കൊട്ടാരക്കര പോലിസ് സ്‌റ്റേഷനു നേരെ ആര്‍എസ്എസ് ആക്രമണം; സിഐ ഉള്‍പ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

കൊട്ടാരക്കര: കൊട്ടാരക്കര പോലിസ് സ്‌റ്റേഷനു നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ സിഐ അടക്കമുള്ള പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. മൂന്നു പോലിസ് വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത ആര്‍എസ്എസുകാര്‍ സ്‌റ്റേഷന്റെ മേല്‍ക്കൂരയും ജനല്‍ച്ചില്ലുകളും എറിഞ്ഞുടച്ചു.
സിഐ സജിമോന്‍, പുത്തൂര്‍ എസ്‌ഐ വി പി സുധീഷ്, പോലിസുകാരായ ഷഫീഖ്, ദിനേശ്കുമാര്‍, ഹോംഗാര്‍ഡ് വിജയന്‍പിള്ള എന്നിവര്‍ക്കാണ് പരിക്കേറ്റത്. സിഐയെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 11ഓടെ കോട്ടാത്തലയില്‍ ഉല്‍സവ ഡ്യൂട്ടിക്കിടെ കൊട്ടാരക്കര എസ്‌ഐ ശിവപ്രകാശ് ആര്‍എസ്എസുകാര്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി പരിശോധിച്ചതാണ് സംഭവങ്ങള്‍ക്കു തുടക്കം. കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സംഘടിച്ചെത്തിയ ആര്‍എസ്എസുകാര്‍ പുലര്‍ച്ചെ ആക്രമണം നടത്തുകയായിരുന്നു. ആര്‍എസ്എസ് കൊട്ടാരക്കര താലൂക്ക് പ്രചാരക് ധനുവച്ചപുരം സ്വദേശി ബിനീഷും മറ്റു രണ്ടുപേരുമാണ് ബൈക്കിലുണ്ടായിരുന്നത്.
ബിനീഷിനെ മര്‍ദ്ദിച്ചെന്നാരോപിച്ചാണ് ആര്‍എസ്എസുകാര്‍ സ്റ്റേഷനിലെത്തി ബഹളം വച്ചത്. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ സിഐ സജിമോന്‍ ആര്‍എസ്എസുകാരോട് സ്‌റ്റേഷന്‍ പരിസരത്തുനിന്നു പുറത്തുപോവാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ സിഐയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. പോലിസ് ബലപ്രയോഗത്തിലൂടെ പുറത്താക്കിയ ആര്‍എസ്എസുകാര്‍ സ്‌റ്റേഷനിലേക്ക് കല്ലെറിഞ്ഞു. സ്റ്റേഷന്‍ പരിസരത്തുണ്ടായിരുന്ന വനിതാ എസ്‌ഐയുടെ ജീപ്പ് തകര്‍ന്നു. പോലിസ് ലാത്തിവീശിയതോടെ അക്രമിസംഘം സമീപത്തെ ഗണപതിക്ഷേത്ര വളപ്പിലും ആര്‍എസ്എസ് കാര്യാലയത്തിലും ഒളിച്ചു.
തുടര്‍ന്ന് പട്രോളിങിനിറങ്ങിയ സിഐയുടെ ജീപ്പ് ഗണപതിക്ഷേത്രക്കുളത്തിനു സമീപം ആര്‍എസ്എസുകാര്‍ തടഞ്ഞത് പോലിസുമായുള്ള അടിപിടിയില്‍ കലാശിക്കുകയായിരുന്നു. വിവരമറിഞ്ഞ് കുണ്ടറയില്‍നിന്നു കൊട്ടാരക്കരയിലേക്ക് വരുകയായിരുന്ന പോലിസ് ജീപ്പിനു നേരെയും ആക്രമണമുണ്ടായി. മണിക്കൂറുകളോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബിനീഷിനെ ഒന്നാംപ്രതിയാക്കി നൂറോളംപേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഇതില്‍ ബിനീഷ് അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആര്‍എസ്എസുകാര്‍ എത്തിയ ബൈക്കുകളും മറ്റു വാഹനങ്ങളും പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it