കൊലപാതകക്കേസില്‍ യദ്യൂരപ്പ ഇടപെട്ട ദൃശ്യം പുറത്ത്

ബംഗളൂരു: കൊലപാതകക്കേസില്‍ കസ്റ്റഡിയിലെടുത്ത ഹിന്ദു യുവാക്കളെ ഉപദ്രവിക്കരുതെന്ന് ബിജെപി കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ബി എസ് യദ്യൂരപ്പ പോലിസ് സൂപ്രണ്ടിനോടാവശ്യപ്പെടുന്ന വീഡിയോ ദൃശ്യം പുറത്തായത് വിവാദമായി. കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കാലപ്പയാണ് ഫേസ്ബുക്കില്‍ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്.
നിങ്ങള്‍ 14-15 ഹിന്ദു യുവാക്കളെ അറസ്റ്റു ചെയ്തിട്ടുണ്ട്. ചില യുവാക്കള്‍ മര്‍ദ്ദനത്തിന് വിധേയമായിട്ടുണ്ട്. ഇനിമേല്‍ ഇതാവര്‍ത്തിക്കരുത്. ഇത് നല്ലതിനായിരിക്കുകയില്ല. അന്‍സിക്കേരയിലെ സമാധാന അന്തരീക്ഷം തകരാന്‍ ഇത് ഇടയാക്കും. ഹാസന്‍ ജില്ലാ പോലിസ് സൂപ്രണ്ട് രാഹുല്‍കുമാര്‍ ഷാഹപുര്‍വാദിനോടുള്ള യദ്യൂരപ്പയുടെ ഈ സംഭാഷണമാണ് വീഡിയോദൃശ്യത്തിലുള്ളത്. കൊലപാതകക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെമേല്‍ യദ്യൂരപ്പ സ്വാധീനം ചെലുത്തിയതായി ബ്രിജേഷ് ആരോപിച്ചു. കഴിഞ്ഞ മാസം 29ന് അര്‍സിക്കേരയിലുണ്ടായ സംഘര്‍ഷത്തില്‍ ഇമ്മാനുവല്‍ വരുണ്‍ എന്ന 24കാരന്‍ കുത്തേറ്റ് മരിക്കുകയും ചില കടകള്‍ ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. രണ്ടു സംഘം യുവാക്കള്‍ തമ്മിലാണ് സംഘര്‍ഷം നടന്നതെന്നും അതില്‍ വര്‍ഗീയ വികാരമുണ്ടായിരുന്നില്ലെന്നുമാണ് പോലിസ് പറഞ്ഞത്.
പോലിസ് അറസ്റ്റു ചെയ്തവരില്‍ ചില ഹിന്ദു സംഘടനാ പ്രവര്‍ത്തകരുമുണ്ടായിരുന്നു. നിരപരാധികളെയാണ് പോലിസ് അറസ്റ്റു ചെയ്തതെന്നാരോപിച്ച് നിയമസഭാംഗം ദാനു പ്രകാശിന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ പോലിസ് സൂപ്രണ്ടിന് ദിവസങ്ങള്‍ക്കു മുമ്പ് പരാതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it