wayanad local

കൊയിലേരി പാലം നാടിനു സമര്‍പ്പിച്ചു

മാനന്തവാടി: ഗതാഗത പ്രശ്‌നങ്ങളാല്‍ വര്‍ഷങ്ങളായി ദുരിതനുഭവിക്കുന്ന കൊയിലേരി പ്രദേശവാസികളുടെ സ്വപ്‌നം സാക്ഷാല്‍ക്കരിച്ച് കൊയിലേരി പാലം നാടിന് സമര്‍പ്പിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ പാലത്തിന്റെ ഉദ്ഘാടനം മന്ത്രി പി കെ ജയലക്ഷ്മി നിര്‍വഹിച്ചു.
ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രം സുഗമമായി കടന്നുപോവാന്‍ കഴിയുന്ന ഇടുങ്ങിയ പാലമായിരുന്നു ഇവിടെ ആദ്യം. വലിയ വാഹനങ്ങള്‍ കടന്നുപോവും വിധം നബാര്‍ഡ് സ്‌കീമില്‍ ഒമ്പതു കോടി രൂപയാണ് പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായി അനുവദിച്ചത്. ഇതില്‍ ആറു കോടി രൂപ ചെലവഴിച്ച് പാലം നിര്‍മാണം പൂര്‍ത്തിയാക്കി. 19.32 മീറ്റര്‍ നീളമുള്ള നാലു സ്പാനോടു കൂടി നിര്‍മിച്ച പാലത്തിന്റെ ആകെ നീളം 77.40ഉം വീതി 11.05ഉം മീറ്ററാണ്. 1.50 മീറ്റര്‍ വീതിയിലുള്ള ഫുട്പാത്തും ഇതില്‍ ഉള്‍പ്പെടുന്നു. കൊയിലേരി ഭാഗത്ത് 66 മീറ്ററും കമ്മന ഭാഗത്ത് 4.65 കിലോമീറ്ററും വീതി കൂട്ടി ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കുകയും ചെയ്തിട്ടുണ്ട്. പാലത്തിലൂടെയുള്ള ഗതാഗതം സാധ്യമാവുന്നതോടെ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ബാണാസുരസാഗര്‍ ഡാം, കുറുവാ ദ്വീപ് എന്നിവയെ ബന്ധിപ്പിക്കുന്നതിനുള്ള പ്രധാന പാതയായി കൊയിലേരി മാറും.
മാനന്തവാടി ടൗണില്‍ എത്താതെ തന്നെ കുറ്റിയാടി ഭാഗത്തു നിന്നെത്തുന്നവര്‍ക്ക് നാലാംമൈല്‍, കമ്മന വഴി കുറുവാദ്വീപ്, വള്ളിയൂര്‍ക്കാവ്, പുല്‍പ്പള്ളി എന്നീ പ്രദേശങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കും. ദൂരവും യാത്രയും കുറച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ ലക്ഷ്യത്തിലെത്താന്‍ ഇതു സഹായകമാവും. വിനോദസഞ്ചാരത്തിന് വയനാട് തിരഞ്ഞെടുക്കുന്ന വിദേശീയരും തദ്ദേശീയരുമായ സന്ദര്‍ശകര്‍ക്ക് പാലം ഏറെ പ്രയോജനപ്രദമാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയായ ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന്‍, വൈസ് പ്രസിഡന്റ് കെ ജെ പൈലി പങ്കെടുത്തു.
Next Story

RELATED STORIES

Share it