malappuram local

കൊണ്ടോട്ടി മണ്ഡലത്തില്‍ യുഡിഎഫ് ബന്ധം പുനസ്ഥാപിച്ചു

കൊണ്ടോട്ടി: ഏറെക്കാലത്തെ അകല്‍ച്ചക്ക് ശേഷം കൊണ്ടോട്ടി മണ്ഡലത്തില്‍ യുഡിഎഫ് ബന്ധം പുനസ്ഥാപിച്ചു. മുസ് ലിം ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും ജില്ലാ നേതാക്കളുടെ സാന്നിധ്യത്തില്‍ പ്രാദേശിക നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് യുഡിഎഫ് സംവിധാനത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചത്.
പഞ്ചായത്ത് ഭരണത്തിലെ റോഡ് വിവാദത്തെച്ചൊല്ലി ഒന്നര വര്‍ഷത്തോളമായി അകന്ന മുസ്‌ലിം ലീഗ് -കോണ്‍ഗ്രസ് തര്‍ക്കത്തിന് ഇതോടെ പരിഹാരമായി.ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി, ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. കെ എന്‍ എ ഖാദര്‍ എന്നിവരുടെ നേതൃത്വത്തില്‍ മണ്ഡലം ലീഗ് ഖജാഞ്ചി സി പി കുഞ്ഞാന്റെ വസതിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഐക്യമുണ്ടായത്.
ഇരു വിഭാഗവും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കാര്യങ്ങള്‍ ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും തിരഞ്ഞെടുപ്പിനെ യുഡിഎഫ് സംവിധാനത്തില്‍ നേരിടാനും തീരുമാനിക്കുകയായിരുന്നു. 27ന് മണ്ഡലത്തില്‍ യുഡിഎഫ് കണ്‍വന്‍ഷന്‍ വിളിച്ച് ചേര്‍ക്കാനും ധാരണയായിട്ടുണ്ട്. 23ന് മണ്ഡലത്തിലെ ഇരു പാര്‍ട്ടികളിലെയും മുഴുവന്‍ പഞ്ചായത്ത് നേതാക്കളെയും വിളിച്ച് ചേര്‍ത്ത് തീരുമാനം അറിയിക്കും.
24ന് മുഴുവന്‍ പഞ്ചായത്തുകളിലും മണ്ഡലം യുഡിഎഫ് നേതാക്കള്‍ സന്ദര്‍ശനം നടത്തി പ്രവര്‍ത്തകരോട് ജില്ലാ നേതൃത്വത്തിന്റെ നിലപാട് വിശദീകരിക്കും. ചെറുകാവ് പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവകയുടെ വൈസ് പ്രസിഡന്റ് സ്ഥാനം യോഗത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടപ്പോള്‍ നഗരസഭയിലെയും വാഴക്കാട്ടെയും സിപിഎമ്മുമായുള്ള ഭരണം കോണ്‍ഗ്രസ് വിടണമെന്ന് ലീഗ് ആവശ്യമുന്നയിച്ചു.
ഇരുവിഭാഗവും ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കില്ലെന്ന് വന്നതോടെ ജില്ലാ നേതാക്കള്‍ ഇടപെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച മതിയെന്നും യുഡിഎഫ് സംവിധാനത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടാനും ധാരണയായത്.
മണ്ഡലത്തിലെ നഗരസഭ, വാഴക്കാട്, മുതുവല്ലൂര്‍, ചെറുകാവ് പഞ്ചയത്തിലെല്ലാം യുഡി എഫ് ബന്ധം വഷളാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിപിഎമ്മിനൊപ്പം ചേര്‍ന്നതോടെ നഗരസഭയും വാഴക്കാട്ടും മുസ്‌ലിംലീഗ് പ്രതിപക്ഷത്തായിരുന്നു.
കെ മുഹമ്മദുണ്ണി ഹാജി എംഎല്‍എ, കെപി സിസി അംഗം പി പി മൂസ മണ്ഡലം ലീഗ് പ്രസിഡന്റ് പി മോയുട്ടി മൗലവി, എ ടി തങ്ങള്‍, നസീം പുളിക്കല്‍, സി ടി മുഹമ്മദ്, അബ്ദുല്‍ അലി, ആലിഹാജി, അബ്ദുള്ളക്കുട്ടി, സി എം എ റഹ്മാന്‍, ഹമീദ്, അഷ്‌റഫ് മടാന്‍, കെ കെആലിബാപ്പു, പി അഹമ്മദ് കബീര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it