palakkad local

കൊടുവായൂരില്‍ വീണ്ടും സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്‌ : നാളെ ഹര്‍ത്താല്‍



കൊല്ലങ്കോട്: രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് കൊടുവായൂരില്‍ സിപിഎം നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. ആല്‍ത്തറയില്‍ കല്ലേറും കൈയാങ്കളിയും അരങ്ങേറി. പോലിസ് ലാത്തി വീശി. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം കൊടുവായൂര്‍ ഹൈസ്‌കൂളിന് മുന്നില്‍ എസ്എഫ്‌ഐയുടെ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ഡിവൈഎഫ്‌ഐ ആര്‍എസ്എസ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഇന്നലെ വീണ്ടും അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കൊടുവായൂരില്‍ ആര്‍എസ്എസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഇന്നലെ സിപിഎം പ്രകടനത്തിനിടെ സംഘപരിവാര്‍ സംഘടനകളുടെ ഫഌക്‌സുകളും കൊടിതോരണങ്ങളും വ്യാപകമായി നശിപ്പിച്ചതായി ആര്‍എസ്എസ് ആരോപിച്ചു. കഴിഞ്ഞ ദിവസം ആര്‍എസ്എസ് സിപിഎം ഓഫിസിനും നേതാക്കള്‍ക്കും നേരെ അക്രമം നടത്തിയതായി സിപിഎമ്മും ആരോപിച്ചു. രണ്ടുദിവസമായി കൊടുവായൂരില്‍ അരങ്ങേറിയ രാഷ്ട്രീയ സംഘട്ടനത്തില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും അക്രമത്തിന് ഇരയായി. അതിക്രമം രൂക്ഷമായതോടെ ഇന്നലെ ടൗണില്‍ വ്യാപാരികള്‍ കടയടച്ച് പ്രതിഷേധിച്ചത് ഹര്‍ത്താലിന്റെ പ്രതീതി ഉളവാക്കി. ഇതുവഴിയുള്ള വാഹനങ്ങളും പോലിസ് വഴിതിരിച്ചുവിട്ടു. അക്രമം നടത്തിയവരുടെ പേരില്‍ പോലിസ് കൊലപാതക ശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. ജില്ലാ പോലിസ് മേധാവി പ്രതീഷ് കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it