kasaragod local

കൊലക്കേസ് പ്രതികള്‍ രക്ഷപ്പെട്ടത് കര്‍ണാടകയിലേക്ക്



കുമ്പള: പെര്‍മുദെ മണ്ഡേക്കാപ്പിലെ വ്യാപാരി രാമകൃഷ്ണ മല്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ ആദ്യം രക്ഷപ്പെട്ടത് കര്‍ണാടക ദേര്‍ളക്കട്ടയിലേക്ക്. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച കാറിന്റെ താക്കോല്‍ ദേര്‍ളക്കട്ടയിലെ ഒരു കടയില്‍ നല്‍കി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഹുബ്ലി, ചിക്മംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലും പ്രതികള്‍ കറങ്ങി. പ്രതികളുടെ ഓരോ നീക്കങ്ങളും മനസ്സിലാക്കിയ പോലിസ് ഇവരെ പിന്തുടരുകയായിരുന്നു. ചില ബന്ധുക്കളെ കസ്റ്റഡിയിലെടുത്തതോടെ പ്രതികള്‍ പോലിസിന്റെ വലയിലായി. മോഷണവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാംപ്രതി ഉമര്‍ ഫാറൂഖിനുള്ള ദേഷ്യമാണ് കൊലപാതകത്തിനുള്ള കാരണമെന്ന് പോലിസ് പറഞ്ഞു. മുഗു സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് 4,453 രൂപ കവര്‍ന്നതിന് കഴിഞ്ഞ മാര്‍ച്ച് എട്ടിന് ഫാറൂഖിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ പിടികൂടിയത് കൊല്ലപ്പെട്ട രാമകൃഷ്ണമല്യയുടെ നേതൃത്വത്തിലുള്ള നാട്ടുകാരായിരുന്നു. ഇതിലുള്ള വിരോധത്തില്‍ ജയിലില്‍ വച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലിസ് പറയുന്നത്. നാടിനെ നടുക്കിയ കൊലപാതക കേസിലെ പ്രതികള്‍ പിടിയിലായതോടെ ഇവര്‍ക്കെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പോലിസ്. പ്രതികളെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. കോടതിയില്‍ ഹാജരാക്കി വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നും തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കുമെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it