Kollam Local

കൊട്ടാരക്കര നഗരസഭ ഓഫിസ് ശോച്യാവസ്ഥയില്‍



കൊട്ടാരക്കര: മഴ തുടരുന്നതോടെ കൊട്ടാരക്കര നഗരസഭ ഓഫിസ് കെട്ടിടത്തിന്റെ താഴത്തെ നില വെള്ളക്കെട്ടായി. ഓഫിസിനുള്ളിലെ ശൗചാലയങ്ങള്‍ മാലിന്യം നിറഞ്ഞ് തടസ്സപ്പെട്ട് ദുര്‍ഗന്ധം പരത്തുന്നു. ഇവിടെ ഇരുന്ന് ജോലി ചെയ്യുവാന്‍ കഴിയാതെ ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന പൊതുജനങ്ങളും  വലയുന്നു. കൊട്ടാരക്കര പഞ്ചായത്ത്  നഗരസഭയായി ഉയര്‍ത്തിയെങ്കിലും പഴയ പഞ്ചായത്ത് ഓഫിസ് തന്നെയാണ് നഗരസഭ ഓഫിസായി പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിടം പഞ്ചായത്ത് ഓഫിസായി പ്രവര്‍ത്തിക്കുമ്പോഴും എല്ലാ മഴക്കാലത്തും ഈ ദുഃസ്ഥിതി തുടര്‍ന്നിരുന്നു. നഗരസഭ  ഓഫിസായി മാറിയപ്പോഴും പഴയ അവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. ഈ കെട്ടിടത്തിന്റെ താഴത്തെ നില റോഡ് നിരപ്പിലും താഴെയാണുള്ളത്. ഇതുമൂലമാണ് മഴപെയ്യുമ്പോള്‍ ഊറ്റുവെള്ളം  ഓഫിസിനുള്ളില്‍ നിറയുന്നത്. വെള്ളത്തില്‍ ചവിട്ടി വേണം  ഓഫിസിനുള്ളില്‍ കടക്കാനും നില്‍ക്കാനും. പ്രവേശന കവാടത്തിലുള്ള വൈസ് ചെയര്‍മാന്റെ മുറി വെള്ളം കയറിയതുമൂലം അടച്ചിട്ടിരിക്കുകയാണ്. ഓഫിസിനുള്ളില്‍ ജീവനക്കാര്‍ക്കായുള്ള  മൂന്നു ശൗചാലയങ്ങളും അടഞ്ഞു കിടക്കുകയാണ്. മാലിന്യം ഒഴുകി പേകേണ്ടുന്ന കുഴലുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ മഴപെയ്യുമ്പോള്‍ മാലിന്യവും ദുര്‍ഗന്ധവും പുറത്തേക്ക് വമിക്കുകയാണ്. മൂക്കു പൊത്താതെ നഗരസഭ ഓഫിസിനുള്ളില്‍ പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം രാവിലെ ദുര്‍ഗന്ധം കാരണം ജീവനക്കാര്‍ക്ക് അകത്തു പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ക്ലീനിങ് വിഭാഗം ജീവനക്കാര്‍ എത്തി ലോഷനും, സുഗന്ധദ്രവ്യങ്ങളും തളിച്ചതിനുശേഷമാണ് ജീവനക്കാര്‍ക്ക് ഓഫിസിനുള്ളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത്. സ്ത്രീകളടക്കമുള്ള ജീവനക്കാരും പൊതുജനങ്ങളുമാണ് ഇതു മൂലം ബുദ്ധിമുട്ടുന്നത്. ശൗചാലയങ്ങളുടെ അറ്റകുറ്റ പണിക്ക് മൂന്നര ലക്ഷം രുപ നീക്കിവച്ചിട്ട് രണ്ടു വര്‍ഷം കഴിഞ്ഞെങ്കിലും ഒരു തുടര്‍ നടപടിയും ഉണ്ടായില്ല. പൊട്ടിപൊളിഞ്ഞ കെട്ടിടത്തിന്റെ നവീകരണത്തിനായി 40 ലക്ഷത്തിലധികം രുപയും വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ തുടര്‍ നടപടികള്‍ എല്ലാം വൈകുകയാണ്. ഇതുമൂലം ജീവനക്കാരും പൊതുജനങ്ങളും ഒരു പോലെ ബുദ്ധിമുട്ടുകയാണെങ്കിലും മെല്ലെപ്പോക്ക് നയത്തിലാണ് ഭരണ സമിതി. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it