Gulf

കൊണ്ടോട്ടി ഡയാലിസിസ് സെന്റര്‍ വൃക്കരോഗ നിര്‍ണയ കേന്ദ്രം കൂടിയാക്കും: പി.എ ജബ്ബാര്‍ ഹാജി

ജിദ്ദ: കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ സ്മാരക ഡയാലിസിസ് സെന്റര്‍ വൃക്കരോഗം മുന്‍കൂട്ടി കണ്ടെത്തുന്നതിനും രോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള കേന്ദ്രം കൂടിയാക്കുമെന്ന് ചെയര്‍മാന്‍ പി.എ ജബ്ബാര്‍ ഹാജി പറഞ്ഞു. ഉംറ നിര്‍വഹിക്കാനെത്തിയ അദ്ദേഹം ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ജബ്ബാര്‍ഹാജി പ്രസിഡണ്ടായിരിക്കെ കോണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ 2015 ഏപ്രില്‍ 3ന് പത്തു മെഷീനുകളുമായി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനത്തില്‍ ഇപ്പോള്‍ 16 ഡയാലിസിസ് മെഷീനുകളുണ്ട്. കേരളത്തില്‍ കൂടുതല്‍ പേര്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതും ഈ സ്ഥാപനത്തിലാണ്.മൂന്ന് ഷിഫ്റ്റുകളിലായി78 പേര്‍ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നു. ഇതുവരെ 27,000 സൗജന്യ ഡയാലിസിസ്  ചെയ്തുകൊടുക്കാനായിട്ടുണ്ട്.
നൂതനമായ മെഷീനുകളും അനുബന്ധ സൗകര്യങ്ങളും നെഫ്രോളജിസ്റ്റുകളും സാങ്കേതിക വിദഗ്ധരുടെയും കീഴിലാണ് സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നത്. 208 പേര്‍ കൂടി ഡയാലിസിസിന് അപേക്ഷ നല്‍കിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനും അനുബന്ധ പദ്ധതികള്‍ക്കുമായി ഡയാലിസിസ് സെന്ററിന്റെ സ്വന്തമായ കെട്ടിടം കൊണ്ടോട്ടി കോടങ്ങാട്ട് നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. ഡയാലിസിസ് സെന്റര്‍ എന്നതിലുപരി ഇന്ത്യയിലെ തന്നെ വൃക്ക രോഗ നിവാരണ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാന മന്ദിരം എന്നതാണ് ലക്ഷ്യം. സൗജന്യ ഡയാലിസിസ് സെന്റര്‍, വൃക്കരോഗം മുന്‍കൂട്ടി കണ്ടെത്തി ഡയാലിസിസിലേക് എത്താതിരിക്കാനുളള സംവിധാനങ്ങള്‍, രോഗികള്‍ക്കും കൂട്ടിന് വരുന്നവര്‍ക്കുമായി തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, മൊബൈല്‍ ലബോറട്ടറി, സൗജന്യ ക്ലിനിക്ക്, വളണ്ടിയര്‍ വിംഗ്, ഉല്‍പാദനവും വിപണനവും നടത്തി വരുമാനമുണ്ടാക്കാനുള്ള യൂണിറ്റുകള്‍, ഭിന്ന ശേഷിക്കാര്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രം എന്നിവ പുതിയ കേന്ദ്രത്തില്‍ തുടങ്ങാനാഗ്രഹിക്കുന്നുണ്ടെന്ന്ജബ്ബാര്‍ ഹാജി പറഞ്ഞു.

ഡയാലിസിസ് സെന്ററിന് പ്രതിമാസം പതിമൂന്ന് ലക്ഷം രൂപ ചെലവ് വരുന്നുണ്ട്. സ്വന്തമായ കെട്ടിടത്തിലേക്ക് മാറുന്നതോടെ ഡയാലിസിസ് ചെയ്യുന്നവരുടെ എണ്ണം ഇരട്ടിയാവും. ചെലവിന്റെ കാര്യത്തിലും വലിയ വര്‍ധനവുണ്ടാവും. വിവിധ രൂപത്തിലുള്ള വിഭവ സമാഹരണ യജ്ഞങ്ങളിലൂടെയാണ് ആവശ്യമായ പണം  കണ്ടെത്തുന്നത്.കെ.എം.സി.സി, സി.എച്ച് സെന്റര്‍, കൊണ്ടോട്ടി സെന്റര്‍ ട്രസ്റ്റ്, 'ഒരുമ'ക്ക് കീഴിലെ വിവിധ മഹല്ല് കമ്മറ്റികള്‍, പ്രാദേശിക കൂട്ടായ്മകള്‍, വാട്‌സ്ആപ്പ് ഗ്രൂപുകള്‍, പ്രവാസ ലോകത്തെ വിവിധ പ്രദേശങ്ങളിലുള്ള ചാപ്റ്ററുകള്‍, കൊണ്ടോട്ടിയിലുംസമീപത്തും സര്‍വീസ് നടത്തുന്ന ഇരുന്നൂറോളം ബസുകളില്‍ നിന്നും വര്‍ഷം തോറുമുള്ള ഒരു ദിവസത്തെ വരുമാനം, സ്‌കൂളുകള്‍, കോളേജുകള്‍, ഓഫീസുകള്‍, പള്ളികള്‍, അമ്പലങ്ങള്‍, ചര്‍ച്ചുകള്‍ വഴി നടത്തുന്ന പിരിവുകള്‍, വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും കളക്ഷന്‍ ബോക്‌സ് വഴി വിഭവ സമാഹരണം എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും സഹകരണത്തോടെയാണ്സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സഊദിയിലെ പ്രമുഖ മെഡിക്കല്‍ ഗ്രൂപായ നഹ്ദിയുടെ ഉടമസ്ഥര്‍ മെഷീനുകളും ധനസഹായവും നല്‍കിയത് നന്ദിയോടെ സ്മരിക്കുന്നു. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളഉദാരമതികളുടെ സഹായങ്ങള്‍ സമൂഹത്തിന് മാതൃകയായ കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ സ്മാരക ഡയാലിസിസ് സെന്റര്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നുണ്ടെന്നും മുസ്‌ലിംലീഗ് മണ്ഡലം പ്രസിഡന്റ് കൂടിയായ പി.എ ജബ്ബാര്‍ ഹാജി പറഞ്ഞു. സി.കെ ഷാക്കിര്‍, ഇസ്മാഈല്‍ മുണ്ടക്കുളം, നഹ്ദി ബാബു, നാസര്‍ ഒളവട്ടൂര്‍, കെ.എന്‍.എ ലത്തീഫ്, അന്‍വര്‍ വെട്ടുപാറ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it