Flash News

കൊബാദ് ഗാന്ധി വീണ്ടും അറസ്റ്റില്‍

ബൊകാറോ: സിപിഐ (മാവോയിസ്റ്റ്) നേതാവ് കൊബാദ് ഗാന്ധി വീണ്ടും അറസ്റ്റില്‍. ഹൈദരാബാദില്‍ നിന്നാണ് ജാര്‍ഖണ്ഡ് പോലിസ് ഗാന്ധിയെ അറസ്റ്റ് ചെയ്തത്.സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് സിപിഐ (മാവോയിസ്റ്റ്) പിബി അംഗം കൊബാദ് ഗാന്ധിയെ അറസ്റ്റ് ചെയ്തതെന്ന് പോലിസ് സൂപ്രണ്ട്് എസ് കാര്‍ത്തിക് അറിയിച്ചു. ബൊകാറോ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത, ആറ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സിഐഎസ്എഫ് ക്യാംപിനു നേര്‍ക്ക് നടന്ന ആക്രമണമാണ് ഒന്നാമത്തേത്. നവാദിഹ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത, 2006ല്‍ 15പേര്‍ കൊല്ലപ്പെട്ട ആക്രമണമാണ് രണ്ടാമത്തെ കേസെന്നും എസ്പി പറഞ്ഞു. തന്നെ ജാര്‍ഖണ്ഡ് പോലിസ് അറസ്റ്റ് ചെയ്‌തെന്ന് കൊബാദ് ഗാന്ധിയും പ്രസ്താവനയിലൂടെ അറിയിച്ചു. നിരവധി കേസുകളിലുള്‍പ്പെട്ട തന്നെ എട്ടു വര്‍ഷവും മൂന്ന് മാസവും ജയിലിലടച്ച ശേഷം നിരപരാധിയാണെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. എന്നാല്‍, മോചിപ്പിക്കപ്പെട്ട് മൂന്ന് ദിവസമായപ്പോഴേക്കും തന്നെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട കേസുകളില്‍ നേരിട്ട് ഹാജരാവാമെന്ന് നിരവധി തവണ അധികൃതരെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍, മറുപടി ലഭിച്ചില്ല. 71കാരനായ താന്‍ നിരവധി ശാരീരിക പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന വ്യക്തിയാണ്. ജയില്‍ മോചിതനായ ഉടനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തന്നോട് ഒരു മാസത്തെ നിര്‍ബന്ധിത വിശ്രമം നിര്‍ദേശിച്ചതാണ്. ഇതുവരെ പരിഗണിക്കാതിരുന്ന കേസുകള്‍, താന്‍ ജയില്‍ മോചിതനായ സമയത്ത് തന്നെ പരിഗണിച്ചതിലൂടെ ചികില്‍സ നിഷേധിച്ച് തന്നെ കൊലപ്പെടുത്തുകയാണ് ഉദ്ദേശ്യം. ഈ അറസ്റ്റിലൂടെ ജയിലില്‍ തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാരിനായിരിക്കും പൂര്‍ണ ഉത്തരവാദിത്തമെന്നും ഗാന്ധി അറിയിച്ചു. സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റിയുടെ (സിഎല്‍സി) ആന്ധ്ര, തെലങ്കാന ഘടകങ്ങള്‍ കൊബാദ് ഗാന്ധിയുടെ അറസ്റ്റില്‍ ശക്തമായി പ്രതിഷേധിച്ചു. അദ്ദേഹത്തെ നിരുപാധികം വിട്ടയക്കണമെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാരിനോട് സിഎല്‍സി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it