palakkad local

കൊയ്ത്തുയന്ത്രവാടക ക്രമീകരണമില്ല: സര്‍ക്കാര്‍ നെല്ലെടുക്കുന്നുമില്ല

നെന്മാറ: നെന്‍മാറ, അയിലൂര്‍, കയ്പഞ്ചേരി പാടശേഖരങ്ങളില്‍ കൊയ്ത്ത് തുടങ്ങിയെങ്കിലും സപ്ലൈകോ നെല്ലു സംഭരണം തുടങ്ങാനാവാത്തത് കര്‍ഷകരെ വലയ്ക്കുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്നു വന്നെത്തിയ കൊയ്ത്തു യന്ത്രം ഉപയോഗിച്ച് കൊയ്ത്ത് നടക്കുന്നുണ്ടെങ്കിലും നാമമാത്ര കര്‍ഷകര്‍ ആളുകളെകൊണ്ടും കൊയ്ത്തു നടത്തുന്നുണ്ട്. കൊയ്ത്തുയന്ത്രങ്ങളുടെ വാടകയില്‍ ഏകീകരണമില്ലെന്ന പരാതിയും കര്‍ഷകര്‍ക്കിടയിലുണ്ട്. കഴിഞ്ഞ സീസണില്‍ പഞ്ചായത്ത് തലത്തിലുള്ള കര്‍ഷകര്‍ ഒത്തുകൂടി കൊയ്ത്തുയന്ത്രങ്ങളുടെ പലതരം വാടക വാങ്ങുന്ന രീതി മാറ്റി, ഏകീകരണം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ഇത്തവണ ചെളിയില്‍ ഇറങ്ങുന്ന ചെയിന്‍ ഘടിപ്പിച്ച കൊയ്ത്ത് യന്ത്രത്തിന് 2000 രൂപയും ടയറുള്ള കൊയ്ത്തുയന്ത്രത്തിന് 1600 രൂപയുമാണ് വാങ്ങുന്നത്. ഇതിനു പിന്നില്‍ ഏജന്റുമാരുടെ കളികളാണെനും കര്‍ഷകര്‍ പറയുന്നു. ചെറിയതോതില്‍ പാടശേഖരങ്ങളില്‍ വെള്ളമുള്ളതിനാല്‍ ചെയിന്‍ ഘടിപ്പിച്ച കൊയ്ത്തുയന്ത്രമാണ് ഉപയോഗി—ക്കുന്നത്.
സര്‍ക്കാര്‍ നെല്ലുസംഭരണം വേഗത്തിലാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇന്നേവരെ സംഭരണത്തെ സംബന്ധിച്ച് വ്യക്തതയില്ല. കൊയ്ത നെല്ല് കളപ്പുരകളില്‍ ശേഖരിച്ചെങ്കിലും സ്വകാര്യമില്ലുകാര്‍ക്ക് നെല്ലളക്കുന്നതിനും കര്‍ഷകര്‍ തയാറാവുകയാണ്. ചെറുകിട കര്‍ഷകര്‍ക്ക് നെല്ല് സൂക്ഷിക്കാനുള്ള സൗകര്യങ്ങളില്ലാത്തതിനാല്‍ ഈ അവസരം സ്വകാര്യമില്ലുകാര്‍ മുതലെടുക്കുന്നു.
സിവില്‍ സപ്ലൈസ് നെല്ലളക്കുന്നതിന്റെതായ യോഗം എറണാകുളത്ത് കൂടണമെന്നും പിന്നീട് തീരുമാനമായില്ലെന്നതുമായ അറിവ് കര്‍ഷകരെ ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ്. കനത്ത മഴയില്‍ വിള വെള്ളത്തിനടിയിലായതിനാല്‍ നെല്ലിനെ ഗുണനിലവാരം കുറവാണെന്നു പറഞ്ഞ് വില കുറച്ചെടുക്കാനുള്ള തന്ത്രവും സ്വകാര്യ മില്ലുകാര്‍ നടത്തുന്നുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. ഉണക്കുഭീഷണിയെ തുടര്‍ന്ന് ജലസേചന സൗകര്യമൊരുക്കിയതിനും മറ്റുമായ ചെലവ് വിളയില്‍ തിരിച്ചുപിടിക്കാമെന്നു കരുതിയ കര്‍ഷര്‍ വിലക്കുറവില്‍ സ്വകാര്യമില്ലുകാര്‍ക്ക് നെല്ലളക്കേണ്ട സാഹചര്യത്തിലാണ്.
കടം വാങ്ങിയും മറ്റും കളപറിച്ചു മാറ്റിയും വളപ്രയോഗം നടത്തിയും രാത്രികാലങ്ങളില്‍ കാട്ടുപന്നികള്‍ക്കും പകലന്തിയോളം മയിലുകള്‍ക്കും കാവലിരുന്ന കര്‍ഷകനെ ഇന്നും കുമ്പിളിലാണ് കഞ്ഞിയെന്ന സ്ഥിതിയാണ്. നെല്ലിന്റെ താങ്ങുവില ഉയര്‍ത്തി നെല്ലുസംഭരണം വേഗത്തിലും സുഗമവുമാക്കാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യം കര്‍ഷകര്‍ക്കിടയില്‍ ശക്തമാണ്.
Next Story

RELATED STORIES

Share it