World

കൊറിയന്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

പ്യോങ്യാങ്/സോള്‍: ഉത്തര-ദക്ഷിണ കൊറിയന്‍ രാഷ്ട്രത്തലവന്‍മാര്‍ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സൈനികമുക്ത മേഖലയിലായിരുന്നു ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും കൂടിക്കാഴ്ച നടത്തിയത്. യുഎസ് ഉത്തരകൊറിയ ഉച്ചകോടി റദ്ദാക്കിയതിനെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായാണ് കൂടിക്കാഴ്ചയെന്നാണു റിപോര്‍ട്ട്.
ഉത്തരകൊറിയയുമായി അടുത്തമാസം 12ന് നിശ്ചയിച്ച ഉച്ചകോടി റദ്ദാക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യുഎസുമായി ഇപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഉത്തരകൊറിയ അറിയിക്കുകയും ഈ പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ ഉച്ചകോടിക്കുള്ള സാധ്യത പൂര്‍ണമായും അടഞ്ഞിട്ടില്ലെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ട്രംപ് കിം ഉച്ചകോടി മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ഉറപ്പിക്കാനാണ് ഇന്നലത്തെ പെട്ടെന്നുള്ള കൂടിക്കാഴ്ചയെന്ന് ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉച്ചകോടി പ്രഖ്യാപിച്ചിരുന്നെങ്കിലും യുഎസിനും ഉത്തരകൊറിയക്കുമിടയില്‍ അഭിപ്രായ ഭിന്നത രൂപപ്പെട്ട സാഹചര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ ദക്ഷിണകൊറിയ സന്നദ്ധത അറിയിച്ചിരുന്നു. 12ന് സിംഗപൂരില്‍ കിം-ട്രംപ്് ഉച്ചകോടി നടക്കുമെന്നതിന്റെ സൂചനയാണ് ദക്ഷിണ- ഉത്തര കൊറിയകളുടെ അപ്രതീക്ഷിത നടപടി വ്യക്തമാക്കുന്നതെന്നാണ് വിലയിരുത്തല്‍. ഏതാനും ആഴ്ചയ്ക്കിടെ രണ്ടാം തവണയാണ് കിമ്മും മൂണ്‍ ജെ എന്നും കൂടിക്കാഴ്ച നടത്തുന്നത്. ഏപ്രില്‍ അവസാനം സൈനികമുക്ത മേഖലയിലെ പാന്‍മുന്‍ജോം ഗ്രാമത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ കൊറിയകള്‍ക്കിടയിലെ യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കാന്‍ ഇരു നേതാക്കളും ധാരണയിലെത്തിയിരുന്നു. ചര്‍ച്ചയില്‍ തീരുമാനിച്ച പ്രകാരം ഉത്തരകൊറിയ തങ്ങളുടെ ആണവ പരീക്ഷണ കേന്ദ്രം ഏതാനും ദിവസം മുമ്പ് തകര്‍ക്കുകയും ചെയ്തു.
പാന്‍ മുന്‍ ജോം ചര്‍ച്ചയിലെ തീരുമാനങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ ഇന്നലെ പരിഗണിച്ചതായി മൂണ്‍ ജെ ഇന്നിന്റെ വക്താവ് അറിയിച്ചു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇന്നു പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it