കൊതുകുപട ആക്രമണം: കൊച്ചി വിമാനം വൈകി

മുംബൈ: കൊതുകുകള്‍ കൂട്ടമായി ആക്രമിച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഒന്നര മണിക്കൂര്‍ വൈകി. രാവിലെ 5.30ന് മുംബൈയില്‍ നിന്നു പുറപ്പെടേണ്ട എഐ 054 എന്ന എയര്‍ ഇന്ത്യ വിമാനത്തിലെ 125 യാത്രക്കാരാണ് ശല്യക്കാരായ കൊതുകിനെ തുരത്താതെ യാത്രചെയ്യാന്‍ തയ്യാറല്ലെന്ന് വിമാന ജോലിക്കാരെ അറിയിച്ചത്. തുടര്‍ന്ന് ജീവനക്കാര്‍ കൊതുക് നിവാരണ മരുന്ന് സ്േ്രപ ചെയ്‌തെങ്കിലും ഫലം കണ്ടില്ല. പിന്നീട് പൈലറ്റ് വിമാനയാത്രക്കാരോട് പുറത്തിറങ്ങാന്‍ പറയുകയും വിമാനത്തിനകം പുകച്ച് കൊതുകുകളെ തുരത്തുകയും ചെയ്തു. തുടര്‍ന്ന് 7.05നു പുറപ്പെട്ട വിമാനം 8.50ന് കൊച്ചിയില്‍ ലാന്‍ഡ് ചെയ്തു.
വിമാനത്തിനകത്തു കയറിയ തങ്ങളെ കൊതുകുകള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ഈ വിമാനത്തിലെ ഒരു യാത്രക്കാരനായ നിഷിത് ബജോറിയ പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് കൂടുതലൊന്നും പറയാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ കൂട്ടാക്കിയില്ല.
ഏതാനും ദിവസം മുമ്പ് കൊതുകുകള്‍ ജെറ്റ് എയര്‍വെയ്‌സിനെ ആക്രമിച്ചതിനെ തുടര്‍ന്ന് 15 മിനിറ്റോളം വിമാനം വൈകിയിരുന്നു. കൊതുകുശല്യത്തെക്കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മുംബൈ എയര്‍പോര്‍ട്ട് (മിയാല്‍) അധികൃതര്‍ അറിയിച്ചു.
വിമാനത്താവളത്തിന് സമീപമുള്ള മിതി നദിയിലെ വെള്ളക്കെട്ടില്‍ നിന്നു വരുന്ന കൊതുകളാണ് വിമാനയാത്രക്കാരെ ആക്രമിക്കുന്നത്.
Next Story

RELATED STORIES

Share it