കൊട്ടിയൂര്‍ പീഡനം: പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സാക്ഷി

തലശ്ശേരി: പ്രമാദമായ കൊട്ടിയൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടിക്ക് സംഭവസമയം പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കേസിലെ സാക്ഷിയായ സ്‌കൂള്‍ പ്രധാനാധ്യാപകന്റെ മൊഴി. പീഡനത്തിനിരയായ പെണ്‍കുട്ടി പഠിച്ച കൊട്ടിയൂര്‍ ഐജെഎം ഗവ. ഹയര്‍ സെക്കന്‍ഡി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ രാജു ജോസഫാണ് വിചാരണക്കോടതി മുമ്പാകെ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത്.
പീഡനം നടക്കുമ്പോള്‍ പെ ണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴിക്ക് വിരുദ്ധമായാണു പ്രധാനാധ്യാപകന്റെ മൊഴി. പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 16 വയസ്സ് മാത്രമാണ് പ്രായം ഉണ്ടായിരുന്നതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിക്കുന്ന നിലയിലാണു സാക്ഷി രേഖാമൂലം കോടതിക്കു മൊഴി നല്‍കിയത്. കേസിലെ 26ാം സാക്ഷിയും അന്ന് പേരാവൂര്‍ പോലിസ് സ്‌റ്റേഷനിലെ എസ്‌ഐയുമായിരുന്ന പി കെ ദാസിനെയും ഇന്നലെ വിചാരണക്കോടതി മുമ്പാകെ വിസ്തരിച്ചു. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ വീണ്ടെടുത്ത് പട്ടുവം സെന്റ് ബസേലിയസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശിപ്പിക്കുകയും രക്തസാംപിള്‍ ശേഖരിക്കാ ന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതും താനാണെന്ന് ഇദ്ദേഹം മൊഴി നല്‍കി. തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി(ഒന്ന്) ജഡ്ജി പി എന്‍ വിനോദ് മുമ്പാകെയാണ് കേസിലെ വിചാരണാ നടപടികള്‍ പുരോഗമിക്കുന്നത്. വിചാരണയ്ക്കിടെ പെണ്‍കുട്ടിയും മാതാപിതാക്കളും കൂറുമാറിയിരുന്നു. കേസിലെ മുഖ്യപ്രതി ഫാ. റോബിന്‍ വടക്കുഞ്ചേരിക്ക് അനുകൂലമായാണ് ഇവര്‍ മൊഴി നല്‍കിയത്. കേസിന്റെ വിചാരണ ആഗസ്ത് 1നാണു തുടങ്ങിയത്.
ഫാ. റോബിന്‍ വടക്കുഞ്ചേരി, കൊട്ടിയൂര്‍ നീണ്ടുനോക്കിയിലെ നെല്ലിയാനി തങ്കമ്മ, സിസ്റ്റര്‍ ലിസ് മരിയ, സിസ്റ്റര്‍ അനീറ്റ, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ബാലികാമന്ദിരത്തിലെ സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ, വയനാട് ശിശുക്ഷേമസമിതി മുന്‍ ചെയര്‍മാന്‍ ഫാ. തോമസ് തേരകം, ശിശുക്ഷേമസമിതിയംഗം സിസ്റ്റര്‍ ബെറ്റി ജോസ് എന്നിവരാണ് കേസില്‍ ഇപ്പോള്‍ വിചാരണ നേരിടുന്ന പ്രതികള്‍. പ്രോസിക്യൂഷനു വേണ്ടി സെപ്ഷ്യ ല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ബീന കാളിയത്ത്. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി പി ശശീന്ദ്രന്‍, അഡീഷനല്‍ ഗവ. പ്ലീഡര്‍ അഡ്വ. സി കെ രാമചന്ദ്രന്‍ എന്നിവര്‍ ഹാജരായി.

Next Story

RELATED STORIES

Share it