thrissur local

കൊരട്ടി ഗവ. പ്രസ് നാസിക്കിലേക്ക് ലയിപ്പിക്കുന്ന നടപടിയുടെ സ്റ്റേ ജൂലൈ വരെ നീട്ടി

ചാലക്കുടി: കൊരട്ടി ഗവ. പ്രസ് നാസിക്കിലേക്ക് ലയിപ്പിക്കുന്നത് സംബന്ധിച്ച സ്റ്റേ നടപടി ജൂലൈ മാസവസാനം വരെ നീട്ടി. കൊരട്ടി പ്രസ് അടച്ചുപൂട്ടി ഇവിടത്തെ ജീവനക്കാരെ മാറ്റുന്നതടക്കമുള്ള കാര്യങ്ങളുടെ സ്റ്റേനടപടികളാണ് ജൂലൈ വരെ നീട്ടിയിരിക്കുന്നത്. നേരത്തെ ഈ നടപടി ഫെബ്രുവരി വരെനീട്ടി നല്‍കിയിരുന്നു. കാലാവധി കഴിയാറായതോടെ ജീവനക്കാരുടെ സംഘടനയുടെ നേതൃത്വത്തില്‍ വീണ്ടും കോടതിയെ സമീപിച്ചതോടെയാണ് സ്റ്റേ നടപടി ജൂലൈ വരെനീട്ടി നല്കിയിരിക്കുന്നത്.
അതേസമയം കൊയമ്പത്തൂരിലെ ഗവ. പ്രസ് നിലനിര്‍ത്താനുള്ള സാധ്യതയേറിയിട്ടുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ കൊരട്ടിയിലെ ഗവ. പ്രസ് നിര്‍ത്തിയാലും ജീവനക്കാര്‍ക്ക് കൊയമ്പത്തൂര്‍ പ്രസ്സില്‍ ജോലിനോക്കാമെന്നത് ജീവനക്കാര്‍ക്ക് താല്‍കാലിക ആശ്വാസം നല്കുന്നുണ്ട്. കൊയമ്പത്തൂരിലെ പ്രസ് നിലനിര്‍ത്തിയില്ലെങ്കില്‍ കൊരട്ടി പ്രസ്സിലെ ജീവനക്കാര്‍ക്ക് നാസിക്കിലേക്ക് പോകേണ്ട അവസ്ഥയുണ്ടാകും.
കേന്ദ്രമന്ത്രിയായിരുന്ന പനമ്പിള്ളി  ഗോവിന്ദമേനോന്റെ ശ്രമഫലമായാണ് 51 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊരട്ടിയില്‍ ഗവ. പ്രസ് ആരംഭിച്ചത്. കറന്‍സി നോട്ടുകളടക്കമുള്ള സംവിധാനങ്ങളോട് കൂടിയുള്ള പ്രസ്സാണ് അന്ന് ആരംഭിച്ചത്. എന്നാല്‍ തപാല്‍ സ്റ്റാമ്പ്, റെയില്‍വേ-സെയില്‍സ് ടാക്‌സ് എന്നീ വകുപ്പുകള്‍ക്കാവശ്യമായ വിവിധ ഫോമുകള്‍ അച്ചടിക്കുന്ന പ്രസ്സായി കൊരട്ടി ഗവ.പ്രസ്സ് ഒതുങ്ങി. ഇവിടത്തെ അച്ചടി മികവിന് പരിഗണിച്ച് പ്രസ്സ് വിപുലീകരിക്കാനും നടപടിയുണ്ടായി.
പ്രസ്സിന്റെ ആധുനികവല്‍കരണത്തിന്റെ ഭാഗമായി 333 പുതിയ തസ്തികകളും ഇവിടെ അനുവദിച്ചിരുന്നു. ഈ സാഹചര്യത്തില്‍140 തസ്തികളിലേക്ക് നിയമനം നടത്താന്‍ 2007ല്‍ അപേക്ഷ ക്ഷണിച്ചു. നടപടികള്‍ പുരോഗമിക്കുന്നതിനിടെ 2008 ഏപ്രില്‍ മാസത്തില്‍ നിയമന നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് ഉത്തരവിറങ്ങി. പിന്നീട് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം നിരോധനം നീങ്ങിയതോടെ 2013ല്‍ വീണ്ടും നിയമനം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവായി. കൊരട്ടി ഗവ. പ്രസ്സിനൊപ്പം രാജ്യത്തെ 12 പ്രസ്സുകള്‍ക്കും ഇത്തരത്തിലുള്ള നിയമനം സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ലഭിച്ചു. 441പോസ്റ്റുകളിലേക്കുള്ള നിയമനത്തിന്റെ നോട്ടിഫിക്കേഷനാണ് കൊരട്ടി പ്രസ്സിന് ലഭിച്ചത്. ആയിരക്കണക്കിനാളുകള്‍ ഒഴിവുകളിലേക്ക് അപേക്ഷിച്ചു. ഇതിന്റെ പ്രവര്‍ത്തികള്‍ അതിവേഗം നടക്കുന്നതിനിടെ ഡിംസബറില്‍ അപ്രതീക്ഷിതമായി നിയമനം നിര്‍ത്തിവയ്ക്കാന്‍ വീണ്ടും ഉത്തരവിറങ്ങി. അതോടെ പ്രസ്സിന്റെ ഉന്നതിയെ കുറിച്ചുള്ള പ്രതീക്ഷ ഇല്ലാതായി.
