Kollam Local

കൊട്ടാരക്കര പട്ടണത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം



കൊട്ടാരക്കര: ഗതാഗത പരിഷ്‌ക്കാരങ്ങള്‍ പരാജയപ്പെട്ടതോടെ കൊട്ടാരക്കര പട്ടണത്തില്‍ ഗതാഗതകുരുക്ക് രൂക്ഷമായി. പകല്‍ സമയങ്ങളില്‍ കൊട്ടാരക്കര ടൗണില്‍ വാഹനങ്ങള്‍ കുരിക്കിലകടപ്പെടുന്ന കാഴ്ചയാണ് നിലവിലുള്ളത്. മൂന്ന് റോഡുകള്‍ കൂടിച്ചേരുന്ന കവലകളായ റെയില്‍വേ സ്റ്റേഷന്‍ ജങ്ഷന്‍, കച്ചേരിമുക്ക്, ചന്തമുക്ക്, മുസ്്‌ലീം സ്ട്രീറ്റ് മേല്‍പാലം ജങ്ഷന്‍, മിനര്‍വ ജങ്ഷന്‍, ലോട്ടസ് ജങ്ഷന്‍, രവിനഗര്‍ റോഡ് എന്നീ ഭാഗങ്ങളില്‍ പകല്‍ സമയങ്ങളില്‍ ഗതാഗതകുരുക്ക് രൂക്ഷമാണ്.  വാഹനഗതാഗതം നിയന്ത്രണങ്ങള്‍ക്കതീതമായതോടെ കാല്‍നടയാത്രക്കാരും ബുദ്ധിമുട്ടിലായി.  കൊട്ടാരക്കര താലൂക്കിലെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം കൊട്ടാരക്കര ടൗണില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കും ടൗണില്‍ എത്തുന്ന ആളുകള്‍ റോഡ് മുറിച്ച് കടക്കാന്‍ പാടുപെടുകയാണ്. ഗതാഗതകുരുക്ക് നിയന്ത്രിക്കുവാനും കാല്‍നടയാത്ര സുഗമമാക്കുവാനും വേണ്ടി പ്രത്യേക ട്രാഫിക് വാര്‍ഡന്‍മാരെ പലയിടത്തും നിയോഗിച്ചിട്ടില്ല. വിരലിലെണ്ണാവുന്ന ട്രാഫിക് വാര്‍ഡന്‍മാരുടെ സേവനമാണ് ടൗണില്‍ ഇപ്പോഴുള്ളത്.  ഇതും കാര്യക്ഷമമല്ല.  തിരക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ ഇവര്‍ എത്താറുമില്ല.  എല്ലാ മാസവും താലൂക്ക് വികസന സമിതി കൂടുമെങ്കിലും ഗതാഗത സുരക്ഷാ കമ്മിറ്റിയുടെ പ്രവര്‍ത്തനം കടലാസില്‍ ഒതുങ്ങുകയാണ് പതിവ്.  കൊട്ടാരക്കര മുനിസിപാലിറ്റിയും യാത്രാക്ലേശം പരിഹരിക്കുന്നതിനോ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനോ ആവശ്യമായ സത്വരനടപടികള്‍ക്ക് മുന്‍കൈ എടുത്തിട്ടുമില്ല.  ടൗണില്‍ അനധികൃത വാഹനപാര്‍ക്കിങ് തടയാന്‍ ട്രാഫിക് പോലിസ് പലയിടത്തും നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലാണ് ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.  ഇപ്പോള്‍ നോ-പാര്‍ക്കിങ്് ബോര്‍ഡുകള്‍ നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. വാഹനം പാര്‍ക്ക് ചെയ്യുവാനുള്ള പാര്‍ക്കിങ് ഏരിയായി ഈ സ്ഥലങ്ങളെ ആളുകള്‍ മാറ്റിയിട്ടുണ്ട്. എംസി റോഡും എന്‍എച്ചും സംഗമിക്കുന്ന പുലമണ്‍ കവലയില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം മിക്ക സമയവും പണിമുടക്കുന്നത് ഗതാഗതകുരുക്കിന് കാരണമാകുന്നുണ്ട്. ട്രാഫിക് പോലിസ് സംവിധാനത്തിനായി ടൗണിലെ പലയിടങ്ങളിലും പോലിസ് സേനാംഗങ്ങളെ വിന്വസിച്ചിരുന്നു.  കഴിഞ്ഞ രണ്ട് മാസം മുമ്പ് ആ സുരക്ഷാ സംവിധാനവും പോലിസ് പിന്‍വലിച്ചു. പോലിസിലെ അംഗബലക്കുറവാണ് ട്രാഫിക് ഡ്യൂട്ടിയില്‍ നിന്നും സേനാംഗങ്ങളെ ഒഴുവാക്കാന്‍ കാരണമെന്ന് അറിയുന്നു.  ദീര്‍ഘദൂര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കൊട്ടാരക്കര ടൗണില്‍ എത്തിയാല്‍ ഇവിടം വിട്ടുപോകുമ്പോള്‍ അരമണിക്കൂറെങ്കിലും നഷ്ടമാകുന്നു. ഗതാഗത പരശ്‌നങ്ങള്‍ പരിഹരിക്കുവാനായി പുതിയതായി അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള റിങ് റോഡിലാണ് ജനങ്ങളുടെ പ്രതീക്ഷയിപ്പോള്‍.
Next Story

RELATED STORIES

Share it