Idukki local

കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചേക്കും

അടിമാലി: രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന കൊന്നത്തടി പഞ്ചായത്ത് ഭരണസമിതിയില്‍ പുതിയ വഴിത്തിരിവിനു സാധ്യത. അവിശ്വാസ പ്രമേയ ചര്‍ച്ച 20നു നടക്കാനിരിക്കേ അതിനു മുന്നേതന്നെ പ്രസിഡന്റ് രാജിവയ്ക്കുമെന്നാണു സൂചന. കോണ്‍ഗ്രസ് പ്രതിനിധി പ്രസിഡന്റ് മോഹനന്‍ നായര്‍ക്കെതിരെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. യുഡിഎഫില്‍നിന്നു കേരളാ കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ വിട്ടുപോയി സിപിഎം അംഗങ്ങളുമായി ചേര്‍ന്നാണ് അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നല്‍കിയത്. പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹീംകുട്ടി കല്ലാറിന്റെ സാന്നിധ്യത്തില്‍ പഞ്ചായത്ത് അംഗങ്ങളുടെ യോഗം ചേര്‍ന്നിരുന്നു. 19 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ കേരളാ കോണ്‍ഗ്രസിന് (എം) അഞ്ചും സിപിഎമ്മിന് അഞ്ചും അംഗങ്ങളാണുള്ളത്. ഇവര്‍ ഒന്നിച്ചതോടെ അവിശ്വാസപ്രമേയം വിജയിക്കുമെന്ന സാഹചര്യമാണുള്ളത്. ഇത്തരം സാഹചര്യത്തില്‍ മോഹനന്‍നായരുടെ രാജിവാങ്ങി കേരളാ കോണ്‍ഗ്രസുമായി ചര്‍ച്ചനടത്തി യുഡിഎഫ് സംവിധാനം ശക്തിപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ പ്രസിഡന്റ് പദം രാജിവയ്ക്കുമെന്നാണു സൂചന. മോഹനന്‍നായര്‍ രാജിവച്ചാല്‍ത്തന്നെ പിന്നീടുള്ള കാര്യങ്ങളെ സംബന്ധിച്ചും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ മുന്‍ ധാരണപ്രകാരം ആദ്യ മൂന്നുവര്‍ഷം കോണ്‍ഗ്രസിനും ശേഷിക്കുന്ന രണ്ടുവര്‍ഷം കേരളാ കോണ്‍ഗ്രസിനുമാണു പ്രസിഡന്റ് സ്ഥാനം. അടുത്ത ഒക്ടോബര്‍ വരെ കോണ്‍ഗ്രസ് പ്രതിനിധിക്കു പ്രസിഡന്റായി തുടരാനാവുമത്രേ. മോഹനന്‍ നായര്‍ രാജിവച്ചാല്‍ കേരളാ കോണ്‍ഗ്രസ് പ്രതിനിധി പ്രസിഡന്റാകണമെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളത്. രണ്ടു വര്‍ഷത്തെ കാലാവധിക്കുശേഷം കോണ്‍ഗ്രസ് പ്രതിനിധിക്കു തിരികെ പ്രസിഡന്റുപദവി നല്‍കുന്നതിലും വിരോധമില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. സിപിഎം അംഗങ്ങളുമായി ചേര്‍ന്ന് അവിശ്വാസത്തിന് നോട്ടിസ് നല്‍കിയ സാഹചര്യത്തില്‍ അവരെ തള്ളി വീണ്ടും യുഡിഎഫ് കൂടാരത്തിലെത്താന്‍ പലര്‍ക്കും താല്‍പര്യമില്ലെന്നത് കേരളാ കോണ്‍ഗ്രസിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അവിശ്വാസം വിജയിച്ചാല്‍ അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്ക് കേരള കോണ്‍ഗ്രസ് പ്രതിനിധിക്കു പിന്തുണ നല്‍കാനാണു സിപിഎം തീരുമാനം.
Next Story

RELATED STORIES

Share it