നിയമനം നടത്താതിനെ തുടര്‍ന്ന് ഇപ്പോള്‍ 24ഓളം ജീവനക്കാര്‍ മാത്രമാണ് ഇവിടെയുള്ളത്. ജീവനക്കാരെ പിരിച്ചുവിടാതെ മറ്റു പ്രസ്സുകളിലേക്ക് ലയിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കേരളത്തില്‍ ഇനി സര്‍ക്കാര്‍ പ്രസ്സുകള്‍ ഉണ്ടാകില്ലെന്നതിനാല്‍ റിട്ടയര്‍ പ്രായത്തോട് അടുത്തുള്ള ജീവനക്കാര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ പ്രസ്സുകളിലേക്ക് പോകേണ്ടി വരുമോയെന്ന ആശങ്കയിലാണ്.
എന്നാല്‍ കൊയമ്പത്തൂരിലുള്ള ഗവ.പ്രസ്സ് നിലനിര്‍ത്തുമെന്ന സൂചന ഇവിടത്തെ ജീവനക്കാര്‍ക്ക് ആശ്വാസം നല്കുകയാണ്. തുടര്‍ നിയമനം നാസിക്കിലിന് പകരം കൊയമ്പത്തൂരില്‍ ലഭിക്കുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ. കൊരട്ടി പ്രസ്സടക്കം രാജ്യത്തെ ഒമ്പത് പ്രസ്സുകള്‍ അടച്ച് പൂട്ടാനുള്ള ശ്രമത്തിലാണ് അധികൃതര്‍. പ്രസ്സുകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് 31 എംപിമാര്‍ അടങ്ങിയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രസ്സുകളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പാര്‍ലിമെന്റ് കമ്മിറ്റി നേര്‍ത്തെ തള്ളിയിരുന്നു. സര്‍ക്കാര്‍ പ്രസ്സുകള്‍ നവീകരിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നാണ് കമ്മിറ്റി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പാര്‍ലിമെന്ററി കമ്മിറ്റിയുടെ ഈ റിപ്പോര്‍ട്ടിനാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വിലകല്‍പ്പിക്കാത്തത്. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സ്റ്റേ താത്കാലികമാണെന്നും കൊരട്ടി ഗവ. പ്രസ് ഇനി ഓര്‍മ്മ മാത്രമാകുമെന്നും ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും അറിയാം. ഒരു കാലത്ത് കൊരട്ടിയുടെ പ്രതാഭമായിരുന്ന വൈഗ ത്രെഡ്‌സ് അടച്ചുപൂട്ടിയത് പോലെ ഗവ. പ്രസിനും പൂട്ടൂമോയെന്ന ആശങ്ക നാട്ടുകാര്‍ക്കുമുണ്ട്. രാഷ്ട്രീയ നേതാക്കളുടെ കാര്യമായ ഇടപെടലുണ്ടായാല്‍ പ്രസ്സ് നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ജീവനക്കാരും നാട്ടുകാരും.
Next Story

RELATED STORIES

Share it