kozhikode local

കൊമ്മേരിയിലും പരിസരത്തും ലഹരിവില്‍പന വ്യാപകം; നിരവധി യുവാക്കള്‍ ലഹരി മാഫിയയുടെ പിടിയില്‍

കോഴിക്കോട്: കൊമ്മേരിയിലും പരിസരത്തും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ വില്‍പനയും ഉപയോഗവും വ്യാപകമെന്ന് പരാതി. നിരവധി യുവാക്കളാണ് ലഹരി മാഫിയയുടെ പിടിയിലകപ്പെട്ടത്. സമീപ പ്രദേശങ്ങളിലുള്ളവരും ലഹരി ഉപയോഗിക്കാനായി ഇവിടെ എത്തുന്നുണ്ട്. ഇവരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷവും പതിവായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ദിവസത്തിലും തലേന്നും വെസ്റ്റ് കൊമ്മേരിയിലും കൊമ്മേരി അങ്ങാടിയിലും വച്ച് പൊതുപ്രവര്‍ത്തകര്‍ക്കു നേരെ മാഫിയാ സംഘത്തിന്റെ ആക്രമണമുണ്ടായി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് പി പി നൗഷീര്‍, എം വി സിദ്ദീഖ് എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അക്രമികള്‍ക്കെതിരേ പരാതി നല്‍കിയെങ്കിലും പോലിസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ലഹരിക്ക് അടിമകളായ കുട്ടികളുടെ എണ്ണം വര്‍ധിച്ചതോടെ പ്രശ്‌നം പരിഹരിക്കാന്‍ 30ാം ഡിവിഷന്‍ കൗണ്‍സിലറും കോര്‍പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ എം സി അനില്‍കുമാര്‍ രക്ഷാധികാരിയായി നാട്ടുകാര്‍ കൂട്ടായ്മയ്ക്ക് രൂപം നല്‍കി. ലഹരി വിമുക്ത ജനകീയ കമ്മിറ്റി കൊമ്മേരി എന്ന പേരില്‍ രൂപീകരിച്ച കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തനമുള്‍പ്പെടെയുള്ളവ ആസൂത്രണം ചെയ്തിട്ടുണ്ട്. ഡിവിഷനെ നാല് ഭാഗങ്ങളായി തിരിച്ചാണ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുക. പ്രസിഡന്റായി അസീസ് ബാബുവിനെയും സെക്രട്ടറിയായി ഒ എം അശോകനെയും ഖജാഞ്ചിയായി യു സജീറിനെയും തിരഞ്ഞെടുത്തു.
പ്രദേശത്തെ രാഷ്ട്രീയ, കലാ സാംസ്‌കാരിക, കായിക, സാമൂഹിക സംഘടനകളും മുഴുവന്‍ റസിഡന്റ്‌സ് അസോസിയേഷനുകളും കമ്മിറ്റിയില്‍ അംഗങ്ങളാണ്. കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ വൈകീട്ട് നാലിന് കൊമ്മേരി ബസാറില്‍ ബോധവല്‍ക്കരണ റാലിയും ക്ലാസ്സും സംഘടിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it