കൊലപാതക കാരണംമുന്‍ വൈരാഗ്യം;പ്രതി ലൈംഗിക വൈകൃതത്തിന് അടിമയെന്ന് പോലിസ്

റഷീദ് മല്ലശ്ശേരി

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ദലിത് നിയമ വിദ്യാര്‍ഥിനി ജിഷയെ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം മൂലമെന്ന് കേസില്‍ പിടിയിലായ പ്രതി അമീറുല്‍ ഇസ്‌ലാം വെളിപ്പെടുത്തിയതായി പോലിസ് പറയുന്നു. മൂന്ന് വര്‍ഷം മുമ്പാണ് അമിയുര്‍ ഉല്‍ ഇസ്‌ലാം കേരളത്തിലെത്തിയത്. സുഹൃത്തുക്കള്‍ മുഖാന്തിരം പെരുമ്പാവൂരിലെത്തിയ പ്രതി കെട്ടിടനിര്‍മാണ ജോലികള്‍ ചെയ്തു വരികയായിരുന്നു. ഒന്നരവര്‍ഷം മുമ്പാണ് ജിഷയുടെ വീടിന് സമീപത്തുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ താമസമാരംഭിച്ചത്. ജിഷയുടെ വീടിന്റെ സമീപത്തുള്ള മറ്റൊരു വീടിന്റെ മതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് ജിഷയുമായി ഇയാള്‍ പരിചയപ്പെടുന്നത്. ഞായറാഴ്ചകളില്‍ ജിഷയുടെ വീടിന് സമീപമുള്ള പാടശേഖരത്തുള്ള തോട്ടില്‍ കുളിക്കാന്‍ ഇയാള്‍ പോവാന്‍ തുടങ്ങിയതോടെ കൂടുതല്‍ പരിചയമായി. പിന്നീട് ജിഷയുടെ വീട്ടില്‍ നിര്‍മാണ ജോലിക്ക് എത്തിയപ്പോഴാണ് കൂടുതല്‍ അടുപ്പത്തിലായത്. ഇതിനിടയില്‍ ജിഷയുടെ വീട് പണിയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തോടെ ജിഷയും അമീറുലും തമ്മില്‍ തെറ്റി. അതിനിടെ സ്ത്രീകളുടെ കുളിക്കടവില്‍ അമീറുല്‍ ഇസ്‌ലാം കുളിക്കാനിറങ്ങിയപ്പോള്‍ അവിടെയുണ്ടായിരുന്ന സ്ത്രീകളുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. വഴക്കിനിടെ ജിഷയ്‌ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ ഇയാളെ അടിച്ചു. ഇതുകണ്ട് ജിഷ ചിരിച്ചു. അന്നുമുതല്‍ ജിഷയോട് ഇയാള്‍ക്കു പകയായിരുന്നുവെന്ന് പോലിസ് പറയുന്നു. ജിഷയെ കൊലപ്പെടുത്തിയ ഏപ്രില്‍ 28ന് രാവിലെയും അമീറുല്‍ ഇസ്‌ലാം ജിഷയെ തേടി വീട്ടില്‍ ചെന്നിരുന്നു. തുടര്‍ന്ന് ജിഷ ഇയാളെ അടിക്കാന്‍ ചെരുപ്പൂരിയിരുന്നു. പിന്നീട് അവിടെ നിന്നും ഇറങ്ങിപ്പോയ ഇയാള്‍ മദ്യപിച്ച ശേഷം വൈകുന്നേരത്തോടെ വീണ്ടും എത്തി. വീടിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നതിനാല്‍ ഇയാള്‍ വീടിനുള്ളില്‍ കടന്നു. തുടര്‍ന്ന് വീണ്ടും ജിഷയുമായി വാക്കേറ്റം ഉണ്ടാവുകയും മല്‍പ്പിടിത്തം നടത്തുകയും ചെയ്തു. ഇതിനിടയില്‍ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അമിയുര്‍ ജിഷയെ കുത്തി. കുത്തേറ്റ ജിഷ അമീറുലിനെ കടിച്ചു. അമീറുലും ജിഷയെ തിരിച്ചു കടിച്ചു. ഈ കടിയില്‍ അമീറുലിന്റെ ഉമിനീര്‍ ജിഷയുടെ വസ്ത്രത്തില്‍ പടര്‍ന്നിരുന്നു. കുത്തേറ്റു നിലത്തു വീണ് അവശയായ ജിഷ വെള്ളം ചോദിച്ചുവെങ്കിലും അമിയുര്‍ തന്റെ കൈയിലുണ്ടായിരുന്ന മദ്യമാണ് ജിഷയുടെ വായിലൊഴിച്ചു നല്‍കിയത്. തുടര്‍ന്ന്് ഇയാള്‍ ജിഷയെ മാനഭംഗം ചെയ്യാന്‍ ശ്രമിച്ചു എന്നാല്‍, ഇതിനെ ജിഷ ശക്തമായി എതിര്‍ത്തു. ഇതോടെ വീണ്ടും പ്രകോപിതനായ പ്രതി ജിഷയുടെ ജനനേന്ദ്രിയും കുത്തിക്കീറുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. കൊലയ്ക്കുശേഷം കനാലിലൂടെയാണ് ഇയാള്‍ രക്ഷപെട്ടത്. ചെളിപുരണ്ടതിനെ തുടര്‍ന്നാണ് ചെരിപ്പ് ഉപേക്ഷിച്ചത്. രാത്രിമുഴുവന്‍ പെരുമ്പാവൂരില്‍ കഴിച്ചു കൂട്ടിയതിനുശേഷം 29ന് രാവിലെ തീവണ്ടി മാര്‍ഗം ഇയാള്‍ നേരെ അസമിലേക്കാണ് പോയത്. ഇതിനിടയില്‍ ഇവിടെ നടന്നിരുന്ന അന്വേഷണം സംബന്ധിച്ച് ഇയാള്‍ സുഹൃത്തുക്കളോട് തിരിക്കിയിരുന്നു. തന്റെനേരെ അന്വേഷണം വരുന്നില്ലെന്ന് മനസ്സിലാക്കിയതോടെ പിന്നീട് തമിഴ്‌നാട്ടിലെത്തിയ അമീറുല്‍ ഇസ്‌ലാം അവിടെ ഒരു കൊറിയര്‍ കമ്പനിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ചു. ഇതിനിടയില്‍ പോലിസ് അമീറുല്‍  ഇസ്‌ലാമിന്റെ നാലു സുഹൃത്തുക്കളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കസ്റ്റഡിയില്‍ എടുത്തവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലിസ് അമിയുറിനെ തിരയാന്‍ ആരംഭിച്ചു. കൊലപാതകത്തിനു ശേഷം സിം കാര്‍ഡ് ഉപേക്ഷിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. പിന്നീട് കാഞ്ചിപുരത്തെത്തി ജോലിയില്‍ പ്രവേശിച്ച ഇയാള്‍ മറ്റൊരു സിംകാര്‍ഡ് വാങ്ങി. എന്നാല്‍, മൊബൈല്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ പിന്തുടര്‍ന്ന് പോലിസ് അമീറുല്‍ കാഞ്ചിപുരത്തുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പിടിയിലായ അമീറുല്‍  ഇസ്ലാമിന് അസമിലും പെരുമ്പാവൂരിലുമായി രണ്ടു ഭാര്യമാരും രണ്ടു കുട്ടികളുമുള്ളതായി പോലിസ് പറയുന്നു. പെരുമ്പാവൂരിലുള്ള ഭാര്യയില്‍ ഇയാള്‍ക്ക് ഒരു വയസ്സുള്ള ഒരു കുട്ടിയാണുള്ളത്. അസമിലുള്ള ഭാര്യക്ക് 38 വയസ്സുണ്ട്. ഈ ബന്ധത്തില്‍ അമീറുലിന് ഒരു മകള്‍ ഉണ്ടെന്നാണ് പോലിസ് പറയുന്നത്. ലൈംഗിക വൈകൃതത്തിന് അടിമയായ ഇയാള്‍ ജന്മനാ ക്രിമിനലാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
Next Story

RELATED STORIES

Share it