Kollam Local

കൊട്ടാരക്കര പകര്‍ച്ചാവ്യാധി ഭീഷണിയില്‍



കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ഡെങ്കിപനിയും പകര്‍ച്ചാവ്യാധികളും പടരുന്നു.  രോഗ വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്നാണ് ആക്ഷേപം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ 30 പേര്‍ ഡെങ്കിപനി ബാധിതരായി ചികിത്സയിലാണ്.  രോഗം ഗുരുതരമായിട്ടുള്ളവരെ ജില്ലാ ആശൂപത്രിയിലേക്കും മെഡിക്കല്‍ കോളജിലേക്കും റഫര്‍ ചെയ്തിട്ടുണ്ട്.  ഡെങ്കിപനി ബാധിച്ച് താലൂക്ക് ആശുപത്രിയില്‍ ഇതുവരെ മരണം സംഭവിച്ചിട്ടില്ല.  എന്നാല്‍ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യപ്പെട്ടവരും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുള്ളവരും മരണപെട്ടിട്ടുണ്ട്.  ബ്ലഡ് കൗണ്ട് 20000-ല്‍ താഴെയെത്തുന്നവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിവരികയാണ്. കൗണ്ട് വര്‍ദ്ധിപ്പിക്കാന്‍ പ്ലേറ്റ്‌ലറ്റ് നല്‍കുന്നതിനുള്ള സൗകര്യം ഇല്ലാത്തതുമൂലമാണ് ഇത്.  മൈലം, തൃക്കണ്ണമംഗല്‍, കുളക്കട, നെടുവത്തൂര്‍ പഞ്ചായത്തുകളില്‍ നിന്നാണ് ഡെങ്കിപനി ബാധിതര്‍ അധികവും എത്തുന്നത്.   പകര്‍ച്ച പനി ബാധിതരുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിക്കുകയാണ്.  ശരീരം തളരുന്ന വിധമുള്ള പനിയാണ് പടര്‍ന്നുപിടിക്കുന്നത്.  ആഹാരത്തോട് വിരക്തിയും കടുത്ത ശരീരവേദനയും പനി ബാധിതര്‍ക്ക് അനുഭവപ്പെടുന്നു.  താലൂക്ക് ആശുപത്രിയില്‍ പ്രത്യേക പനി ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നുണ്ട്.  ശരാശരി 300 ലധികം പേരാണ് ചികിത്സതേടി എത്തുന്നത്.  കഴിഞ്ഞ രണ്ട് ദിവസമായി വയറിളക്കം ബാധിച്ചെത്തുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെല്‍സണ്‍ അറിയിച്ചു.  രോഗ കാരണങ്ങള്‍ സസൂഷ്മം നിരീക്ഷിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. വേനല്‍കാലത്ത് മഞ്ഞപിത്തവും ചിക്കന്‍പോക്‌സും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ ശമനമായിട്ടുണ്ട്.  എച്ച് വണ്‍ എന വണ്‍ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു.  ഡെങ്കിപനിയും മറ്റ് പകര്‍ച്ച വ്യാധികളും പിടിപെടുന്നവരിലധികം സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിച്ച് വരുന്നത്.  മെച്ചപ്പെട്ട ചികില്‍സ ലക്ഷ്യം വച്ചാണിത്.  ഇതുമൂലം രോഗബാധിതരുടെ യഥാര്‍ത്ഥ കണക്കുകള്‍ വ്യക്തമല്ല.  തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്നതില്‍ പകര്‍ച്ചാ വ്യാധികള്‍ പിടിപെടുന്ന കുടുംബങ്ങള്‍ കടകെണിയില്‍ അകപ്പെടുകയാണ്.   വാര്‍ഡ്തല സാനിറ്റേഷന്‍ കമ്മറ്റികളൊന്നും പ്രവര്‍ത്തന ക്ഷമമല്ല.  കമ്യൂനിറ്റി ഹെല്‍ത്ത് സെന്ററുകള്‍ വഴിയുള്ള ആരോഗ്യ പ്രവര്‍ത്തനവും കടലാസില്‍ മാത്രം.  വാര്‍ഡ്തല സാനിറ്റേഷന്‍ പ്രവര്‍ത്തനത്തിന് പതിനായിരം രൂപയാണ് എല്ലാ വര്‍ഷവും അനുവദിക്കുന്നത്. ഇത്തവണ അത് ഇരട്ടിയാക്കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ക്ക് അത് പ്രയോജനപെട്ടിട്ടില്ല.  ആശാവര്‍ക്കര്‍മാരുടെ വേതനത്തില്‍ മൂന്നിരട്ടിയിലധികം വര്‍ദ്ധനവ് വരുത്തിയിട്ടും പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടില്ല.  സ്‌കൂള്‍ വര്‍ഷം ആരംഭിച്ചതോടെ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാന്‍ പെടാപാടുപ്പെട്ട കുടുംബങ്ങള്‍ ചികില്‍സയ്ക്ക് പണം കണ്ടെത്താന്‍ കഴിയാതെ പെടാപ്പാടുപെടുകയാണ്. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കുടിശ്ശികയായിട്ട് ആറ് മാസത്തോളമായി. സ്വകാര്യ കശുവണ്ടി ഫാക്ടറികളിലധികവും അടച്ചിട്ടിരിക്കുന്നതിനാല്‍ ഇഎസ്‌ഐആനുകൂല്യവും ലഭ്യമല്ല.  രോഗപ്രതിരോധത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം പരാജയമാണ്.  പഞ്ചായത്തുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ല.  മാലിന്യ നിര്‍മാര്‍ജ്ജനവും കൊതുക് നശീകരണവും പ്രചാരണങ്ങളില്‍ മാത്രമൊതുങ്ങി.
Next Story

RELATED STORIES

Share it