Second edit

കൊട്ടിക്കലാശം

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലയാള ഭാഷയില്‍ പ്രചുരപ്രചാരമാര്‍ജിച്ച പദമാണ് കൊട്ടിക്കലാശം. പ്രചാരണങ്ങള്‍ നിശ്ചിത സമയത്ത് അവസാനിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടംകെട്ടുന്നു. ആ സമയത്ത് പരമാവധി പ്രചാരണം നടത്താന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിശ്ചയിക്കുന്നു. പിന്നീട് നടക്കുന്നത് ശക്തമായ മല്‍സരമാണ്. പ്രസംഗം, പാട്ട്, ആട്ടവും ചാട്ടവും- എന്തെല്ലാം ശബ്ദഘോഷങ്ങള്‍. എല്ലാ പ്രദേശങ്ങളിലും ഈ പ്രചാരണഘോഷം നടക്കുന്നു. അതിന് ജനം ഇട്ട പേരാണ് കൊട്ടിക്കലാശം. കാണാനും ആസ്വദിക്കാനും ആളുണ്ടെങ്കില്‍ കൊട്ടിക്കലാശക്കാര്‍ക്കുണ്ടോ വല്ല മുന്‍ പിന്‍ നോട്ടവും.
എന്നാല്‍, കൊട്ടിക്കലാശം സൃഷ്ടിക്കുന്ന ശബ്ദമലിനീകരണത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ട് എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? കൊട്ടിക്കലാശം ഗതാഗതക്കുരുക്കുകള്‍ സൃഷ്ടിക്കുന്നു. പലേടത്തും പാര്‍ട്ടിക്കാര്‍ തമ്മില്‍ സംഘര്‍ഷങ്ങളുണ്ടാവാറുമുണ്ട്. ജനജീവിതത്തിന് കടുത്ത അലോസരം സൃഷ്ടിക്കുന്ന ഈ സര്‍ഗാവിഷ്‌കാരമുണ്ടാക്കുന്ന വിനകളെപ്പറ്റി വലിയ വേവലാതിയൊന്നും ആര്‍ക്കുമില്ല. പള്ളിയിലെ ബാങ്കുവിളിയുടെ ശബ്ദം കുറയ്ക്കണമെന്നും ഹര്‍ത്താല്‍ നിരോധിക്കണമെന്നുമെല്ലാം ആവശ്യപ്പെടുന്ന നേതാക്കന്മാര്‍പോലും തങ്ങളുടെ അനുയായികള്‍ ചെയ്യുന്ന സാമൂഹികദ്രോഹത്തിന്റെ ഗൗരവം കണക്കിലെടുത്തിട്ടുണ്ടെന്നു തോന്നുന്നില്ല.
കൊട്ടിക്കലാശം തങ്ങളുടെ നാട്ടില്‍ വേണ്ട എന്ന് ചിലേടത്തെങ്കിലും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ചേര്‍ന്നു തീരുമാനിച്ചിട്ടുണ്ട്. ഈ വിവേകം രാഷ്ട്രീയകക്ഷികളുടെ ഉന്നതതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഉണ്ടായാല്‍ വളരെ നന്നായേനെ!
Next Story

RELATED STORIES

Share it