malappuram local

കൊണ്ടോട്ടി നഗരസഭ കൗണ്‍സിലില്‍ ബഹളവും ഉന്തുംതള്ളും

കൊണ്ടോട്ടി: നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഫണ്ട് വീതിച്ചതില്‍ ഭരണപക്ഷം വിഭാഗീയത കാണിച്ചത് കൊണ്ടോട്ടി നഗരസഭ കൗണ്‍സില്‍ ബഹളത്തില്‍ കലാശിച്ചു. ഭരണപക്ഷ വാര്‍ഡുകള്‍ക്ക് പരിഗണന നല്‍കി മുസ്‌ലിംലീഗ് വാര്‍ഡുകള്‍ക്ക് കുറഞ്ഞ ഫണ്ട് മാത്രം വച്ചത് ലീഗ് കൗണ്‍സിലര്‍മാര്‍ ചോദ്യം ചെയ്തതോടെ യോഗം വാക്കേറ്റത്തില്‍ കലാശിച്ചു. ചെയര്‍മാന്‍ മറുപടി നല്‍കുന്നതിനു പകരം സിപിഎം, സിപിഐ മെംബര്‍മാര്‍ എതിര്‍ത്തു മറുപടി നല്‍കിയതോടെ കൗണ്‍സില്‍ ഏറെ നേരം സംഘര്‍ഷാന്തരീക്ഷത്തിലായി. വാക്കേറ്റം ഒടുവില്‍ ഉന്തുംതള്ളലിലുമെത്തി. ഇതിനിടെ വിവാദമായ ചിനിക്കല്‍ തോട് വിഷയവും ചര്‍ച്ചയായതോടെ പ്രശ്‌നം സങ്കീര്‍ണമായി. തോട് വിഷയം എസ്ഡിപിഐ അംഗവും ചോദ്യം ചെയ്തതോടെ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് ചെയര്‍മാന്‍ അറിയിക്കുകയായിരുന്നു. 13 കോടി രൂപയുടെ പദ്ധതിയാണ് നഗരസഭ കൗണ്‍സിലില്‍ അംഗീകാരത്തിന് വച്ചിരുന്നത്. ഇതില്‍ 4 കോടിയോളം രൂപയാണ് പശ്ചാത്തല മേഖലയില്‍ നീക്കിവച്ചത്. ഇതിലാവട്ടെ മുസ്‌ലിംലീഗ് കൗണ്‍സിലര്‍മാരുളള 17 വാര്‍ഡുകളിലേക്ക് നീക്കിവച്ചത് ശരാശരി 5 ലക്ഷം രൂപ വീതം മാത്രമാണ്.
വാര്‍ഡുസഭയില്‍ അവതരിപ്പിക്കാത്ത പദ്ധതികളും ഓരോ സ്റ്റാന്റിങ് കമ്മിറ്റിയിലും ചര്‍ച്ചയ്ക്ക് വയ്ക്കാത്ത പല പദ്ധതികളും ഉള്‍പ്പെടുത്തിയതും പ്രതിപക്ഷ നേതാവ് യു കെ മുഹമ്മദിഷ ചോദ്യം ചെയ്തു. ചെര്‍മാന്‍ നാടിക്കുട്ടിക്ക് പകരം സിപിഎമ്മിലെ പി അബ്ദുര്‍റഹ്മാനായിരുന്നു ഇതിനു മറുപടി പറഞ്ഞത്. മുസ്‌ലിംലീഗിന്റെ എംപിയും, എംഎല്‍എയും അവഗണിച്ച ഇടത് വാര്‍ഡുകള്‍ക്ക് നഗരസഭ പരിഗണന നല്‍കുമെന്നായിരുന്നു ഇടതിന്റെ മറുപടി. ഇതോടെ പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ വഷളായി. മുസ്‌ലിംലീഗ് കൗണ്‍സിലര്‍മാരുടെ വിയോജനം വകവയ്ക്കാതെയാണ് പിന്നീട് കൗണ്‍സിലിനു പദ്ധതികള്‍ക്ക് അംഗീകാരം നല്‍കയത്.
