Kottayam Local

കൊയ്ത്ത് യന്ത്ര വാടക വ്യത്യസ്ത നിരക്കില്‍ ; ചൂഷണം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തം



കുമരകം: വര്‍ഷ കൃഷിയുടെ കൊയ്ത്ത് ആരംഭിച്ചതോടെ അന്യ സംസ്ഥാനത്തു നിന്നു കൊയ്ത്ത് യന്ത്രം എത്തിക്കുന്ന ഏജന്റുമാരുടെ കര്‍ഷക ചൂഷണത്തിനും തുടക്കമായി. പല പാടശേഖരങ്ങളിലും പല വാടക നിരക്കു വാങ്ങിയാണ് കൊയ്ത്ത് യന്ത്ര ഏജന്റുമാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത്.മണിക്കൂറിനു 1400 രൂപ വാടകയ്ക്കു നല്‍കേണ്ട കൊയ്ത്ത് മെഷീന്‍ ഇപ്പോള്‍ 1850 രൂപ വരെ വാങ്ങിയാണ് ഏര്‍പ്പാടാക്കുന്നത്. കൊയ്ത്ത് വ്യാപകമാവുന്നതോടെ വാടക 2000 മുതല്‍ 2200 വരെ വാങ്ങുന്നതാണ് കര്‍ഷകരുടെ മുന്‍ അനുഭവം. പാലക്കാട്ട് കൊയ്ത്ത് നടക്കുന്നതിനാല്‍ മെഷീനു ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതും ഡീസല്‍ വില വര്‍ധനവുമാണ് ഏജന്റുമാര്‍ വാടക കൂട്ടുന്നതിനു നല്‍കുന്ന വിശദീകരണം.മാത്രമല്ല കുട്ടനാട് പാടങ്ങളില്‍ കൊയ്ത്തു മെഷീന്‍ താഴുമെന്നും ഇതിനാല്‍ കൂലി കൂടുതല്‍ നല്‍കണമെന്നും ഏജന്റുമാര്‍ ആവശ്യപ്പെടുന്നു. സമീപ പാടത്തും വ്യത്യസ്ത നിരക്കിലാണ് വാടക ഈടാക്കുന്നത്. കുമരകം വടക്കുംഭാഗത്ത് മൂലേപ്പാടത്തെ കൊയ്ത്തിനു മെഷീന്‍ വാടക മണിക്കൂറിനു 1840 രൂപയ്ക്കാണ് കഴിഞ്ഞ ആഴ്ച കരാര്‍ നല്‍കിയത്. എന്നാല്‍ സമീപത്തുള്ള ഇടവട്ടം പാടത്ത് വാടക 1790 രൂപയായിരുന്നു. ഒരേ കമ്പനിയുടെ തന്നെ ഒരേ ഇനം മെഷീനാണ് പല നിരക്ക് ഈടാക്കി കര്‍ഷകരെ ചൂഷണം ചെയ്യുന്നത്. ഇത് ഒഴിവാക്കാന്‍ ജില്ലാതല യോഗം കൃഷി വകുപ്പ് വിളിച്ചുകൂട്ടി ഓരോ സീസണിലും നല്‍കേണ്ട കൊയ്ത്ത് യന്ത്ര വാടക നിശ്ചയിക്കുക. കൊയ്ത്ത് യന്ത്ര ഉടമകളേയും ഏജന്റുമാരേയും കൂടി പങ്കെടുപ്പിച്ച് ചര്‍ച്ച ചെയ്ത് യന്ത്രവാടക തീരുമാനിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Next Story

RELATED STORIES

Share it