Alappuzha local

കൊപ്പാറക്കടവ്, ചെറുതനക്കടവ് പാലങ്ങളുടെ പണി പൂര്‍ത്തിയായി

ഹരിപ്പാട്: ചെറുതന, കരുവാറ്റ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കൊപ്പാറ ക്കടവ് പാലത്തിന്റെയും, ചെറുതന പഞ്ചായത്തിലെ ചെറുതന വടക്കേകരയെയും തെക്കേകരയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറുതനക്കടവു പാലത്തിന്റെയും നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയായി. 12കോടി രൂപ ചെലവിലാണ് കൊപ്പാറക്കടവ് പാലംപണി പൂര്‍ത്തീകരിച്ചത്. കടത്തുവള്ളത്തേയും പിന്നീട് ജങ്കാറിനേയും ആശ്രയിച്ചായിരുന്നു പ്രദേശവാസികള്‍ മറുകരയില്‍  എത്തിയിരുന്നത്. വാഹനങ്ങള്‍ മറുകരയില്‍ എത്തിക്കുന്നതിനായി  ജങ്കാര്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും സര്‍വീസ് തുടര്‍ന്നുപോയിരുന്നില്ല. സ്വകാര്യ ജങ്കാറിനായിരുന്നു ചുമതല. ജങ്കാര്‍ സര്‍വീസിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം കരുവാറ്റ പഞ്ചായത്തിനായിരുന്നു. കെ എസ് മനോജ് എംപിയും, ടി കെ ദേവകുമാര്‍ എംഎല്‍എയും ആയിരിക്കെ രണ്ട് ജനപ്രതിനിധികളുടെയും ഫണ്ട് ഉപയോഗിച്ചാണ് ഇരുകരകളിലും ജെട്ടികള്‍  നിര്‍മിച്ചത്. രമേശ് ചെന്നിത്തല എംഎല്‍എ ആയതോടെ  പാലംപണിക്കുള്ള ഫണ്ട് അനുവദിക്കുകയായിരുന്നു. ചെറുതനക്കടവിലും സമാന രീതിയിലായിരുന്നു മറുകരയിലെത്തിയിരുന്നത്. ചെറുതന പാലത്തിന്റെ പണി പൂര്‍ത്തീകരിച്ചെങ്കിലും അപ്രോച്ച് റോഡിന്റെ പണി പൂര്‍ത്തീകരിച്ചിട്ടില്ല. താഴെത്തട്ടില്‍ നിന്നും പാലത്തിന്റെ ഉയരം വരെ മണ്ണിട്ട് ഉയര്‍ത്തുന്ന പണിയും, ടാറിങുമാണ് ഇനിയും അവശേഷിക്കുന്നത്. കൊപ്പാറക്കടവു പാലത്തിന്റെയും, അപ്രോച്ച് റോഡിന്റെയും പണിപൂര്‍ത്തീകരിച്ചിട്ടുണ്ട്. ചെറുതന  പാലത്തിന്റെ അപ്രോച്ച് റോഡിന്റെ  പണിപൂര്‍ത്തീകരിക്കുന്നതോടെ ഇരു പാലങ്ങളും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.  പാലം യാഥാര്‍ഥ്യമാവുന്നതോടെ അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ യാത്രാ ക്ലേശത്തിന് ശാശ്വത പരിഹാരമാകും. അതോടൊപ്പം കിലോമീറ്റര്‍ ലാഭത്തില്‍ കുട്ടനാട്, തീരദേശ, മലയോരമേഖലയിലേക്കുള്ള യാത്രയും സുഗമമാകും.
Next Story

RELATED STORIES

Share it