Kollam Local

കൊട്ടാരക്കര സ്റ്റേഷനിലെ ആര്‍എസ്എസ് ആക്രമണം: എസ്‌ഐയെ ബലിയാടാക്കാന്‍ ശ്രമം

കൊട്ടാരക്കര: പോലിസിനെ ആക്രമിച്ച സംഭവങ്ങള്‍ മുമ്പ് നിരവധിയുണ്ടായിട്ടും പോലിസ് ഓഫിസര്‍മാര്‍ ഒത്തു തീര്‍പ്പുകള്‍ക്ക് വശംവദരായതാണ് ഇപ്പോള്‍ സംഘപരിവാരത്തിന് കൊട്ടാരക്കരയില്‍ പോലിസ് സ്റ്റേഷന്‍ ആക്രമത്തിന് ധൈര്യം പകര്‍ന്നതെന്ന് ആരോപണം. എങ്കിലും ഇപ്പോള്‍ സേനയിലെ ചിലരെ ബലിയാടാക്കികൊണ്ട് സംഭവത്തിന്റെ തീവ്രത കുറയ്ക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ നടന്നു വരുന്നുണ്ട്. അഞ്ച് വര്‍ഷം മുമ്പ് ഇവിടെ ചുമതലയില്‍ ഉണ്ടായിരുന്ന ഒരു എസ്‌ഐയെ സംഘപരിവാര്‍ സംഘം മര്‍ദ്ദിച്ചിരുന്നു.
പോലിസ് സ്റ്റേഷനു തൊട്ടടുത്തു നടന്ന ദേശീയപാത ഉപരോധം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനടയിലായിരുന്നു മര്‍ദ്ദനം. ഒരു സാധാരണ കേസായി മാത്രം ഇത് ഒതുക്കുപ്പെടുകയായിരുന്നു. ഇവിടെ നിന്നു സ്ഥലം മാറിപ്പോയ ഒരു സിഐയേയും മര്‍ദ്ദിച്ച സംഭവം ഉണ്ടായിട്ടുണ്ട്. ഒരു സമരത്തിനിടയിലായിരുന്നു ഇത്. കൊട്ടാരക്കര ട്രാഫിക് എസ്‌ഐയ്ക്കും ഡ്യൂട്ടിയ്ക്കിടെ രണ്ടു തവണ മര്‍ദ്ദനം ഏറ്റിരുന്നു. ഇതെല്ലാം ഒത്തു തീര്‍ക്കാനുള്ള ശ്രമമാണ് മുകളിലുള്ളവര്‍ അന്നു നടത്തിയത്. ട്രാഫിക് എസ്‌ഐയുടെ കാര്യത്തില്‍ കേസെടുക്കാന്‍ പോലും തയ്യാറാകാതിരുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.
പിന്നീട് പ്രൈവറ്റ് പെറ്റീഷന്‍ നല്‍കാന്‍ തയ്യാറായ ഇദ്ദേഹത്തെ അതില്‍ നിന്നും പിന്‍തിരിപ്പിക്കാനും സമ്മര്‍ദ്ദം ഉണ്ടായി. കൊല്ലം പോലിസ് ജില്ലാ വിഭജിച്ച് കൊട്ടാരക്കര ആസ്ഥാനമായി കൊല്ലം റൂറല്‍ പോലിസ് ജില്ലാ നിലവില്‍ വന്നിട്ട് അഞ്ചു വര്‍ഷമാകുന്നു. എന്നാല്‍ ഇതിന്റെ പ്രയോജനം സേനയില്‍ ഉള്ളവര്‍ക്കോ പൊതുജനങ്ങള്‍ക്കോ ലഭ്യമായിട്ടില്ല. കാര്യശേഷിയുള്ള പോലിസ് മേധാവികള്‍ വിരിലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇവിടെ ചുമതല വഹിച്ചിട്ടുള്ളത്. അതും