Sports

കൊമ്പന്‍മാരെ കുരുക്കി മുംബൈ

എം എം സലാം

കൊച്ചി: ഇരമ്പിയാര്‍ത്ത അറുപതിനായിരത്തിലധികം  കാണികള്‍ക്കു മുന്നില്‍  തുടര്‍ച്ചയായ രണ്ടാം ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് മുംബൈ സിറ്റി എഫ്.സിയുടെ ഗോള്‍രഹിത സമനിലപ്പൂട്ട്. മുംബൈ പ്രതിരോധത്തിനു മുന്നില്‍  തന്ത്രങ്ങളുടെ   മുനയൊടിഞ്ഞതും ദുര്‍ബലമായ ആക്രമണങ്ങളുമാണ് ബ്ലാസ്റ്റേഴ്‌സിനു രണ്ടാം മല്‍സരത്തില്‍ വിരസ സമനില സമ്മാനിച്ചത്. ബ്ലാസ്‌റ്റേഴ്‌സ് ഗോളി ബൈവാട്ടിന്റെ മിന്നുന്ന രക്ഷപ്പെടുത്തലുകളാണ് ഗോള്‍ വഴങ്ങാതെ  ബ്ലാസ്‌റ്റേഴ്‌സിനെ തുണച്ചത്.പ്രതിരോധത്തിലൂന്നി കേരളംആദ്യ കളിയിലെ മിന്നും ജയം നല്‍കിയ കരുത്തുമായി പ്രതിരോധത്തിനു മുന്‍തൂക്കം നല്‍കുന്ന 5-3-2 ശൈലിയിലാണ് കേരളം മുംബൈക്കെതിരേ ബൂട്ട് കെട്ടിയത്. മറുവശത്ത് 4-4-2 ശൈലിയില്‍ മുംബൈയും കേരളത്തിനെതിരേ അണിനിരന്നു.

തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും മലയാളി താരം സി കെ വിനീത് ആദ്യ ഇലവനില്‍ സ്ഥാനം നേടിയപ്പോള്‍ ആദ്യ മല്‍സരത്തില്‍ രണ്ടാം ഗോള്‍ നേടി കാണികളുടെ മനം കവര്‍ന്ന മുഹമ്മദ് റാഫി പകരക്കാരുടെ ബെഞ്ചിലായിരുന്നു. റാഫിക്ക് പകരം ഇന്ത്യന്‍ താരം മനന്‍ദീപ് സിങ്ങാണ് ക്രിസ് ഡാഗ്‌നലിനൊപ്പം മുന്നേറ്റത്തിനിറങ്ങിയത്. കൂടാതെ ആദ്യ മല്‍സരത്തില്‍ നിന്ന് രണ്ടു വ്യത്യാസം കൂടി ടീമില്‍ വരുത്തിയിരുന്നു. ഹോസു പ്രീറ്റോയ്ക്ക് പകരം വിക്ടര്‍ ഫോര്‍കാഡയും പീറ്റര്‍ കാര്‍വാലോയ്ക്ക് പകരം ഗുര്‍വിന്ദര്‍ സിങ്ങും ആദ്യ ഇലവനില്‍ സ്ഥാനം നേടി. റാഫിക്ക് പകരം ഇന്ത്യന്‍ താരം മനന്‍ദീപ് സിങ്ങാണ് ക്രിസ് ഡാഗ്‌നലിനൊപ്പം ആക്രമണത്തിനു ചുക്കാന്‍ പിടിച്ചത്. കടന്നാക്രമിച്ച് മുംബൈമുംബൈ സിറ്റിയുടെ ആക്രമണത്തോടെയാണ് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്നലെ ആരവമുയര്‍ന്നത്. ആദ്യ പകു്തിയില്‍ ബ്ലാസ്റ്റഴ്‌സ് പ്രതിരോധത്തിലൂന്നിയപ്പോള്‍ നിരന്തര ആക്രമണത്തിലൂടെ കേരളത്തെ സമ്മര്‍ദ്ദത്തിലാക്കാനാണ് മുംബൈ ശ്രമിച്ചത്.  ഹെയ്തി താരം സോണി നോര്‍ദെയുടെ നേതൃത്വത്തിലാണ് മുംബൈ ടീം കേരളാ ഗോള്‍മുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിട്ടത്. 2ാം മിനിറ്റില്‍ത്തന്നെ മുംബൈയ്ക്ക് മല്‍സരത്തിലെ ആദ്യ ഗോളവസരം ലഭിച്ചു. എന്നാല്‍ ഈ നീക്കം കേരള പ്രതിരോധത്തില്‍ തട്ടിയകന്നു. പിന്നാലെ അഞ്ചാം മിനിറ്റില്‍ ഗബ്രിയേല്‍ ഫെര്‍ണാണ്ടസ് തൊടുത്ത ഷോട്ട് ബാറിന് മുകളിലൂടെ പറന്നു.

