Editorial

കൊലക്കയറുമായി ഒരു ഭരണകൂടം

ജമാഅത്തെ ഇസ്‌ലാമിയുടെ അഭിവന്ദ്യനേതാക്കളിലൊരാളായ മുതീഉര്‍റഹ്മാന്‍ നിസാമിയെയുംകൂടി തൂക്കിലേറ്റിക്കൊണ്ട് ബംഗ്ലാദേശിലെ അവാമി ഭരണകൂടം രാഷ്ട്രീയ പ്രതികാരത്തിന്റെ വഴിയിലൂടെയുള്ള സഞ്ചാരം തുടരുകയാണ്. 73കാരനായ നിസാമി മറ്റു പലരെയും പോലെ 1971ലെ ആഭ്യന്തര കലാപത്തില്‍ പാകിസ്താനോടൊപ്പം നില്‍ക്കുകയും ബംഗ്ലാദേശ് വിഘടിച്ചുപോവുന്നതിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. അതിന്റെ പേരില്‍ അന്താരാഷ്ട്ര യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ എന്ന കപടനാമമുള്ള പ്രത്യേക കോടതി ഇതിനകം 13 പേരെ യുദ്ധക്കുറ്റമാരോപിച്ചു തൂക്കിലേറ്റിയിട്ടുണ്ട്. അതില്‍ നാലുപേര്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരായിരുന്നു. പ്രത്യേക കോടതി ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പാലിക്കേണ്ട മര്യാദകളൊന്നും പാലിക്കുന്നില്ലെന്ന് ബംഗ്ലാദേശിലെ വലിയൊരുവിഭാഗം ജനങ്ങള്‍ കരുതുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനകള്‍ യുദ്ധക്കുറ്റവാളികളെ ശിക്ഷിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതോടൊപ്പം ട്രൈബ്യൂണലിന്റെ പക്ഷപാതപരമായ നടപടികളെ ശക്തിയായി വിമര്‍ശിക്കുന്നുണ്ട്. പ്രതിഭാഗത്തിനു മതിയായ സാക്ഷികളെ ഹാജരാക്കാനോ പ്രോസിക്യൂഷന്റെ ആരോപണങ്ങള്‍ക്കു മറുപടി പറയാനോ ജഡ്ജിമാര്‍ സമ്മതിച്ചിരുന്നില്ല.
ബംഗ്ലാദേശ് പ്രക്ഷോഭകാലത്ത് ഒട്ടേറെ അക്രമങ്ങളും കൊലകളും നടന്നുവെന്നതില്‍ സംശയമില്ല. പാക് പട്ടാളത്തിന്റെ കൊടുംക്രൂരതകളെ പറ്റിയുള്ള ധാരാളം റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അതിനുത്തരവാദികളായവരെ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍, കുറ്റവാളികളില്‍ പാക് പട്ടാളക്കാരോ അവാമി ലീഗിനെ എതിര്‍ത്ത സംഘടനകളില്‍പ്പട്ടവരോ മാത്രമല്ല ഉണ്ടായിരുന്നത്. ബംഗ്ലാദേശ് സ്വതന്ത്രമായശേഷം സര്‍വാധികാരിയായി രാജ്യം വാണിരുന്ന ശെയ്ഖ് മുജീബുര്‍റഹ്മാന്‍ യുദ്ധക്കുറ്റം ചെയ്തവരെ വിചാരണ ചെയ്യാനുള്ള നീക്കത്തില്‍നിന്നു പിന്‍മാറുകയായിരുന്നു. ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരില്‍ അവാമി ലീഗ് നേതാക്കള്‍ തന്നെ ഉള്‍പ്പെട്ടിട്ടുണ്ടെന്നു തിരിച്ചറിഞ്ഞതായിരുന്നു പ്രധാന കാരണം. മുക്തിബാഹിനി എന്ന പേരിലുള്ള സായുധസംഘം ബിഹാറി വംശജരെയും പാക് അനുകൂലികളെയും കൊലചെയ്തതിന്റെ തെളിവുകള്‍ അന്നുതന്നെ പുറത്തുവന്നിരുന്നു. ബംഗ്ലാദേശ് സ്വാതന്ത്ര്യ പ്രക്ഷോഭത്തെക്കുറിച്ച് ആധികാരികമായ ചരിത്രരചന നടത്തിയ ശര്‍മിള ബോസിനെപ്പോലുള്ളവര്‍ ഇതു രേഖപ്പെടുത്തുന്നുണ്ട്.
ബംഗ്ലാദേശ് ദേശീയവാദികള്‍ കൊല്ലപ്പെട്ടവരുടെയും അതിക്രമങ്ങളുടെയും കണക്കുകള്‍ പെരുപ്പിച്ചുകാട്ടുകയാണെന്നു കരുതുന്ന പണ്ഡിതന്‍മാര്‍ ഏറെയുണ്ട്. ഹസീന വാജിദ് ഭരണകൂടം കുറ്റവാളികളെന്ന് അവര്‍ പ്രചരിപ്പിക്കുന്ന ചിലരെ മാത്രം തിരഞ്ഞുപിടിച്ച് ജയിലിലടയ്ക്കുകയോ തൂക്കിക്കൊല്ലുകയോ ചെയ്യുന്നത് വെറും പ്രതികാര ചിന്തമൂലമാണ്. നീതി നടപ്പാക്കുക എന്നതിനേക്കാള്‍ അവരുടെ ലക്ഷ്യം പ്രതിപക്ഷ സംഘടനകളെ ഒതുക്കുകയാണ്. പലതരം ദുരൂഹ സംഘങ്ങള്‍ രാജ്യത്ത് നടത്തുന്ന കൊലകള്‍ അതിന്റെ പ്രത്യാഘാതങ്ങളാണെന്നാണു കരുതപ്പെടുന്നത്. ഭരണകൂടത്തിന്റെ ഭാഗത്തു നിന്നു വരുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ പ്രതിഭീകരതയ്ക്കു വളംവയ്ക്കും. ഇസ്‌ലാമികപ്രവര്‍ത്തകരെ വേട്ടയാടുകയും തൂക്കിലേറ്റുകയും ചെയ്യുന്നത് രാജ്യത്ത് കുഴപ്പം വര്‍ധിപ്പിക്കുകയേ ഉള്ളൂ.
Next Story

RELATED STORIES

Share it