കൊരട്ടിയില്‍ എ.ടി.എം. മെഷീന്‍ കുത്തിപ്പൊളിച്ച് കവര്‍ച്ചാശ്രമം

ചാലക്കുടി: ദേശീയപാതയില്‍ കൊരട്ടി ചിറങ്ങരയിലെ കേരള ഗ്രാമീണബാങ്കിന്റെ എ.ടി.എം. മെഷീന്‍ കുത്തിപ്പൊളിച്ച് കവര്‍ച്ചാശ്രമം.  ഇന്നലെ രാത്രി 11.30 നും രാവിലെ 7നും ഇടയ്ക്കാണു കവര്‍ച്ചാശ്രമം ഉണ്ടായിട്ടുള്ളത്. രാവിലെ 7ന് കൗണ്ടറിലെത്തിയ ഇടപാടുകാരനാണു കുത്തിത്തുറക്കാന്‍ ശ്രമം നടത്തിയതായി കണ്ടെത്തിയത്. മെഷീന്റെ ഭാഗങ്ങള്‍ തകര്‍ക്കാനുള്ള ശ്രമത്തില്‍ താഴെവീണു കിടന്നിരുന്നു. വിവരം അറിയിച്ചതനുസരിച്ച് ചാലക്കുടി സി.ഐ. ബാബു തോമസിന്റെ നേതൃത്വത്തില്‍ പോലിസ് എത്തി അന്വേഷണം തുടങ്ങി.
തൃശൂരില്‍ നിന്ന് ഫോറന്‍സിക് വിദഗ്ധരും വിരലടയാളവിദഗ്ധരും പോലിസ്‌നായയും അന്വേഷണത്തിനെത്തിയിട്ടുണ്ട്. എ.ടി.എം. കൗണ്ടറിലെ സി.സി.ടി.വി. കാമറയും എ.ടി.എം. മെഷീനിലെ കാമറയും പ്രവര്‍ത്തിച്ചിരുന്നു. അതു പരിശോധിച്ച് തെളിവു ശേഖരിക്കാനും പ്രതിയെ കണ്ടെത്താനും പോലിസ് ശ്രമം തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രത്യേകിച്ച് തൃശൂര്‍ ജില്ലയിലും നടന്നുവരുന്ന ബാങ്ക് കവര്‍ച്ച, എ.ടി.എം. കൗണ്ടര്‍ കവര്‍ച്ചകളുടെ ഒടുവിലത്തെ സംഭവമാണു ചിറങ്ങരയിലുണ്ടായത്.  ജില്ലയി ല്‍ വിലസുന്ന കവര്‍ച്ചസംഘത്തിനായി പോലിസ് ഊര്‍ജിതമായ അന്വേഷണം തുടരുമ്പോഴും കവര്‍ച്ചാശ്രമവും തുടരുകയാണ്.
തൃശൂരില്‍ വെളിയന്നൂരില്‍ എ.ടി.എം. കൗണ്ടര്‍ പൊളിച്ച് 26 ലക്ഷം രൂപ കവര്‍ന്ന സംഘത്തെ പോലിസിനു പിടികൂടിയിരുന്നു. കോലഴിയില്‍ എസ്.ബി.ടിയുടെ എ.ടി.എം. കൗണ്ടര്‍ കാറില്‍ കെട്ടിവലിച്ചിളക്കി കവര്‍ച്ചയ്ക്കുള്ള വിഫലശ്രമത്തിലും തുമ്പൊന്നും പോലിസിന് ലഭിച്ചിട്ടില്ല. തൃശൂരില്‍ കോര്‍പറേഷന്‍ ഓഫിസ് റോഡില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും അയോധ്യ ജ്വല്ലറിയുടെയും ചുമര്‍ തുരന്നുള്ള കവര്‍ച്ചാശ്രമത്തിലെ പോലിസ് അന്വേഷണത്തിനും തുമ്പുണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it