palakkad local

കൊടുവായൂര്‍ സ്‌കൂളിനു മുന്നില്‍ സുരക്ഷാ ക്രമീകരണങ്ങളില്ല

പുതുനഗരം: കൊടുവായൂര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങള്‍ക്കും ആതുരാലയങ്ങള്‍ക്കും മുമ്പില്‍ യാത്രക്കാരുടെയും വിദ്യാര്‍ഥികളുടെയും സുരക്ഷിതക്കായി സുരക്ഷാ സംവിധാനങ്ങള്‍ ക്രമീകരിക്കാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നു. കൊടുവായൂര്‍ ഹൈസ്‌കൂളിനു മുന്നില്‍ ഇത്തരത്തില്‍ സുരക്ഷാ സംവിധാനമില്ലാത്തത് വിദ്യാര്‍ഥികളുടെ റോഡ് മുറിച്ചുകടക്കല്‍ ദുരിതമായിരിക്കുകയാണ്. ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പഠിക്കുന്ന കൊടുവായൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നില്‍ റോഡു കടക്കാനായി സീബ്രാ വരകളോ, വാഹനങ്ങളുടെ വേഗതനിയന്ത്രിക്കാന്‍ സ്പീഡ് ബ്രേക്കുകളോ ഇല്ല. വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ കയ്യില്‍പ്പിടിച്ച് റോഡു മുറിച്ചു കടക്കേണ്ട സ്ഥിതിയാണ്. കൊടുവായൂര്‍, കുനിശ്ശേരി ഭാഗത്തുനിന്നും ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങള്‍ക്കിടയിലൂടെ വേണം വിദ്യാര്‍ഥികള്‍ക്ക് റോഡ് കടക്കാന്‍. ഹൈസ്‌കൂളിനു മുന്നിലാണ് പഞ്ചായത്ത് ബസ്റ്റാന്റിന്റെങ്കിലും ബസുകള്‍ സ്റ്റാന്റില്‍ കയറാത്തതിനാല്‍ ഹൈസ്‌കൂളിനു മുന്നിലാണ് ബസ്സുകള്‍ നിര്‍ത്തുന്നത്. നിര്‍ത്തിയിട്ട ബസ്സിന്റെ പിറകിലൂടെ റോഡ് മുറിച്ചു കടക്കുന്നതും അപകടത്തിനിടയാക്കുന്നു. മാത്രമല്ല വിദ്യാലയങ്ങള്‍ക്കുമുമ്പില്‍ രാവിലെയും വൈകീട്ടും വിദ്യാര്‍ഥികളുടെ സുരക്ഷിതത്വത്തിനായി പോലിസുകാരുടെ സേവനം ഉപയോഗപ്പെടുത്താനും അധികൃതര്‍ തയ്യാറാവുന്നില്ല. അടുത്തിടെ ഹൈസ്‌കൂളിന്റെ കമാനം പുതുക്കിപ്പണിതെങ്കിലും അധ്യായനത്തിനെത്തുന്ന വിദ്യാര്‍ഥികളുടെ സുരക്ഷയെപ്പറ്റി ഭരണകൂടമോ സ്‌കൂളധികൃതരോ ചിന്തിച്ചിട്ടില്ല. സ്റ്റാന്റിന് മുന്നില്‍ തമിഴ്‌നാട് ബസ്സുകള്‍ ദീര്‍ഘനേരം നിര്‍ത്തിയിടുന്നതും വില്ലനാവുന്നുണ്ട്. കോടികള്‍ ചെലവഴിച്ച ബസ്റ്റാന്റ് നോക്കുകുത്തിയായതോടെ ബസ്സുകള്‍ നിര്‍ത്തിയിടുന്നത് റോഡിലാണ്.
Next Story

RELATED STORIES

Share it