Editorial

കൊലയാളി സംഘങ്ങളെ പിടിച്ചുകെട്ടുകയാണ് വേണ്ടത്



മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തിനു ശേഷം സിപിഎമ്മും ആര്‍എസ്എസ്-ബിജെപിയും കണ്ണൂരിലെ ചോരക്കളി അവസാനിപ്പിക്കുമെന്നാണ് കേരളീയര്‍ പ്രതീക്ഷിച്ചത്. എന്നാല്‍, കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിലിരിക്കുന്ന രണ്ടു കക്ഷികളും നാട്ടില്‍ സമാധാനം പുലരാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ്. കഴിഞ്ഞ ദിവസം കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക്  ബിജു കൊല്ലപ്പെട്ടു. 2016 ജൂലൈയില്‍ ധനരാജ് എന്ന സിപിഎം പ്രവര്‍ത്തകനെ കൊന്ന കേസിലെ 12ാം പ്രതിയായിരുന്ന ബിജു കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് കൊല്ലപ്പെടുന്നത്. ബിജുവിന്റെ വധത്തിനു ശേഷം ബിജെപി നേതാക്കള്‍ കണ്ണൂരില്‍ സായുധസേനാ (പ്രത്യേകാധികാര) നിയമം അഥവാ അഫ്‌സ്പ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നു. ഈ ആവശ്യം ഉന്നയിച്ച് ബിജെപി നേതാവ് ഒ രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഗവര്‍ണറെ നേരില്‍ കണ്ടു നല്‍കിയ നിവേദനം അദ്ദേഹം മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. തങ്ങളുടെ അഭ്യര്‍ഥന തന്റെ ശുപാര്‍ശയുമായി ഗവര്‍ണര്‍ നേരിട്ട് രാഷ്ട്രപതിക്ക് അയക്കുമെന്നും കേന്ദ്രഭരണം ഉപയോഗപ്പെടുത്തി ആവശ്യമായ ഇടപെടലുകള്‍ക്കു വഴിയൊരുക്കാമെന്നുമായിരിക്കാം ബിജെപി നേതൃത്വം പ്രതീക്ഷിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരമേറ്റതിനു ശേഷം 14 സംഘപരിവാര പ്രവര്‍ത്തകര്‍ വധിക്കപ്പെട്ടുവെന്നാണ്് ബിജെപി നേതാക്കള്‍ പറയുന്നത്. എത്ര പേര്‍ ആര്‍എസ്എസ്-ബിജെപി അക്രമിസംഘങ്ങളാല്‍ വധിക്കപ്പെട്ടുവെന്ന കണക്ക് അവരുടെ പുസ്തകത്തിലില്ല. ആരുടെയും എതിരാളികളല്ലാത്ത, ആരോടും പോര്‍വിളി മുഴക്കാത്ത, നിരപരാധികളായ കൊടിഞ്ഞി ഫൈസലും കാസര്‍കോട്ടെ റിയാസ് മൗലവിയും ആര്‍എസ്എസ് അക്രമികളുടെ കൊലക്കത്തിക്കിരയായ വേളയിലൊന്നും അഫ്‌സ്പ പോലുള്ള നിയമങ്ങളെക്കുറിച്ച് ആരും പറഞ്ഞുകേട്ടില്ല. ഫൈസലിന്റെയും റിയാസ് മൗലവിയുടെയും കേസുകളില്‍ നടക്കുന്ന അേന്വഷണത്തിലും പോലിസിനെതിരേ സംഘപരിവാരത്തിന്റെ ഇത്തരം പരാതികളൊന്നും ഉയര്‍ന്നിട്ടുമില്ല. ഒരു മേഖല അസ്വസ്ഥബാധിതമായി പ്രഖ്യാപിച്ച് അവിടെ സമാധാനപാലനത്തിനായി സൈന്യത്തിന് അമിതാധികാരം നല്‍കുന്ന നിയമമാണ് അഫ്‌സ്പ. ക്വിറ്റ് ഇന്ത്യാ സമരം നേരിടുന്നതിനു വേണ്ടി ബ്രിട്ടിഷുകാരാണ് ഇന്ത്യയില്‍ 1942 ആഗസ്ത് 15ന് അഫ്‌സ്പ നടപ്പാക്കിയത്. സ്വതന്ത്ര ഇന്ത്യയില്‍ വമ്പിച്ച മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പാതകങ്ങള്‍ക്കും സുരക്ഷാസേനകള്‍ക്ക് അധികാരം നല്‍കുന്ന അഫ്‌സ്പ നിലവിലുള്ള സംസ്ഥാനങ്ങളില്‍ ജനങ്ങളുടെ ദുരിതം വര്‍ണനാതീതമാണ്. കണ്ണൂരില്‍ സമാധാനം സ്ഥാപിക്കാന്‍ അഫ്‌സ്പ പോലുള്ള ഭീകര നിയമങ്ങളല്ല ആവശ്യം. കണ്ണൂരില്‍ അക്രമങ്ങള്‍ നിലയ്ക്കാതെ തുടരുന്നത് നിയമങ്ങളുടെ കുറവു കൊണ്ടുമല്ല. രാഷ്ട്രീയനേട്ടങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തകരെ കൊലയ്ക്കു കൊടുക്കുന്ന ഇരുകക്ഷികളും അക്രമികള്‍ക്കും കൊലയാളികള്‍ക്കും സംരക്ഷണം നല്‍കാനുള്ള തുറന്ന മനസ്സാണ് പ്രകടിപ്പിക്കുന്നത്. അത്തരം അക്രമിസംഘങ്ങളെ പിടിച്ചുകെട്ടാനും നേതാക്കളെ തുറുങ്കിലടയ്ക്കാനും നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനുമുള്ള ആര്‍ജവമാണ് ആവശ്യം.
Next Story

RELATED STORIES

Share it