ചുരുങ്ങിയ കാലയളവില്‍ മാത്രം. പോലിസിന് ആത്മ വീര്യം ലഭിക്കണമെങ്കില്‍ അതിനു ശേഷിയുള്ള പോലിസ് മേധാവികള്‍ ഉണ്ടായിരിക്കണം. അതിന്റെ കുറവ് റൂറല്‍ പോലിസ് മേഖലയില്‍ ആകമാനം അനുഭവപ്പെടുന്നുണ്ട്. പോലിസ് സ്റ്റേഷനിലും ഡിവൈഎസ്പി ഓഫിസുകളിലും ജില്ലാ പോലിസ് ആസ്ഥാനത്തുമെല്ലാം നിലവാരമില്ലാത്ത രാഷ്ട്രീയക്കാരുടെ വലിയ ഇടപെടലുകളാണ് നടന്നുവരുന്നത്. പാറയും മണലും ഉള്‍പ്പടെ കടത്തുന്ന മാഫിയ സംഘങ്ങളുടെ ശക്തമായ മേഖലയാണ് റൂറല്‍ പോലിസ് ജില്ല. ഇവരുടേയും ഇവരെ സംരക്ഷിക്കുന്ന രാഷ്ട്രീയക്കാരുടെയും താവളമായി പല പോലിസ് ഓഫിസുകളും മാറിയിട്ടുണ്ട്. ഇപ്പോള്‍ കൊട്ടാരക്കര പോലിസ് സ്റ്റേഷനില്‍ ആക്രമം ഉണ്ടായപ്പോള്‍ പ്രതിരോധിക്കാനുള്ള ശേഷി പോലിസിനുണ്ടായിരുന്നില്ല. അംഗബലമില്ലാത്തതാണ് പ്രധാന കാരണം. കല്ലേറു തടയാനുള്ള ഷീല്‍ഡോ മറ്റ് ഉപകരണങ്ങളോ സ്‌റ്റേഷനില്‍ ഉണ്ടായിരുന്നില്ല. രാത്രി 11 മണിക്ക് സംഘര്‍ഷം ആരംഭിച്ചിട്ടും എആര്‍ ക്യാംപില്‍ നിന്നും കൂടുതല്‍ പോലിസിനെ എത്തിക്കാനുള്ള ശ്രമവും നടന്നില്ല. പുലര്‍ച്ചെ സംഘര്‍ഷം അവസാനിക്കാറായപ്പോഴാണ് കൂടുതല്‍ പോലിസ് എത്തിയത്. മുന്‍പൊക്കെ നടന്നതിന്റെ തനിയാവര്‍ത്തനം പോലെ കേസിന്റെ തീവ്രത കുറയ്ക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ അരങ്ങേറുന്നതായാണ് വിവരം. സംഘപരിവാര്‍ സംഘടനകളുടെ തലപ്പത്തു നിന്നുള്ള ഈ നീക്കം സംസ്ഥാനത്ത് ചില പോലിസ് ഉന്നതരുമായി ബന്ധപ്പെട്ടാണ്. എസ്‌ഐയെ മാറ്റി നിര്‍ത്തികൊണ്ടുള്ള ഒരന്വേഷണമാണ് ലക്ഷ്യമിടുന്നത്. പ്രതികാളായി ചിലരെ വിട്ടുകൊടുത്തുകൊണ്ട് സംഭവത്തിന്റെ തീവ്രത കുറയ്ക്കാനാണ് നീക്കം. ഇതുവഴി പ്രധാന പ്രതികള്‍ പലരേയും രക്ഷിക്കാന്‍ ഗൂഡാലോചനയിലേക്കുള്ള അന്വേഷണം മരവിപ്പിക്കാനാണ് ശ്രമം. പോലിസില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകരാനും പോലിസിന്റെ മനോ വീര്യം നഷ്ടപ്പെടുത്താനും ഇതു കാരണമാകും.
Next Story

RELATED STORIES

Share it