kannur local

കൊട്ടിയൂരില്‍ ഹരിത ഉല്‍സവത്തിന് തീരുമാനം



കണ്ണൂര്‍: കൊട്ടിയൂര്‍ വൈശാഖ മഹോല്‍സവത്തോടനുബന്ധിച്ച് പ്രദേശത്ത് പ്ലാസ്റ്റിക് സഞ്ചി ഉപയോഗത്തിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തും. ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് കലക്ടറേറ്റില്‍ എഡിഎമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാ—നം. ജില്ല പ്ലാസ്റ്റിക് കാരിബാഗ് മുക്തമാക്കി പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കും. ഉല്‍സവകാലത്ത് കച്ചവടസ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ നല്‍കുന്ന സമയത്തുതന്നെ ഇക്കാര്യം കാണിച്ച് വ്യാപാരസ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി. വ്യാപാരസ്ഥാപനങ്ങള്‍ തുണിസഞ്ചി, പേപ്പര്‍ എന്നിവ മാത്രമേ ഉപയോഗിക്കാവൂ. ഉല്‍സവശേഷം പ്രദേശം വൃത്തിയാക്കുന്ന കാര്യവും ശ്രദ്ധിക്കണം. കൂടാതെ ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തില്‍ കച്ചവടം പാടില്ല. പ്രഥമശുശ്രൂഷ നല്‍കുന്നതില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആരോഗ്യവകുപ്പ് പരിശീലനം നല്‍കും. ക്രമസമാധാനത്തിന് പോലിസുകാരെ നിയോഗിക്കും. ഇക്കരെ കൊട്ടിയൂരില്‍ പോലിസ് ഔട്ട് പോസ്റ്റും പ്രദേശത്ത് സിസിടിവികളും സ്ഥാപിക്കും. ലഹരിവസ്തുക്കളുടെ ഉപയോഗവും വില്‍പനയും തടയുന്നതിന് പോലിസും എക്‌സൈസും സംയുക്ത പരിശോധനയും നടത്തും. ആവശ്യത്തിന് വനിതാ പോലിസുകാരുടെ സേവനവും ഉറപ്പുവരുത്തും. വാഹന പാര്‍ക്കിങിന് അഞ്ചു കേന്ദ്രങ്ങളാണ് ഒരുക്കുക. കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. പ്രധാന ചടങ്ങുകളുള്ള ദിവസങ്ങളില്‍ അധിക സര്‍വീസ് നടത്തുന്നതിന് കെഎസ്ആര്‍ടിസിക്കും പിഎച്ച്‌സിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍, 24 മണിക്കൂര്‍ വൈദ്യസഹായം എന്നിവ ഒരുക്കുന്നതിന് ആരോഗ്യവകുപ്പിനും നിര്‍ദേശം നല്‍കി.  കുടിവെള്ള വിതരണം, വൈദ്യുതി വിതരണം എന്നിവയ്ക്കും സംവിധാനം ഒരുക്കിയിട്ടുണ്ട്.  ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കലക്ടറുടെ സാന്നിധ്യത്തില്‍ കൊട്ടിയൂരില്‍ മേയ് 15നകം യോഗം ചേരാനും തീരുമാനമായി. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ഭാരവാഹികള്‍, ജനപ്രതിനിധികള്‍  പങ്കെടുത്തു.
Next Story

RELATED STORIES

Share it