malappuram local

കൊണ്ടോട്ടി മല്‍സ്യമൊത്ത വിതരണ മാര്‍ക്കറ്റ്‌ ; വിഷയം നഗരസഭാ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയത് വിവാദത്തില്‍



കൊണ്ടോട്ടി: ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കൊണ്ടോട്ടി മല്‍സ്യ മൊത്തവിതരണ മാര്‍ക്കറ്റ് സംബന്ധിച്ച വിഷയം നഗരസഭ കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയിലുള്‍പ്പെടുത്തിയത് വിവാദമാവുന്നു. ചൊവ്വാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഏഴാം നമ്പര്‍ അജണ്ടയായായി വിഷയം ഉള്‍പ്പെടുത്തിയത്. ഉയര്‍ന്ന തുകയ്ക്ക് ലേലത്തില്‍പോയ മല്‍സ്യ മൊത്ത വിതരണ കേന്ദ്രത്തിന്റെ പുനര്‍ലേലവും നിലവിലുള്ള ലേലം റദ്ദാക്കുന്നതുമാണ് കൗണ്‍സില്‍ പരിഗണനയ്ക്ക് വന്നത്. 13.25 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വിളിച്ചവര്‍ മൊത്തവിതരണകേന്ദ്രത്തില്‍ മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കുകയോ സമയ പരിധിക്കുള്ളില്‍ നഗരസഭയുമായി കരാര്‍ വയ്ക്കുകയോ ചെയ്യാത്തതിനാല്‍ പുനര്‍ലേലം നടത്തണമെന്നാണ് അജണ്ട. ലേലത്തുകയുടെ മുന്‍കൂര്‍ തുകയായ 4.41 ലക്ഷം രൂപ ലേലം വിളിച്ചവര്‍ അടച്ചതായും പറയുന്നു. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതും കാലിപ്പെട്ടികള്‍ നീക്കാത്തതും സംബന്ധിച്ച കാരണങ്ങള്‍ പറഞ്ഞ് നല്‍കിയ മറുപടികള്‍ നീതികരിക്കാനാവില്ലെന്നാണ് അജണ്ടയില്‍ പറയുന്നത്. അതേ സമയം, പുതുതായി ലേലത്തിന് എടുത്തവര്‍ മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കുന്നതിന് പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്ലാന്റ് നിര്‍മിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതിനെ തടസ്സപ്പെടുത്തുകയായിരുന്നുവെന്ന് കാണിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. വിഷയത്തില്‍ കോടതിയുടെ വിധി വരാനിരിക്കെയാണ് വിഷയം അജണ്ടയിലുള്‍പ്പെടുത്തിയത്. കോടതി വിധി വരുന്നതിന് മുമ്പ് ലേലം റദ്ദാക്കുന്നതിന്റെ ഭാഗമായിട്ടാണ് വിഷയം കൗണ്‍സില്‍ യോഗത്തിന്റെ പരിഗണനയ്ക്ക് വന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് കേസ് കോടതിയിലുള്ള വിഷയം സെക്രട്ടറി യോഗത്തില്‍ അറിയിച്ചെങ്കിലും അജണ്ടയില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പ്ലാന്റ് തുടങ്ങുന്നതിനാവശ്യമായ സഹായം നഗരസഭയില്‍നിന്ന് ലഭിച്ചിട്ടില്ലെന്നാണ് പുതുതായി ലേലത്തിന് എടുത്തവരുടെ പരാതി.
Next Story

RELATED STORIES

Share it