കൊലവിളിച്ച് അഭിഭാഷകര്‍

ന്യൂഡല്‍ഹി: ഇതുവരെ പ്രാക്ടീസിന് എത്താത്ത അഭിഭാഷകര്‍ പോലും ഇന്നലെ കറുത്ത ഗൗണണിഞ്ഞ് പട്യാല ഹൗസ് കോടതിയിലെത്തിയിരുന്നു. 150ഓളം പേരടങ്ങുന്ന അഭിഭാഷകരാണ് കോടതിക്കുള്ളില്‍ തടിച്ചുകൂടിയത്. ചിലരുടെ കൈകളില്‍ ദേശീയപതാക ചുറ്റിയ വലിയ മുളകളും ഉണ്ടായിരുന്നു. കനയ്യകുമാറിനെയും കൊണ്ട് കോടതിയിലെത്തിയ ഉടന്‍ അവനെ കൊല്ലൂ, വെടിവയ്ക്കൂ എന്നിങ്ങനെ വിളിച്ചു പറഞ്ഞാണ് അവര്‍ ആക്രമണമഴിച്ചുവിട്ടത്. ഉച്ചയ്ക്ക് മുമ്പ് കനയ്യക്കു വേണ്ടി ഹാജരാവാനെത്തിയ അഭിഭാഷക സംഘത്തെയും ജെഎന്‍യു വിദ്യാര്‍ഥികളെയും ഇവര്‍ മര്‍ദ്ദിച്ചിരുന്നു.
ഗേറ്റിനു പുറത്തു നില്‍ക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അഭിഭാഷകര്‍ ആക്രോശിച്ചു. നിങ്ങള്‍ ദേശദ്രോഹികള്‍ക്കു വേണ്ടി പണിയെടുക്കുകയാണെന്നും വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണെന്നും ആരോപിച്ചു.
ഉച്ചയ്ക്ക് 2.30നു കനയ്യയെ കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, അതിനു മുമ്പ് തന്നെ രാജ്യദ്രോഹികളെ പ്രവേശിപ്പിക്കില്ല എന്ന് പറഞ്ഞ് അഭിഭാഷകര്‍ ദേശീയ പതാകയുമായി കോടതി വളപ്പില്‍ മുദ്രാവാക്യംവിളി തുടങ്ങി. ഈ അഭിഭാഷകരെ ചെറുക്കാന്‍ മറ്റൊരു അഭിഭാഷക കൂട്ടം വന്നതോടെ ചെറിയ സംഘര്‍ഷവും ഉണ്ടായി. സംഭവം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ഇന്നലെയും ആക്രമണമുണ്ടായി. കോടതി നടപടികളില്‍ പങ്കെടുക്കാന്‍ വാര്‍ത്താ ഏജന്‍സികളുടെ പ്രതിനിധികളായ അഞ്ചുപേരെ മാത്രമാണ് കോടതി മുറിയിലേക്കു കടത്തിവിട്ടത്.
Next Story

RELATED STORIES

Share it