13 കോടിയുടെ പദ്ധതിക്ക് അംഗീകാരം; നഗരത്തില്‍ സിസിടിവി സ്ഥാപിക്കും
കൊണ്ടോട്ടി: സേവന മേഖലയ്ക്ക് മുന്‍തൂക്കം നല്‍കി കൊണ്ടോട്ടി നഗരസഭയുടെ 13 കോടിയുടെ പദ്ധതിക്ക് അംഗീകാരം. ആയിരം വീട് പദ്ധതി, വിട് പുനരുദ്ധാരണം, സ്‌നേഹാലയം ഫഌറ്റ്, നഗരത്തില്‍ സിസിടിവി സ്ഥാപിക്കല്‍, ശാസ്ത്ര ലാഗ്വേജ് ലാബുകള്‍, ജൈവപച്ചക്കറി വിപണനം, ഹരിജന്‍ കോളനികളില്‍ കുടിവെളളം എന്നിവയ്ക്കാണ് ഫണ്ട് ചെലവഴിക്കുക. അഞ്ച് വര്‍ഷം കൊണ്ട് ആയിരം പേര്‍ക്ക് വീട് നിര്‍മാണത്തിന് ഫണ്ട് നല്‍കും. സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്കാണ് നഗരസഭ ഫഌറ്റ് നിര്‍മിച്ചു നല്‍കുക. അഞ്ച് ഫഌറ്റുകള്‍് ആദ്യഘട്ടം നിര്‍മിക്കും. ഇതിനായി 20 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ചിറയില്‍ ചുങ്കം സ്‌കൂളില്‍ ശാസ്ത്ര ലാബിനായി 10ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷ പരിജ്ഞാനത്തിന് കൊണ്ടോട്ടി മേലങ്ങാടി സ്‌കൂളില്‍ ലാഗ്വേജ് ലാബ് ആരംഭിക്കും.
നഗരസഭ പരിധിയിലെ ആര്‍ക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിലാവും ലാബിന്റെ പ്രവര്‍ത്തനം. ഇതിനു 10 ലക്ഷം രൂപ വകയിരുത്തി. നഗരസഭയിലെ ഹരിജന്‍ കോളനിയിലെ കുടിവെള്ള പദ്ധതിക്കായി പ്രത്യേകം തുക വകയിരുത്തി. കോട്ടാശ്ശേരി-കല്ലാംശ്ശേരി കുടിവെളള പദ്ധതിക്ക് 30 ലക്ഷവും, പനയംപറമ്പ് പദ്ധതി 15 ലക്ഷവും കുടുക്കില്‍ പദ്ധതിക്ക് 10 ലക്ഷവും വകയിരുത്തി. എന്‍എച്ച് കോളനിയിലെ യുപി സ്‌കൂളിന് 10ലക്ഷം നീക്കിവച്ചു. കൊണ്ടോട്ടി നഗരത്തില്‍ പോലിസ് സഹയത്തോടെ സിസിടിവി സ്ഥാപിക്കും. ബൈപാസ് 17 മുതല്‍ കുറുപ്പത്ത് വരെയുള്ള ഭാഗങ്ങളും പഴയങ്ങാടി പഴയ ബസ്സ്റ്റാന്റ് പരിസരവും പരിധിയില്‍ ഉള്‍പ്പെടുത്തും.10 ലക്ഷമാണ് ഇതിനായി നീക്കിയിരുപ്പ്.
കൊണ്ടോട്ടി പഞ്ചായത്തിന്റെ പഴയ കെട്ടിടം പൊളിച്ച് രണ്ട് ഷോപ്പിങ് കോപ്ലക്‌സ് പണിയും. ഇതില്‍ ഒന്ന് പബ്ലിക് ലൈബററിക്കായി നല്‍കും. എല്ലാ വാര്‍ഡിനും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെയാണ് ഫണ്ട് വകയിരുത്തിയിട്ടുളളതെന്ന് നഗരസഭ ചെയര്‍മാന്‍ സി നാടിക്കുട്ടി, കൗണ്‍സിലര്‍മാരായ അഡ്വ. കെ കെ സമദ്, അബ്ദുറഹിമാന്‍ എന്ന ഇണ്ണി, മുഹമ്മദ് ഷാ മസ്റ്റര്‍, പുലാശ്ശേരി മുസ്തഫ, പി മൂസ എന്നിവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it