kozhikode local

കൊടുവള്ളിയിലെ പരാജയം: പ്രാദേശിക നേതാക്കള്‍ക്കെതിരേ ലീഗ് അണികള്‍ രംഗത്ത്

താമരശ്ശേരി: കൊടുവള്ളി മണ്ഡലത്തില്‍ മുസ്‌ലീം ലീഗ് നേതാവ് എം എ റസ്സാഖിന്റെ പരാജയത്തിനു പിന്നില്‍ ഉന്നത ലീഗ് നേതൃത്വത്തിനു പുറമേ പ്രാദേശിക നേതാക്കള്‍ക്കെതിരെയും അണികള്‍ രംഗത്ത്.
ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ മണ്ഡലത്തിലെ വികാരമറിയാതെയാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്നും ഇത് മൂലം പ്രധാനപ്പെട്ട രണ്ട് മണ്ഡലങ്ങള്‍ പാര്‍ട്ടിക്കും യുഡിഎഫിനും നഷ്ടപ്പെടുത്തിയെന്നും പരാതി ഉയരുന്നതിനിടയിലാണ് ഓരോ പഞ്ചായത്ത് തലത്തിലെയും പ്രാദേശിക നേതൃത്വങ്ങള്‍ക്കെതിരെ അണികള്‍ പരസ്യമായി രംഗത്തുവരുന്നത്. കൊടുവള്ളി മണ്ഡലം ലീഗ് പ്രസിഡന്റ് മടവൂര്‍ ഹംസയുടെ വാര്‍ഡില്‍ കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 500 ലധികം വോട്ട് നേടിയപ്പോള്‍ ഇക്കുറി എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ഇവിടെ 18 വോട്ട് അധികമാണ് ലഭിച്ചതെന്ന് പ്രാദേശിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തില്‍ മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളില്‍ നിന്നും ലീഗ് പ്രാദേശിക നേതാക്കളുടെ അറിവോടെയോ മൗന സമ്മതത്തോടെയോ വോട്ടുകള്‍ ചോരാനിടയാക്കിയതായി വിലയിരുത്തുന്നു.കൊടുവള്ളിയില്‍ നിന്നും വി എം ഉമ്മര്‍ മാസ്റ്ററെ തിരുവമ്പാടിയിലേക്ക് മാറ്റിയതിനു പ്രതികാരമായി താമരശ്ശേരി ചാലക്കര, പള്ളിപ്പുറം, ഈര്‍പ്പോണ, കോരങ്ങാട് പ്രദേശങ്ങളിലെ സജീവ ലീഗ് പ്രവര്‍ത്തകര്‍ വേണ്ടത്ര പ്രവര്‍ത്തന രംഗത്ത് ഇറങ്ങിയില്ലെന്നും ഇറങ്ങിയവരില്‍ പലരും കാലുവാരാന്‍ വേണ്ട ഒരുക്കങ്ങള്‍ ചെയ്തു കൊടുത്തതായും ആരോപണം ഉയരുന്നു.
കഴിഞ്ഞ ദിവസം താമരശ്ശേരി ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രാദേശിക നേതാക്കള്‍ക്കെതിരെ ചില പ്രവര്‍ത്തകര്‍ അതിരൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. വന്‍ ഭൂരിപക്ഷത്തില്‍ റസാഖ് മാസ്റ്റര്‍ ജയിക്കരുതെന്ന നിലപാട് മൂലമാണ് പലരും സജീവ പ്രവര്‍ത്തന രംഗത്തുനിന്നും അകലം പാലിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
ജയിക്കാനാവശ്യമായ കുറഞ്ഞ മാര്‍ജിനല്ലാതെ, കൊടുവള്ളിയില്‍ ഉമ്മര്‍ മാസ്റ്റര്‍ക്ക് കിട്ടിയ പോലെ വന്‍ ഭൂരിപക്ഷം കിട്ടരുതെന്നായിരുന്നു ഇവരുടെ നിലപാട്.
എന്നാല്‍, ജയിക്കുന്നതിനു പകരം ദയനീയമായി പരാജയപ്പെട്ടതോടെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കാതെ ജില്ലാ -സംസ്ഥാന നേതൃത്വങ്ങളുടെ തലയില്‍ കെട്ടിവെക്കാനാണ് പ്രാദേശിക നേതാക്കളുടെ ശ്രമമെന്നും ആരോപണം ഉയരുന്നു.
Next Story

RELATED STORIES

Share it