kozhikode local

കൊതുകുജന്യ, ജലജന്യ രോഗങ്ങള്‍ : മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പ്



കോഴിക്കോട്: മഴക്കാലത്തിനു മുന്നോടിയായി കൊതുകുജന്യ, ജലജന്യ രോഗങ്ങള്‍ എന്നിവക്കെതിരേ ആരോഗ്യ ശീലങ്ങളും ശുചിത്വ ബോധവും പുലര്‍ത്തി മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മഴക്കാലരോഗങ്ങള്‍ പലതും മരണകാരണമായതിനാല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കൊതുകുജന്യരോഗങ്ങള്‍ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക, കക്കൂസ് ടാങ്കിന്റെ സ്ലാബില്‍ ഉണ്ടാകുന്ന വിള്ളലുകള്‍ അടയ്ക്കുക. ടാങ്കിന്റെ ഔട്ട്‌ലെറ്റ് കൊതുകുവല കൊണ്ട് മൂടുക, ടെറസ്, സണ്‍ഷേഡ് എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നുണ്ടെങ്കില്‍ ഒഴുക്കികളയുക, പാത്രം, ചിരട്ട, കുപ്പി, പ്ലാസ്റ്റിക് കവറുകള്‍, ആട്ടുകല്ല്, പാള, മരക്കുറ്റികള്‍, മുളങ്കുറ്റികള്‍, മരപ്പൊത്ത്, ചെടിച്ചട്ടികള്‍, ഉപയോഗ ശൂന്യമായ ടയറുകള്‍, കക്കത്തോട്, തുടങ്ങിയവയില്‍ വെളളം കെട്ടിനിന്ന് കൊതുക് പെരുകാതെ ശ്രദ്ധിക്കണം, ചപ്പുചവറുകള്‍ കൂട്ടിയിടാതെ കത്തിച്ചുകളയുകയോ കുഴിച്ചുമൂടുകയോ ചെയ്യുക, ഫ്രിഡ്ജ്, കൂളറുകള്‍ എന്നിവ ആഴ്ച്ചയില്‍ ഒരു ദിവസം വൃത്തിയാക്കി കൊതുകിന്റെ പ്രജനനം തടയുക. ജലജന്യരോഗങ്ങള്‍ തടയാ ന്‍ ശ്രദ്ധിക്കേണ്ടത്: കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക, പഴകിയതും തണുത്തതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കുക. ആഹാരസാധനങ്ങള്‍ അടച്ചുവയ്ക്കുക, വ്യക്തിശുചിത്വം, ഭക്ഷണശുചിത്വം, കുടിവെള്ളശുചിത്വം എന്നിവ പാലിക്കുക, പച്ചക്കറികളും പഴങ്ങളും കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കുക, കിണര്‍വെള്ളം രണ്ടാഴ്ചയില്‍ ഒരിക്കല്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക. കിണറുകള്‍ വലയിട്ട് മൂടുക, വയറിളക്കരോഗം ബാധിച്ചാല്‍ ഒആര്‍എസ് ലായനി ഉപയോഗിക്കുക, ഒആര്‍എസ് പായ്ക്കറ്റുകള്‍ എല്ലാ അങ്കണവാടികളിലും ആരോഗ്യ ഉപകേന്ദ്രങ്ങളിലും പ്രാഥമികരോഗകേന്ദ്രങ്ങളിലും ആശാപ്രവര്‍ത്തകരിലും ലഭ്യമാണ്. എലി, കൊതുക്, ഈച്ച നശീകരണത്തിന് മുന്തിയ പരിഗണന നല്‍കുക, രോഗബാധ കണ്ടെത്തിയാല്‍ എത്രയും പെട്ടെന്ന് വൈദ്യസേവനം ലഭ്യമാക്കുക.  വിവരങ്ങള്‍ക്ക് ആരോഗ്യ കേരളം പദ്ധതിയുടെ ടോള്‍ ഫ്രീ നമ്പര്‍ ദിശ 1056 നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it