കൊലപാതകം ആസൂത്രിതം; സൂചന ലഭിച്ചെന്ന് പോലിസ്

കൊച്ചി: പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിനിരയായി കൊലപ്പെട്ട ദലിത് നിയമവിദ്യാര്‍ഥി ജിഷയുടെ കൊലപാതകം ആസൂത്രിതമെന്ന് പോലിസ്. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്. ജിഷയുടെ അയല്‍വാസി, ഒരു ബന്ധു, ബന്ധുവിന്റെ സുഹൃത്ത്, ഇതരസംസ്ഥാന തൊഴിലാളി എന്നിങ്ങനെ നാലുപേരിലാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതില്‍ ആരാണ് കൊലയാളി എന്നതാണ് പോലിസിനെ കുഴക്കുന്നത്.
പരിസരവാസികളടക്കം അഞ്ചോളം പേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ ബസ് ഡ്രൈവറും ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഇതരസംസ്ഥാന തൊഴിലാളികളെ വിട്ടയച്ചിട്ടില്ല. പ്രതിയെ ഉടന്‍ പിടികൂടുമെന്നാണ് ജിഷയുടെ വീട് സന്ദര്‍ശിച്ച ഡിജിപി സെന്‍കുമാറിന്റെ പ്രതികരണം. എന്നാല്‍, ഇതിന് എത്ര സമയമെടുക്കുമെന്ന് പറയാനാവില്ലെന്നും ഡിജിപി വ്യക്തമാക്കി.
പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന എഡിജിപി കെ പത്മകുമാര്‍ പറഞ്ഞു. ലഭിച്ച സുപ്രധാന വിവരങ്ങള്‍ അന്തിമ പരിശോധനയിലാണ്. കൊലപാതകം യാദൃച്ഛികമായി സംഭവിച്ചതല്ല. ആസൂത്രിതമായി നടത്തിയതാണെന്നാണു വെളിപ്പെടുന്നതെന്നും എഡിജിപി പറഞ്ഞു. അതേസമയം, പോലിസ് കോടതിക്ക് കൈമാറിയ രക്തംപുരണ്ട ചെരിപ്പ് അടക്കമുള്ള തെളിവുകള്‍ ഇന്നലെ തിരികെ വാങ്ങി.
പ്രമാദമായ കൊലക്കേസുകള്‍ അന്വേഷിച്ച് തെളിയിച്ച ഉദ്യോഗസ്ഥരെയും ജിഷ കൊലക്കേസ് അന്വേഷിക്കുന്ന 80 അംഗ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ, അന്വേഷണത്തിന് സഹായകമാവുന്ന വിധത്തില്‍ അയല്‍വാസികളില്‍ ചിലര്‍ മൊഴി നല്‍കി. സംഭവദിവസം വൈകീട്ട് ജിഷ ആരോടോ സംസാരിക്കുന്നത് കേട്ടെന്നും വിശ്വാസമെന്ന വാക്ക് ജിഷ പറയുന്നുണ്ടായിരുന്നുവെന്നും മൊഴിയിലുണ്ട്.
ഒരുകുടം വെള്ളവുമായി ജിഷ വീട്ടിലേക്ക് പോവുന്നതു കണ്ടെന്നും അരമണിക്കൂറിനുശേഷം നിലവിളി കേട്ടതായും ഒരാള്‍ കനാല്‍ കടന്നുപോവുന്നത് കണ്ടതായും മൊഴിനല്‍കിയിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ അന്വേഷണത്തിന് സഹായകമാവുന്ന തെളിവുകള്‍ ജിഷയുടെ പെന്‍കാമറയില്‍നിന്ന് ലഭിച്ചിട്ടില്ല.
Next Story

RELATED STORIES

Share it