കൊണ്ടോട്ടിയില്‍ 70 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ അറസ്റ്റില്‍

കൊണ്ടോട്ടി: വാഹനത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 70 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ കൊണ്ടോട്ടിയില്‍ അറസ്റ്റിലായി. മൊറയൂര്‍ വാലഞ്ചേരി പാറേക്കുത്ത് കാട്ടുപരുത്തി മുഹമ്മദ് ബഷീര്‍ (48), കിഴിശ്ശേരി തവനൂര്‍ പേങ്ങാട്ടില്‍ സല്‍മാനുല്‍ ഫാരിസ് (27)എന്നിവരെയാണു പാലക്കാട്-കോഴിക്കോട് ദേശീയ പാത 11ാം മൈലില്‍ വച്ച് വാഹന പരിശോധന നടത്തി കൊണ്ടോട്ടി പോലിസ് പിടികൂടിയത്. ഇവരില്‍ നിന്നു രേഖകളില്ലാത്ത 70 ലക്ഷം രൂപയാണു കണ്ടെത്തിയത്. ബംഗളൂരു, മംഗലാപുരം, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ച് കുഴപ്പണം വിതരണം ചെയ്യുന്ന സംഘത്തില്‍ പെട്ടവരാണു പിടിയിലായവരെന്ന് പോലിസ് പറഞ്ഞു. ജില്ലയ്ക്ക് അകത്തു പല ഇടങ്ങളിലായി ഏറെക്കാലം കുഴല്‍പ്പണ ഇടപാട് നടത്തുന്ന സംഘത്തെക്കുറിച്ച് ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
മംഗലാപുരത്തു നിന്ന് വാഹനത്തില്‍ കുഴല്‍പ്പണവുമായി സംഘം എത്തുന്നതറിഞ്ഞ പോലിസ് ദേശീയപാതയില്‍ വാഹന പരിശോധന നടത്തിയാണ് ഇവരെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറിന്റെ പിന്‍സീറ്റിനടിയില്‍ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. മംഗലാപുരത്ത് നിന്ന് സ്വര്‍ണം വില്‍പന നടത്തിയാണ് പണം എത്തിച്ചതെന്നു പിടിയിലായവര്‍ പോലിസിനോട് പറഞ്ഞു. അരലക്ഷം രൂപയുടെ 14 അഞ്ഞൂറിന്റെ കെട്ടുകളായാണ് പണമുണ്ടായിരുന്നത്.  പ്രതികള്‍ക്ക് അന്താരാഷ്ട്ര ബന്ധമുണ്ടോ എന്ന് പരിശോധിക്കുകയാണെന്ന് പോലിസ് പറഞ്ഞു.
പ്രതികളുമായി ബന്ധമുള്ളവരില്‍ നിന്ന് ആഴ്ചകള്‍ക്ക് മുമ്പ് പോലിസ് 24 ലക്ഷം രൂപയുടെ പണം പിടികൂടിയിരുന്നു. അറസ്റ്റിലായവരെ പിന്നീട് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ ഹാജരാക്കി. കേസില്‍ തുടരന്വേഷണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും നടത്തും. മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ എം മുഹമ്മദ് ഹനീഫ, എസ് ഐ രഞ്ജിത് എന്നിവരടങ്ങുന്ന സംഘവും ഷാഡോ പോലിസുമാണ് കുഴല്‍പ്പണവേട്ട നടത്തിയത്.
Next Story

RELATED STORIES

Share it