thiruvananthapuram local

കൊതുകുജന്യ രോഗങ്ങള്‍ക്കെതിരേ സ്‌ക്വാഡുകള്‍ ഇറങ്ങും



തിരുവനന്തപുരം: നഗരസഭ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള യോഗം നഗരസഭാ ഹെല്‍ത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. വര്‍ധിച്ചു വരുന്ന കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഹെല്‍ത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു. 58 വാര്‍ഡുകളില്‍ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നഗരസഭ ഹെല്‍ത്ത് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ഏകോപിപ്പിക്കണം. കൊതുകുജന്യ രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നഗരസഭയുടെ മുഴുവന്‍ വാര്‍ഡുകളിലും ഡ്രൈഡേ പ്രവര്‍ത്തനങ്ങളും, ഫോഗിങ്, സ്‌പ്രേയിങ് എന്നീ പ്രവര്‍ത്തനങ്ങളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. നഗരസഭയുടെ സോണല്‍ ഓഫിസുകള്‍ വരുന്ന പ്രദേശത്ത് അതാത് സോണല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ - ആ പ്രദേശത്തുവരുന്ന മെഡിക്കല്‍ ഓഫിസര്‍ ആരോഗ്യ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെക്കൂടി ഉള്‍പ്പെടുത്തി ശുചിത്വ ആരോഗ്യ തല സമിതി ചേര്‍ന്ന് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കണമെന്ന് യോഗം തീരുമാനിച്ചു. നഗര കേന്ദ്രീകൃതമായ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വാര്‍ഡുകലിലെ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ചുമതലയുള്ള മെഡിക്കല്‍ ഓഫിസര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ആരോഗ്യ പ്രവര്‍ത്തകര്‍, കേരള ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവരെക്കൂടി ഉള്‍പ്പെടുത്തി സംയോജിത സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നതിനും തീരുമാനിച്ചു. കൊതുകുജന്യ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ഉറപ്പാക്കുന്നതിനായി നഗരസഭ, ആരോഗ്യവകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി ഏകദിന വര്‍ക്‌ഷോപ്പ് 15ാം തിയ്യതി സംഘടിപ്പിക്കും.  എല്ലാ വീടുകളും വ്യാപാര സ്ഥാപനങ്ങളും ഡ്രൈഡേ ആചരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും യോഗം അഭ്യര്‍ഥിച്ചു. നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍, നഗരസഭാ സെക്രട്ടറി, ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it