kozhikode local

കൊടുവള്ളിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായി റസ്സാഖുമാര്‍

താമരശ്ശേരി: സംസ്ഥാനത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിയുന്നതിനുമുമ്പ് തന്നെ കൊടുവള്ളിയില്‍ റസ്സാഖുമാരുടെ പോരാട്ടം കനത്തു. ഇടതും വലതും മുന്നണികള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കുന്ന തിരക്കിനിടയില്‍ കൊടുവള്ളിയില്‍ ലീഗിലെ എം എ റസ്സാഖും സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥി കാരാട്ടു റസ്സാഖുമാണ് മുഖ്യമായും പോരാട്ട രംഗത്തുള്ളത്. ലീഗില്‍ നിന്നും ഈയടുത്ത് പുറത്ത് പോയ കാരാട്ട് റസ്സാഖ് കഴിഞ്ഞ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും, ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറിയുമായിരുന്നു.
പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരും അധികാര വടംവലിയും റസ്സാഖിനെ പാര്‍ട്ടിയില്‍ നിന്നകറ്റുകയായിരുന്നു. ഇതോടെ സ്വതന്ത്ര്യ വേഷത്തില്‍ കളത്തിലിറങ്ങിയ കാരാട്ടിനെ ഇടതുമുന്നണി സ്വന്തമാക്കുകയും ചെയ്തു. ഇതിനുപിന്നില്‍ സിപിഎമ്മിനു രണ്ടു ലക്ഷ്യമാണുള്ളതെന്നു കൊടുവള്ളിയില്‍ പരസ്യമായ രഹസ്യമാണ്.
ലീഗിന്റെ ഉരുക്കു കോട്ടയില്‍ തങ്ങള്‍ക്ക് കാര്യമായി സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്ന തിരിച്ചറിവും തങ്ങളുടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലുള്ള അധ്വാനവും സാമ്പത്തിക ചെലവും ലീഗ് വിമതനിലൂടെ ഒഴിഞ്ഞു കിട്ടുമെന്ന കണക്കുകൂട്ടലുമാണ് പിന്നിലെന്ന് പരക്കെ ആരോപണം ഉയരുന്നു. കൊടുംചൂടിനെ അവണിച്ചുകൊണ്ട് ഇരു സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും മണ്ഡലത്തില്‍ രണ്ടാംഘട്ട പ്രചാരണത്തില്‍ ഏറെ മുന്നേറിക്കഴിഞ്ഞിട്ടുണ്ട്. ഇവിടെ ലീഗിനു അഭിമാന പോരാട്ടമായാണ് പ്രവര്‍ത്തകരും നേതൃത്വവും കാണുന്നത്.
തങ്ങളെ ഒറ്റുക്കൊടുത്തവനെയും അവനെ സഹായിക്കുന്നവരേയും തിരഞ്ഞെടുപ്പിലൂടെ പാഠം പഠിക്കണമെന്ന് വാശിയാണ് കൊടുവള്ളിയില്‍ ഓരോ പ്രവര്‍ത്തകന്റെയും ചിന്തയും പ്രചരണവും. ഇതിനായി ഓരോ പ്രവര്‍ത്തകനും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിശ്രമം ഇല്ല എന്ന നിലപാടിലാണുള്ളത്. വിദേശത്തുള്ള പ്രവര്‍ത്തകരെയും വരുംദിനത്തില്‍ കൊടുവള്ളിയില്‍ എത്തിക്കും. ഏത് നിലയ്ക്കും ലീഗിനെ കൊടുവള്ളിയ്ല്‍ നിന്നും കെട്ടുകെട്ടിക്കുക എന്ന ലക്ഷ്യവുമായാണ് ഇടതുമുന്നണി കാരാട്ട് റസ്സാഖിനൊപ്പം പ്രചരണത്തിനു ചുക്കാന്‍ പിടിക്കുന്നത്. മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ അനുകൂല തരംഗമല്ല യുഡിഎഫിനുള്ളതെന്ന തിരിച്ചറിവ് ഇതിനു ആക്കം കൂട്ടുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പിനു ഒന്നര മാസത്തോളം ഇനിയും ബാക്കി നില്‍ക്കെ കൊടുവള്ളിയില്‍ പ്രചരണവും ഏറെ നീണ്ടു നില്‍ക്കും. 2006ലെ തിരഞ്ഞെടുപ്പിനേക്കള്‍ വീറും വാശിയുമുള്ള തിരഞ്ഞെടുപ്പും പ്രചരണ കോലാഹലങ്ങളുമാണ് ഇനി ഈ സ്വര്‍ണ നഗരി സാക്ഷ്യം വഹിക്കുക എന്നതില്‍ തര്‍ക്കമില്ല.
Next Story

RELATED STORIES

Share it