kannur local

കൊലക്കേസില്‍ ആര്‍എസ്എസുകാരന്‍ 10 വര്‍ഷത്തിനു ശേഷം പിടിയില്‍

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ 10 വര്‍ഷത്തിനു ശേഷം പിടിയില്‍. അഴീക്കോട് മീന്‍കുന്ന് ധനേഷ് വധക്കേസിലെ ഒന്നാംപ്രതി അഴീക്കോട് ആറാങ്കോട്ടം മുടത്തില്‍പാറയില്‍ എ പി സ്വരൂപി(30)നെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ദിനേശന്റെ നേതൃതത്തിലുള്ള സംഘം പുതുച്ചേരി കടലൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 2008 ജനുവരിയില്‍ ധനേഷ് കൊല്ലപ്പെട്ട കേസില്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി വിചാരണ പൂര്‍ത്തിയാക്കി രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍ പോയ സ്വരൂപിനെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണു പിടികൂടിയത്. അഞ്ചു കവര്‍ച്ചക്കേസുകള്‍ ഉള്‍പ്പെടെ 10 ഓളം കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു. രണ്ടാംപ്രതി അഴീക്കോട് ആറാങ്കോട്ടം മുടത്തില്‍ പാറയില്‍ ഹൗസില്‍ എം പി പ്രജില്‍ (32), മൂന്നാംപ്രതി അഴീക്കോട് മന്ദേരപീടിക മുണ്ടച്ചാലി ഹൗസില്‍ എം വിജിത്ത് (32) എന്നിവരെയാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് (മൂന്ന്) ജഡ്ജി കെ എസ് രാജീവ് ശിക്ഷിച്ചിരുന്നത്. നാലു മുതല്‍ ഒമ്പതു വരെ പ്രതികളെ വെറുതെ വിടുകയായിരുന്നു. ഡിവൈഎഫ്‌ഐ മീന്‍കുന്ന് യൂനിറ്റ് പ്രസിഡന്റും മീന്‍കുന്ന് ഗോപാലന്‍ സ്മാരക മന്ദിരത്തിലെ യുവജന ക്ലബ് പ്രവര്‍ത്തകനുമായിരുന്നു ധനേഷ്. ബൈക്കില്‍ സുഹൃത്തിനൊപ്പം വീട്ടിലേക്കു പോകവെ 2008 ജനുവരി 12ന് രാത്രി മുച്ചിറിയന്‍കാവിനടുത്താണ് വെട്ടിക്കൊലപ്പെടുത്തിയത്. കണ്ണൂര്‍ ഭാരത് പെട്രോളിയം കമ്പനിയിലെ ടാങ്കര്‍ ലോറി തൊഴിലാളിയായിരുന്നു ധനേഷ്.
Next Story

RELATED STORIES

Share it