11ാം മിനിറ്റില്‍ പെനല്‍റ്റി ബോക്‌സിന് പുറത്ത് നോര്‍ദയെ ഗുര്‍വീന്ദര്‍ വീഴ്ത്തിയതിനെത്തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സിനും കാണികള്‍ക്കും നെഞ്ചിടിപ്പേകി മുംബൈ സിറ്റിക്ക് അനുകൂലമായി ഫ്രീകിക്ക്. എന്നാല്‍ ഭയപ്പെട്ടതു പോലൊന്നും സംഭവിച്ചില്ല. നോര്‍ദയെടുത്ത ഫ്രീകിക്ക് ബൈവാട്ടര്‍ സമര്‍ഥമായി കൈയിലൊതുക്കി. 15-ാം മിനിറ്റിലാണ് ശരിക്കും ആദ്യ ഗോള്‍ മണത്തത്.  ആദ്യ കളിയില്‍ രണ്ടു ഗോളുകള്‍ക്ക് വഴിവച്ച രാഹുല്‍ ഭേക്കെയുടെ ത്രോ ബോള്‍. എന്നാല്‍ പന്ത് സ്വന്തമാക്കാനുള്ള ശ്രമത്തില്‍ ബ്രൂണോ പെറോണ്‍ ഒഡിയയെ വീഴ്ത്തിയതോടെ മുംബൈയ്ക്ക് ഗോള്‍കിക്ക്. ഇതിനിടേ ചെറു നീക്കങ്ങള്‍ കേരളവും നടത്തിത്തുടങ്ങിയിരുന്നു. 18ാം മിനിറ്റില്‍  ബോക്‌സിന് അകലെ നിന്നും മധ്യനിര താരം പുള്‍ഗയുടെ ഷോട്ട് മഴവില്ലഴകോടെ വളഞ്ഞുപുളഞ്ഞ് മുംബൈ പോസ്റ്റിലേക്കെത്തിയെങ്കിലും മുംബൈ ഗോളി മജുംദാര്‍ അത് കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. കോര്‍ണറാവട്ടെ മുംബൈ പ്രതിരോധം സമര്‍ത്ഥമായി തട്ടിയകറ്റുകയും ചെയ്തു.

