World

കൊറിയന്‍ അതിര്‍ത്തിയിലെ 22 സൈനികതാവളങ്ങള്‍ ഉപേക്ഷിക്കാന്‍ ധാരണ

സോള്‍: അതിര്‍ത്തിയിലെ 11 വീതം സൈനികതാവളങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മില്‍ തീരുമാനമായി. ഭാവിയില്‍ അതിര്‍ത്തിയിലെ സൈന്യത്തെ മുഴുവന്‍ പിന്‍വലിക്കുന്നതിന് മുന്നോടിയായാണു പുതിയ കരാര്‍. സൈനിക നിരോധിത മേഖലയായ പാന്‍മുഞ്ചോമില്‍ ഇരു രാജ്യങ്ങളുടെയും ജനറലുകളാണ് കരാറില്‍ ഒപ്പുവച്ചത്.
കഴിഞ്ഞ മാസാവസാനം ഉത്തരകൊറിയയിലെ പ്യോങ്‌യാങില്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ അതിര്‍ത്തിയിലെ ആശങ്ക ലഘൂകരിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും സൈനികതാവളങ്ങള്‍ വെട്ടിക്കുറച്ചത്. ഇരുരാജ്യങ്ങളിലെയും 11 സൈനികതാവളങ്ങളില്‍ നിന്നുള്ള മുഴുവന്‍ സൈനികരെയും ആയുധങ്ങളും പിന്‍വലിച്ചു.
കൂടാതെ യുഎസ് നേതൃത്വം നല്‍കുന്ന യുഎന്‍ സൈന്യത്തെയും അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് പിന്‍വലിച്ചിരിക്കുകയാണ്. നവംബര്‍ അവസാനത്തോടെ സൈനികതാവളങ്ങള്‍ നശിപ്പിക്കുകയും ചെയ്യും. ഡിസംബറില്‍ ഇരുകൊറിയകളും നടപടികളിലെ ഫലം വിശകലനം ചെയ്യും.

Next Story

RELATED STORIES

Share it