thrissur local

കൊടുങ്ങല്ലൂര്‍ പെരുന്തോട് നിറഞ്ഞു കവിഞ്ഞു ; ആയിരത്തിലധികം വീടുകള്‍ വെള്ളത്തില്‍



കൊടുങ്ങല്ലൂര്‍:  ഒരൊറ്റ മഴയില്‍ കൊടുങ്ങല്ലൂര്‍ പെരുന്തോട് നിറഞ്ഞു കവിഞ്ഞു. തീരമേഖലയില്‍ ആയിരത്തിലധികം വീടുകള്‍ വെള്ളത്തിലായി. ചുങ്കം ബണ്ട് തുറന്നു. കനത്ത മഴയും, അഴീക്കോട് ചുങ്കം പാലം നിര്‍മ്മാണത്തിനായി ബണ്ട് കെട്ടിയതുമാണ് പെരുന്തോട് നിറയാന്‍ കാരണമായത്. അഴീക്കോട് വില്ലേജിന്റെ തീരപ്രദേശം ഏറെക്കുറെ വെള്ളം കയറിയ അവസ്ഥയിലായി.എറിയാട് വില്ലേജ്, എടവിലങ്ങ്, ശ്രീനാരായണപുരം, മതിലകം തുടങ്ങിയ പഞ്ചായത്തുകളിലെ തീരമേഖലയിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. അഴീക്കോട് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായിരുന്നു. ചിലയിടങ്ങളില്‍ വീടുകളിലേക്ക് വെള്ളം കയറി. പെരുന്തോടിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ വെള്ളപ്പൊക്ക ഭീഷണിയിലായി. തീരമേഖല വെള്ളത്തിലായതിനെ തുടര്‍ന്ന് കാര പുതിയ റോഡ് അറപ്പ തുറക്കാന്‍ ആലോചനയുണ്ടായെങ്കിലും പരിസരവാസികള്‍ വിസമ്മതിച്ചു .തുടര്‍ന്നാണ് പെരുന്തോടിന് കുറുകെ കെട്ടിയ താല്‍ക്കാലിക ബണ്ട് തുറക്കാന്‍ തീരുമാനിച്ചത്. ഇ ടി ടൈസണ്‍ മാസ്റ്റര്‍, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.വി എ സബാഹ് പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് പെരുന്തോടിന് കുറുകെയുള്ള താല്‍ക്കാലിക തടയണ തുറക്കുകയായിരുന്നു. പിന്നീടാണ് ബണ്ട് തുറന്നത്. ഇതോടെ പെരുന്തോട്ടിലെ മഴവെള്ളം കാഞ്ഞിരപ്പുഴയിലേക്കൊഴുകി. ഏകദേശം ഒരു മാസം മുന്‍പാണ് ചുങ്കം പാലം നിര്‍മ്മാണത്തിന്റെ ഭാഗമായി ബണ്ട് നിര്‍മ്മിച്ചത്. ബണ്ട് കെട്ടിയതിനെ തുടര്‍ന്ന് വേലിയേറ്റ-വേലിയിറക്ക സമയത്തെ ജല നിര്‍ഗമനം തടസപ്പെടുകയും തീരപ്രദേശത്ത് വരള്‍ച്ചയ്ക്ക് സമാനമായ അവസ്ഥയുണ്ടാക്കുകയും ചെയ്തിരുന്നു. മഴ തകര്‍ത്തു പെയ്തതോടെയാണ് വരള്‍ച്ച പ്രളയത്തിന് വഴിമാറിയത്.
Next Story

RELATED STORIES

Share it