കൊട്ടക്കാമ്പൂര്‍ ഭൂമി; ജോയ്‌സ് ജോര്‍ജിന് അനുകൂലമായി പോലിസ് റിപോര്‍ട്ട്

ടി എസ് നിസാമുദ്ദീന്‍

ഇടുക്കി: കൊട്ടക്കാമ്പൂരിലെ ഭൂമി ഇടുക്കി എംപി അഡ്വ. ജോയ്‌സ് ജോര്‍ജിനു കിട്ടിയത് നിയമപരമായിട്ടാണെന്ന് മൂന്നാര്‍ ഡിവൈഎസ്പിയുടെ റിപോര്‍ട്ട്. ഇതോടെ ഭൂമി വിവാദ—ത്തില്‍ ജോയ്‌സ് ജോര്‍ജിന് പോലിസിന്റെ ക്ലീന്‍ ചിറ്റാണ് ലഭിച്ചിരിക്കുന്നത്. കൂടുതല്‍ രേഖകള്‍ കണ്ടെത്താന്‍ കഴിയാത്തതുമൂലം അന്വേഷണം മുന്നോട്ടുകൊണ്ടുപോവാന്‍ സാധിക്കില്ലെന്നും റിപോര്‍ട്ടില്‍ ഉണ്ട്. റിപോര്‍ട്ട് തൊടുപുഴ സെഷന്‍സ് കോടതിയിലാണ് മൂന്നാര്‍ ഡിവൈഎസ്പി സമര്‍പ്പിച്ചിരിക്കുന്നത്.
ഇടുക്കി വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ ജോയ്‌സ് ജോര്‍ജ് എംപിയുടെയും കുടുംബത്തിന്റെയും 28 ഏക്കര്‍ ഭൂമിയുടെ പട്ടയമാണ് കഴിഞ്ഞ നവംബര്‍ 11ന് റദ്ദാക്കിയത്. വ്യാജ പട്ടയത്തിലൂടെ സര്‍ക്കാരിന്റെ തരിശുഭൂമി കൈയേറിയെന്ന് ദേവികുളം സബ്കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതേ ത്തുടര്‍ന്ന് സര്‍ക്കാര്‍ പട്ടയം റദ്ദ് ചെയ്യുകയായിരുന്നു. കൊട്ടക്കാമ്പൂര്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 58ല്‍ 32 ഏക്കര്‍ സ്ഥലമാണ് ജോയ്‌സ് ജോര്‍ജിന്റെയും കുടുംബത്തിന്റെയും കൈവശമുള്ളത്. ഈ ഭൂമിയില്‍ 28 ഏക്കറിന്റെ പട്ടയം രേഖകള്‍ കൃത്യമല്ലെന്ന് കാട്ടി റദ്ദാക്കുകയായിരുന്നു. ജോയ്‌സ് ജോര്‍ജ്, ഭാര്യ അനൂപ, ജോയ്‌സിന്റെ സഹോദരങ്ങളായ ജോര്‍ജി ജോര്‍ജ്, രാജീവ് ജ്യോതിഷ്, സഹോദരീ ഭര്‍ത്താവ് ഡേവിഡ് ജോബ്, മറ്റൊരു സഹോദരന്‍ ജസ്റ്റിന്റെ ഭാര്യ ജിസ്, മാതാവ് മേരി ജോര്‍ജ് എന്നിവരുടെ പേരിലുള്ളതാണ് പട്ടയം റദ്ദാക്കിയ 28 ഏക്കര്‍ ഭൂമി. ഇതില്‍ ജോയ്‌സിനും ഭാര്യക്കും മാത്രമായിട്ടുള്ളത് എട്ടേക്കറാണ്.
കൊട്ടക്കാമ്പൂരില്‍ താമസിക്കുന്ന തമിഴ് വംശജരും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുമായ മുരുകന്‍, ഗണേശന്‍, വീരമ്മാള്‍, പൂങ്കൊടി, ലക്ഷ്മി, ബാലന്‍, മാരിയമ്മാള്‍, കുമാരക്കള്‍ എന്നിവരില്‍ നിന്ന് 2001ല്‍ ജോയ്‌സിന്റെ പിതാവ് ജോര്‍ജ് 32 ഏക്കര്‍ ഭൂമി പവര്‍ ഓഫ് അറ്റോര്‍ണിയിലൂടെ കൈവശപ്പെടുത്തിയതായി 2014ല്‍ കലക്ടര്‍ക്കു പരാതി ലഭിച്ചിരുന്നു. വ്യാജരേഖകള്‍ ഉപയോഗിച്ച് ആദ്യ ഉടമകളുടെ പേരില്‍ പട്ടയം തരപ്പെടുത്തുകയും പിന്നീട് ആ വസ്തു സ്വന്തമാക്കുകയും ചെയ്‌തെന്നാണ് ആരോപണം. അതേസമയം, കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദം രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ജോയ്‌സ് ജോര്‍ജ് എംപി വിശദീകരണവുമായി രംഗത്തുവന്നിരുന്നു.
കൊട്ടക്കാമ്പൂരിലെ ഭൂമി പിതാവ് നല്‍കിയതാണ്. അതില്‍ തന്റേതായ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല. രേഖകള്‍ പരിശോധിച്ച് സര്‍ക്കാരിന് എന്തു തീരുമാനവും കൈക്കൊള്ളാം. തന്റെ പക്കലുള്ള എല്ലാ രേഖകളും നല്‍കാന്‍ തയ്യാറാണ്. കൊട്ടക്കാമ്പൂര്‍ ഭൂമിയുമായി ബന്ധപ്പെട്ട് യാതൊരു രാഷ്ട്രീയ വിവാദത്തിനുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനിടെ മന്ത്രി എം എം മണിയും കൊട്ടക്കാമ്പൂര്‍ ഭൂമിവിഷയത്തില്‍ എംപിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചിരുന്നു. ഇതിനിടെയാണ് മൂന്നാര്‍ ഡിവൈഎസ്പിയുടെ ക്ലീന്‍ചിറ്റു കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.
Next Story

RELATED STORIES

Share it