കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റം; തീരുമാനം ഇനി ലാന്‍ഡ് റവന്യൂ കമ്മീഷണറുടേത്‌

സി എ സജീവന്‍

തൊടുപുഴ: രാഷ്ട്രീയ ഇടപെടലിനു സാധ്യതയേറി കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റം സംബന്ധിച്ച തീരുമാനം ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ മുന്നിലേക്ക്. അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി ഉള്‍പ്പെട്ട വിവാദമായ കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റം സംബന്ധിച്ച തീരുമാനം ഇനി ലാന്‍ഡ് റവന്യൂ കമ്മീഷണറായിക്കും കൈക്കൊള്ളുക.
വിവാദ ഭൂമിയുമായി ബന്ധപ്പെട്ട ഹിയറിങ് ദേവികുളം സബ് കലക്ടറുടെ ഓഫിസില്‍ നടക്കുന്നതിനിടെയാണ് അവിചാരിതമായ ഈ വഴിത്തിരിവ്. ഇന്നലെ ഹിയറിങിനെത്തിയ വേളയില്‍ ഇതു സംബന്ധിച്ച കോടതി ഉത്തരവ് എംപി ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ ദേവികുളം സബ് കലക്ടര്‍ക്ക് നല്‍കി. വിവാദമായ ഭൂമി കൈയേറ്റക്കേസ് ദേവികുളം സബ് കലക്ടറുടെയും ഇടുക്കി കലക്ടറുടെയും പരിധി വിട്ടു തലസ്ഥാനത്തേക്ക് കടന്നതു ഹൈക്കോടതി ഉത്തരവിലൂടെയാണ്. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ പി ജെയിംസാവും ഇൗ കേസ് ഇനി പരിഗണിക്കുക. ഇതോടെ വിഷയത്തില്‍ രാഷ്ട്രീയ ഇടപെടലിനുള്ള സാധ്യതയും ഏറിയതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഭരണത്തലപ്പത്തുള്ള സിപിഎം നേതാക്കളും സിപിഐയുടെ റവന്യൂമന്ത്രിയും ജോയ്‌സ് ജോര്‍ജ് എംപി ഭൂമി കൈയേറിയിട്ടില്ലെന്ന നിലപാടിലാണ്. ഇക്കാര്യം പലവട്ടം ഇവര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.
ഭൂമിയുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് ദോഷകരമാണെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് എംപി ഹരജി നല്‍കുകയും തുടര്‍ന്നു ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. കേസ് പരിഗണിച്ച ഹൈക്കോടതി ലാന്‍ഡ് റവന്യൂ കമ്മീണറുടെ തീര്‍പ്പ് ഉണ്ടാവുന്നതു വരെ ഈ കേസില്‍ ദേവികുളം സബ് കലക്ടറുടെ എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിരുന്നു.
ജോയ്‌സ് ജോര്‍ജിന്റെ പിതാവ് കൈയേറിയെന്ന് ആരോപിക്കപ്പെടുന്ന 28 ഏക്കറോളം ഭൂമി ഏറ്റെടുത്ത് നേരത്തെ ദേവികുളം സബ് കലക്ടര്‍ ഉത്തരവിട്ടിരുന്നു. എംപിയെയും മറ്റും കേള്‍ക്കാതെയാണു സബ് കലക്ടറുടെ ഉത്തരവെന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എംപി ജില്ലാ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കിയിരുന്നു. തുടര്‍ന്ന് എംപിയെയും മറ്റും വീണ്ടും കേള്‍ക്കാനും അതനുസരിച്ച് ആവശ്യമെങ്കില്‍ പുതിയ തീരുമാനമെടുക്കാനും മുന്‍ ജില്ലാ കലക്ടര്‍ അരുണ്‍ ഗോകുല്‍ സബ് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി ഉത്തരവിടുകയായിരുന്നു.
ഇതു പ്രകാരം എംപി ജോയ്‌സ് ജോര്‍ജ്, അനൂപ് ജോര്‍ജ്, മേരി ജോര്‍ജ്, രാജീവ് ജ്യോതിഷ് ജോര്‍ജ്, ജിസ എന്നീ കക്ഷികള്‍ക്കു നോട്ടീസ് അയക്കുകയും ഹിയറിങ് നടത്തുകയും ചെയ്തു.
എല്ലാ സിറ്റിങുകളിലും കക്ഷികള്‍ക്കായി അഭിഭാഷകരായിരുന്നു ഹാജരായത്. ഒന്നാമത്തെ ഹിയറിങിനിടെ ഭൂമിയുടെ യഥാര്‍ഥ ഉടമകളെ ഹജരാക്കണമെന്നു സബ്കലക്ടര്‍ ഉത്തരവിട്ടെങ്കിലും അവരും ഹാജരായില്ല. പകരം അഭിഭാഷകരാണെത്തിയത്.
വ്യാജ മുക്ത്യാര്‍ സംഘടിപ്പിച്ച് കൈയേറ്റ ഭൂമിക്ക് പട്ടയം ഉണ്ടാക്കിയെന്നതാണു കേസ്. ഈ ഭൂമിയുമായി ബന്ധപ്പെട്ട മുഴുവന്‍ ഇടപാടുകളിലും ദുരൂഹതയുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണു സംഭവം വിവാദമായത്.
കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷന്‍ വേളയില്‍ ഇടതു സ്ഥാനാര്‍ഥിയായി രംഗത്തുവന്ന കോണ്‍ഗ്രസ് സഹയാത്രികനായിരുന്ന ജോയ്‌സ് ജോര്‍ജിനെതിരേ രാഷ്ട്രീയ എതിരാളികളാണു ഭൂമി കൈയേറ്റം ഉയര്‍ത്തിക്കൊണ്ടുവന്നത്.

Next Story

RELATED STORIES

Share it