palakkad local

കൊലക്കേസില്‍ പ്ലസ്ടു വിദ്യാര്‍ഥികളെ പ്രതി ചേര്‍ത്ത സംഭവം: പോലിസ് നടപടിക്കെതിരേ പ്രദേശവാസികള്‍

പട്ടാമ്പി: രണ്ട് പ്ലസ്ടു വിദ്യാര്‍ഥികളടക്കം മൂന്നുപേരെ കൊലക്കേസില്‍ കുടുക്കിയ പോലിസ് നടപടിക്കെതിരെ പ്രദേശവാസികള്‍. വല്ലപ്പുഴ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്ന വിദ്യാര്‍ഥികളടക്കം മൂന്നുപേരെയാണ് പട്ടാമ്പി പോലിസ് കസ്റ്റഡിയിലെടുത്തത്. വല്ലപ്പുഴ മേച്ചേരിക്കുന്ന് സ്വദേശികളായ ചെരളിയില്‍ സാബിര്‍, കണ്ടേങ്കാട്ടില്‍ സാബിത്ത്, വള്ളിയില്‍ അഷ്‌റഫ് എന്നിവരേയാണ് വ്യാഴാഴ്ച രാത്രി ഒന്നോടെ പട്ടാമ്പി സിഐ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. അവര്‍ക്കെതിരെ പോലിസ് ചുമത്തിയത് കൊലക്കേസ് വകുപ്പുകളാണ്.
കസ്റ്റഡിയിലെടുത്ത പ്ലസ്ടു പരീക്ഷയ്ക്ക് പഠിക്കുന്ന കുട്ടികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പിലട്ടത് മനുഷ്യാവകാശ സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടയാക്കി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ വല്ലപ്പുഴയിലും പരിസര പ്രദേശങ്ങളിലും നടന്ന മോഷണ പരമ്പരകളുടെയും ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിലും സജീവമായിരുന്ന നൂറ് കണക്കിന് വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കാന്‍ മുന്നില്‍ നിന്ന മൂന്ന് പേരെയാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
കാംപസ് ഫ്രണ്ട് അനുഭാവികളായ വിദ്യാര്‍ഥികളുടെ പഠനത്തിന് തടസം നില്‍ക്കരുതെന്നും ജാമ്യം അനുവദിക്കണമെന്നും അപേക്ഷിച്ചിട്ടും പോലിസില്‍ നിന്നും നീതി ലഭിച്ചില്ലെന്ന് നാട്ടുകാരില്‍ ആക്ഷേപമുണ്ട്. വല്ലപ്പുഴ ഗ്രാമപഞ്ചായത്തില്‍ എസ്ഡിപിഐയുടെ വളര്‍ച്ചയില്‍ അരിശം പൂണ്ട ചില സാമ്പ്രദായിക രാഷ്ടീയ കക്ഷികള്‍ കഴിഞ്ഞ വര്‍ഷവും പട്ടാമ്പി എസ്‌ഐയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് വളരെ മോശമായ രീതിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുപ്പിച്ചിരുന്നതായി പറയുന്നു. കഴിഞ്ഞ ഡിസംബര്‍ ആറിന് നടന്ന ഒരു വഴക്കിനോടനുബന്ധിച്ച് 2 പേര്‍ക്കെതിരെ ഇതേരീതിയില്‍ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. അവര്‍ മുന്‍കൂര്‍ ജാമ്യമെടുത്തതോടെയാണ് പോലിസിനെ ഉപയോഗപ്പെടുത്തി ഇപ്പോള്‍ ഈ വിദ്യാര്‍ഥികള്‍ക്കെതിരെ തിരിഞ്ഞത്. പോലിസിന്റെ അന്യായമായ നടപടിയില്‍ പ്രതിഷേധിച്ച് പട്ടാമ്പി നഗരത്തില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് വന്‍ പ്രതിഷേധ പ്രകടനം നടന്നു. പ്രകടനത്തിന് എസ്ഡിപിഐ പട്ടാമ്പി മണ്ഡലം പ്രസിഡന്റ് റഷീദ് വിളയൂര്‍, സെക്രട്ടറി പി അഫ്‌സല്‍, വല്ലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബീരാന്‍കണ്ടേങ്കാട്ടില്‍, ഒ മുഹമ്മദ് കാരക്കാട് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it