Flash News

കൊറിയന്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിസമാധാനത്തിന് ധാരണ

സിയോള്‍: കൊറിയന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മില്‍ ധാരണയായി. ഇതുസംബന്ധിച്ച കരാറില്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും ഒപ്പുവച്ചു. മേഖലയില്‍ സമ്പൂര്‍ണ ആണവ നിരായുധീകരണത്തിനും ഇരുരാഷ്ട്രനേതാക്കളും തമ്മില്‍ തീരുമാനമായി. 1950ല്‍ ആരംഭിച്ച കൊറിയന്‍ യുദ്ധത്തിന് അന്ത്യം കുറിക്കാനാണ് ഇരുനേതാക്കളുടെയും തീരുമാനം. മേഖലയുടെ സമാധാനത്തിനായി യുഎസ്, ചൈന എന്നീ രാഷ്ട്രങ്ങളോട് ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ഇരുവരും വ്യക്തമാക്കി.
ഉത്തര-ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയിലെ പാന്‍മുന്‍ജോം ഗ്രാമത്തിലാണ് ചരിത്രപരമായ കൂടിക്കാഴ്ച നടന്നത്. ലോകത്തെ ഏറ്റവും വലിയ ആയുധ വിന്യാസമുള്ള കൊറിയന്‍ അതിര്‍ത്തി 1953ന് ശേഷം കടക്കുന്ന ആദ്യ ഉത്തരകൊറിയന്‍ നേതാവു കൂടിയാണ് കിം ജോങ് ഉന്‍. ഇന്നലെ രാവിലെ അതിര്‍ത്തികള്‍ക്കിടയിലെ നോമാന്‍സ് ലാന്‍ഡിലെത്തിയ കിം ജോങ് ഉന്‍ നടന്നാണ് ദക്ഷിണ കൊറിയയിലേക്ക് കടന്നത്. കിം ജോങ് ഉന്നിനെ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ ഹസ്തദാനം ചെയ്തു സ്വീകരിച്ചു.
രാഷ്ട്രങ്ങള്‍ക്കിടയിലെ ബന്ധം ദൃഢമാക്കുന്ന നടപടികളുടെ ഭാഗമായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ഈ വര്‍ഷം ഉത്തരകൊറിയ സന്ദര്‍ശിക്കുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. കൊറിയന്‍ മേഖലയുടെ ഭാവി മുന്നില്‍ക്കണ്ടാണ് സമാധാനത്തിന്റെ പാത സ്വീകരിക്കുന്നതെന്ന് ഉന്‍ പ്രതികരിച്ചു.
ശൈത്യകാല ഒളിംപിക്‌സിനായി ദക്ഷിണ കൊറിയയിലെത്തിയ ഉത്തരകൊറിയന്‍ സംഘത്തെ നയിച്ച കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന ഒമ്പതംഗ സംഘമാണ് പ്രസിഡന്റിനൊപ്പം ഉത്തരകൊറിയയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഏപ്പോള്‍ വേണമെങ്കിലും ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന സാഹചര്യത്തില്‍നിന്നാണ് ലോകരാജ്യങ്ങളെ അമ്പരപ്പിച്ച് ഇരുകൊറിയകളും സമാധാന ചര്‍ച്ചയ്ക്കു തയ്യാറായത്.
കൊറിയന്‍ നേതാക്കളുടെ കൂടിക്കാഴ്ചയെ അഭിനന്ദിച്ച് യുഎന്നും വിവിധ രാഷ്ട്രത്തലവന്‍മാരും രംഗത്തെത്തി. സമാധാനത്തിനും കൊറിയകളുടെ ഐക്യത്തിനും വഴിവച്ച ചര്‍ച്ചയ്ക്കു തയ്യാറായ കൊറിയന്‍ നേതാക്കളുടെ ധീരതയെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ് അഭിനന്ദിച്ചു. നല്ല കാര്യങ്ങള്‍ സംഭവിക്കുന്നു, ബാക്കി കാലം തീരുമാനിക്കുമെന്നാണ് കൂടിക്കാഴ്ചയെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചത്. കൊറിയന്‍ യുദ്ധം അവസാനിച്ചതില്‍ യുഎസ് അടക്കമുള്ള രാഷ്ട്രങ്ങള്‍ സന്തോഷിക്കുന്നുവെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
യുഎസിനു പുറമെ ചൈന, ജപ്പാന്‍ തുടങ്ങിയ രാഷ്ട്രങ്ങളും തീരുമാനത്തെ സ്വാഗതം ചെയ്തു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സമാധാന തീരുമാനം ലോകവിപണിയിലും അനുകൂല ചലനങ്ങള്‍ സൃഷ്ടിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ദശാബ്ദങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ജനുവരിയിലാണ് ദക്ഷിണ കൊറിയയുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് കിം ജോങ് ഉന്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഫെബ്രുവരിയില്‍ നടന്ന ശീതകാല ഒളിംപിക്‌സിന് പ്രതിനിധികളെ അയക്കാന്‍ തീരുമാനിച്ചതോടെ സമാധാന പ്രവര്‍ത്തനങ്ങള്‍ക്കു വേഗം കൂടുകയായിരുന്നു. അടുത്തിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഹോട്ട്‌ലൈന്‍ ബന്ധവും പുനസ്ഥാപിച്ചിരുന്നു.
ഇരുകൊറിയകളും തമ്മില്‍ 2007ലാണ് അവസാനമായി ചര്‍ച്ച നടന്നത്. യുദ്ധത്തിനുശേഷം മൂന്നാംതവണയാണ് കൊറിയകള്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നത്. നേരത്തേ നടന്ന രണ്ടു ചര്‍ച്ചകളും ഉത്തര കൊറിയയിലായിരുന്നു. 1950ല്‍ ഉത്തര കൊറിയന്‍ സൈന്യം ദക്ഷിണ കൊറിയയിലേക്ക് അധിനിവേശം നടത്തിയതോടെയാണ് ഇരുരാഷ്ട്രങ്ങളും യുദ്ധം ആരംഭിച്ചത്. 1953ല്‍ സായുധ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ധാരണയിലെത്തിയെങ്കിലും നീണ്ട 65 വര്‍ഷമായി ഇരുരാജ്യങ്ങളും തമ്മില്‍ സാങ്കേതികമായി യുദ്ധത്തിലായിരുന്നു.
Next Story

RELATED STORIES

Share it