25ാം മിനിറ്റില്‍ മലയാളി താരം സി കെ  വിനീതിനെ ശിരോദ്കര്‍ വീഴ്ത്തിയതിനെ തുടര്‍ന്ന് കേരളത്തിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ ബ്രൂണോ പെറോണിന്റെ ദുര്‍ബലമായി ഷോട്ട് ഗോള്‍ പോസ്റ്റിനു പുറത്തേക്കു പാഞ്ഞു. കേരളാ ഗോള്‍മുഖത്ത് വീണ്ടും നോര്‍ദയുടെ നേതൃത്വത്തില്‍ ആക്രമണം നടന്നെങ്കിലും  ബൈവാട്ടര്‍ വീണ്ടും രക്ഷകനായി. 35ാം മിനിറ്റില്‍ പുള്‍ഗയില്‍ നിന്നും ക്രിസ് ഡാഗ്‌നല്‍ വഴിയെത്തിയ പന്തില്‍ ആദ്യ മല്‍സരത്തില്‍ തൊടുത്തതു പോലെ വിനീത് ബൈസിക്കിള്‍ കിക്കുതിര്‍ത്തെങ്കിലും പന്ത് പുറത്തേക്ക് പാഞ്ഞു. ആദ്യ പകുതിയുടെ അവസാനത്തില്‍ തീര്‍ത്തും  പ്രതിരോധത്തിലേക്കു ബ്ലാസ്‌റ്റേഴ്‌സ് നീങ്ങുകയും ചെയ്തു.

രണ്ടാം പകുതിയിലും മുംബൈ ആധിപത്യംരണ്ടാം പകുതിയുടെ തുടക്കത്തിലും മുംബൈയുടെ ആധിപത്യമായിരുന്നു മൈതാനത്ത്. 47ാം മിനിറ്റില്‍ അവരുടെ ഡാരന്‍ ഒ ഡിയയുടെ ക്രോസ് സുഭാഷ് സിംഗ് വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും പന്ത് പുറത്തേക്ക് പറന്നു. 53ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ഫ്രീകിക്ക്. വിക്ടര്‍ ഹെരേര എടുത്ത കിക്ക് ഗോളി ദേബ്ജിത് മജുംദാര്‍ കയ്യിലൊതുക്കി. തൊട്ടുപിന്നാലെ ബ്ലാസ്‌റ്റേഴ്‌സ് ഗോളി ബൈവാട്ടറിന്റെ തകര്‍പ്പന്‍ സേഫ് ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് ടീമിനെ രക്ഷപ്പെടുത്തി.  56ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ മനന്‍ദീപ് സിങിന് പകരം അസിസ്റ്റന്റ് കോച്ചും കളിക്കാരനുമായ ഇഷ്ഫഖ് അഹമ്മദിനെ ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറക്കി. 71ാം മിനിറ്റില്‍ വലതുവിംഗില്‍ക്കൂടി പന്തുമായി കുതിച്ച ക്രിസ് ഡഗ്നല്‍ പോസ്റ്റിന് സമാന്തരമായി തകര്‍പ്പന്‍ ക്രോസ് നല്‍കിയെങ്കിലും ബോക്‌സിനുള്ളലുണ്ടായിരുന്ന ഇഷ്ഫഖിനോ വിനീതിനോ കണക്ട് ചെയ്യാന്‍ കഴിഞ്ഞില്ല.

തൊട്ടുപിന്നാലെ ഡഗ്നലിനെ പിന്‍വലിച്ച് കഴിഞ്ഞ കൡയില്‍ ഗോളടിച്ച സാഞ്ചസ് വാട്ടിനെ ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറക്കി. 74ാം മിനിറ്റില്‍ വിക്ടര്‍ ഹെരേരയെ പിന്‍വലിച്ച് ജോ കൊയ്മ്പറയെയും കൊമ്പന്മാര്‍ മൈതാനത്ത് ഇറക്കി. അധികം കഴിയും മുന്നേ പെറോണെ നല്‍കിയ ക്രോസ് സാഞ്ചസ് വാട്ടിന് കണക്ട് ചെയ്യാന്‍ കഴിയും മുന്നേ മുംബൈ സിറ്റി ഗോളി കയ്യിലൊതുക്കി. ചൊവ്വാഴ്ച ബ്ലാസ്‌റ്റേഴ്‌സിന് എതിരാളികള്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയാണ്. കൊല്‍ക്കത്തയിലെ പ്രശസ്തമായ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്‌സ് മൂന്നാമങ്കത്തിനിറങ്ങുന്നത്.
Next Story

RELATED STORIES

Share it