഗണേഷ്‌കുമാറും എന്‍ഡിഎയ്ക്ക് വേണ്ടി ഭീമന്‍ രഘുവുമാണ് ഇവിടെ മല്‍സരിക്കുന്നത്. ഗണേഷും ജഗദീഷും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കില്‍ അവസാന നിമിഷം മോഹന്‍ലാലിനേയും ദിലീപിനേയും നാദിര്‍ഷയേയും രംഗത്തിറക്കിയായിരുന്നു ഗണേഷിന്റെ പ്രചാരണം.

[related]
ജില്ലയില്‍ മറ്റൊരു താരമണ്ഡലം കൊല്ലമാണ്. രണ്ടുവട്ടം എംഎല്‍എ ആയ ഗുരുദാസനെ മാറ്റി പിണറായി വിജയന്‍ നേരിട്ട് അവതരിപ്പിച്ച സ്ഥാനാര്‍ഥി നടന്‍ മുകേഷാണ് ഇവിടെ എല്‍ഡിഎഫിന് വേണ്ടി പോരാടുന്നത്. സൂരജ് രവിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഗുരുദാസനെ തഴഞ്ഞത് നിശബ്ദ പ്രചാരണത്തില്‍ ആയുധമാവുമോയെന്ന സംശയം സിപിഎമ്മില്‍ നിലനില്‍ക്കുന്നുണ്ട്. ഇത് ഒഴിവാക്കാനായാല്‍ എല്‍ഡിഎഫിന്റെ പ്രതീക്ഷകള്‍ കൈവെടിയാതെ കാക്കാനാവും. ഷിബു ബേബിജോണ്‍ മല്‍സരിക്കുന്ന ചവറയില്‍ തുടക്കത്തില്‍ അദ്ദേഹത്തിന് തന്നെയായിരുന്നു മുന്‍തൂക്കമെങ്കിലും പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ പോരാട്ടം ബലാബലമാണ്. ഇടതുമുന്നണി സിറ്റിങ് എംഎല്‍എമാരായ സി ദിവാകരനേയും എം എ ബേബിയേയും മാറ്റി പുതിയ സ്ഥാനാര്‍ഥികളെ ഇറക്കിയ കരുനാഗപ്പള്ളിയിലും കുണ്ടറയിലും യുഡിഎഫ് ശക്തമായ മല്‍സരം നടത്തുന്നുണ്ട്. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളായ കൊട്ടാരക്കര, പുനലൂര്‍, ചാത്തന്നൂര്‍ എന്നിവിടങ്ങില്‍ പ്രചാരണത്തില്‍ എല്‍ഡിഎഫ് തന്നെയാണ് മുന്നില്‍. ചടയമംഗലത്ത് കഴിഞ്ഞ തവണ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ മുല്ലക്കര രത്‌നാകരനെ നേരിടാന്‍ എത്തിയ കോണ്‍ഗ്രസ് വക്താവ് എം എം ഹസന്റെ പ്രചാരണം എത്രത്തോളം ജനമനസ്സുകളില്‍ ഇടംനേടിയെന്ന് വോട്ടെടുപ്പിന് ശേഷം മാത്രമെ വ്യക്തമാവൂ. ഇരവിപുരത്ത് ഹാട്രിക് മല്‍സരത്തിനിറങ്ങിയ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസിന് എല്‍ഡിഎഫ് ശക്തമായ വെല്ലുവിളിയാണ്.
ശക്തമായ മല്‍സരം നടക്കുന്ന പല മണ്ഡലങ്ങളിലും എസ്ഡിപിഐ സാന്നിധ്യം മുന്നണികള്‍ക്ക് ചങ്കിടിപ്പേറ്റുന്നുണ്ട്. ഇവര്‍ പിടിക്കുന്ന വോട്ടുകളായിരിക്കും പല മണ്ഡലങ്ങളിലും ജയപരാജയങ്ങള്‍ നിര്‍ണയിക്കുക. കഴിഞ്ഞതവണ മൂന്നാം സ്ഥാനത്തെത്തിയ കരുനാഗപ്പള്ളിയില്‍ സംസ്ഥാന സെക്രട്ടറി എ കെ സലാഹുദ്ദീനും ആര്‍എസ്പികള്‍ പരസ്പരം മല്‍സരിക്കുന്ന കുന്നത്തൂരില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കലുമാണ് എസ്ഡിപിഐയ്ക്ക് വേണ്ടി ജനവിധി തേടുന്നത്.
Next Story

RELATED STORIES

Share it