Pathanamthitta local

കൊണ്ടും കൊടുത്തും സ്ഥാനാര്‍ഥി സംഗമം

പത്തനംതിട്ട: അടിസ്ഥാന വികസന പ്രശ്‌നങ്ങളുടെ പേരില്‍ കൊണ്ടും കൊടുത്തും ആറന്മുള മണ്ഡലത്തിലെ സ്ഥാനാര്‍ഥി സംഗമം. പത്തനംതിട്ട പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയില്‍ ആറന്മുള വിമാനത്താവളം മുതല്‍, മണ്ഡലം നേരിടുന്ന രൂക്ഷമായ കുടിവെള്ള പ്രശ്‌നം വരെ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി.
ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന മണ്ഡലത്തില്‍ താനിപ്പോഴും ഒരു വള്ളപ്പാട് മുമ്പിലാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ ശിവദാസന്‍ നായര്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയപ്പോള്‍, എല്ലാ വിഭാഗത്തിന്റെ പിന്തുണയോടെ നൂറുശതമാനം വിജയം കൈവരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിണാ ജോര്‍ജ്. മണ്ഡലത്തിലെ വികസന മുരടിപ്പിന് ഇരുമുന്നണികളെയും കുറ്റപ്പെടുത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി എം ടി രമേശും അനുകൂല വിധിയുണ്ടാവുമെന്ന ആത്മവിശ്വാസത്തിലാണ്.
ആറന്മുള വിമാനത്താവളം വേണമെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഇക്കാര്യം മുന്നില്‍ വച്ച് തന്നെയാണ് താന്‍ വോട്ടുനേടുന്നതെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു. കഴിഞ്ഞതവണ വിമാനത്താവളം മുഖ്യതിരഞ്ഞെടുപ്പു വിഷയമാക്കിയ ഇടതുമുന്നണി ഭരണം നഷ്ടപ്പെട്ടതോടെ ആര്‍എസ്എസുമായി ചേര്‍ന്ന് പദ്ധതി അട്ടിമറിച്ചു. പത്തനംതിട്ടയില്‍ വേറെ എവിടെയെങ്കിലും വിമാനത്താവളം ആവാം എന്ന രീതിയില്‍ സിപിഎമ്മിനുണ്ടായ മനംമാറ്റത്തിനു പിന്നില്‍ ഗൂഢോദ്ദേശമാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ജില്ലയില്‍ വിമാനത്താവളം വേണമെന്നു തന്നെയാണ് എല്‍ഡിഎഫ് നിലപാടെന്ന് വീണാ ജോര്‍ജ് പറഞ്ഞു. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ ഇതൊരു വിഷയമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിയമവിരുദ്ധമായി വിമാനത്താവളം കൊണ്ടുവരാനുള്ള ശ്രമമാണ് ആന്മുളയില്‍ നടന്നതെന്ന് കുറ്റപ്പെടുത്തിയ എം ടി രമേശ്, അതിനെ എതിര്‍ക്കുന്നത് വികസന വിരുദ്ധമാണെങ്കില്‍, അതില്‍ ഒന്നാമത്തെ പേരുകാരന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരനാണെന്ന് പറഞ്ഞു.
മണ്ഡലം അഭിമുഖീകരിക്കുന്ന കുടിവെള്ള പ്രശ്‌നം വികസന മുരടിപ്പിന്റെ പ്രധാന ഉദാഹരണമായി വീണാ ജോര്‍ജ് ചൂണ്ടിക്കാട്ടി.
ജലദൗര്‍ബല്യം മണ്ഡലത്തില്‍ ഇല്ലെന്നും എന്നാല്‍ അത് ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയാത്തതാണ് പ്രശ്‌നമെന്നും എം ടി രമേശ് ചൂണ്ടിക്കാട്ടി. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള പദ്ധതികള്‍ക്കാണ് ഇതുവരെ ഊന്നല്‍ നല്‍കിയിട്ടുള്ളതെന്നും, മുമ്പത്തേക്കാളും വേനല്‍ശക്തിയാര്‍ജ്ജിച്ച പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ക്രിയാത്മകമായ നടപടികള്‍ ആലോചിക്കുമെന്ന് ശിവദാസന്‍നായര്‍ പറഞ്ഞു.
തന്നെ ഒരു സമുദായത്തിന്റെ സ്ഥാനാര്‍ഥിയായി ചിത്രീകരിക്കാനുള്ള ശ്രമം നടന്നതായി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുളയെ പോലുള്ള മതനിരപേക്ഷ സമൂഹത്തില്‍ സമുദായ ധ്രുവീകരണം സാധ്യമല്ല.
അങ്ങനെ ആരെങ്കിലും വോട്ടുതേടുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു.
സമുദായത്തിന്റെ പേരില്‍ ജയിച്ചു കളയാമെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അത് നടക്കില്ലെന്ന് ജനം തെളിയിക്കുമെന്ന് ശിവദാസന്‍ നായര്‍ പറഞ്ഞു. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് മതത്തെയും സമുദായത്തെയും കൊണ്ടുവരാന്‍ രണ്ടു മുന്നണികളും ശ്രമിച്ചിട്ടുണ്ടെന്ന് എം ടി രമേശും പറഞ്ഞു.
Next Story

RELATED STORIES

Share it