thrissur local

കൊടുങ്ങല്ലൂര്‍-നെടുമ്പാശ്ശേരി റോഡ് ടാറിങില്‍ വന്‍ അപാകതയെന്ന് ആക്ഷേപം

മാള: പണി പുരോഗമിച്ചു കൊണ്ടിരിക്കുന്ന കൊടുങ്ങല്ലൂര്‍-പൊയ്യ-പൂപ്പത്തി-എരവത്തൂര്‍-അത്താണി-നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ കൊച്ചുകടവ് മുതല്‍ പൊയ്യ വരെയുള്ള ബിഎംബിസി ടാറിങില്‍ വലിയ തോതിലുള്ള അപാകതയെന്ന് ആക്ഷേപം.
ചെങ്ങമനാട് മുതല്‍ കൊച്ചുകടവ് വരെയുള്ള ഒന്നാം റീച്ചില്‍ നടത്തിയ പണിക്ക് വലിയ കുഴപ്പമില്ല. എന്നാല്‍ കൊച്ചുകടവ് മുതല്‍ പൊയ്യ വരെയുള്ള ടാറിങ് ദ്രുതഗതിയില്‍ നടത്തുന്നതിനാല്‍ വലിയ തോതിലുള്ള അപാകതയാണുണ്ടാകുന്നത്. ഒന്നാം റീച്ചില്‍ ആവശ്യത്തിന് സമയമെടുത്താണ് പണി നടത്തിയതെന്നതിനാല്‍ കാര്യമായ അപാകതയൊന്നുമില്ല.
സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തിയ്യതി അടുത്തു വരുന്നതിനാല്‍ ഒരാഴ്ച മുന്‍പ് ടി എന്‍ പ്രതാപന്‍ എംഎല്‍എ ബന്ധപ്പെട്ടവരുടെ മീറ്റിങ് വിളിച്ചു കൂട്ടിയിരുന്നു.
പണി ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കണമെന്നാണ് യോഗത്തില്‍ എംഎല്‍എ ആവശ്യപ്പെട്ടത്. റോഡിലൂടെയുള്ള ജനങ്ങളുടെ യാത്ര വോട്ടിങില്‍ പ്രതിഫലിക്കാനായിരുന്നു പണി പെട്ടെന്ന് തീര്‍ക്കാനാവശ്യപ്പെട്ടത്. ജലനിധിക്കായി നിര്‍ത്തി വച്ചിരുന്ന പണി യോഗത്തിന് ശേഷം പെട്ടെന്ന് തന്നെ തുടങ്ങി. മുന്‍പ് പണിതിരുന്നതിനേക്കാളും ഇരട്ടിയിലധികം ദൂരമാണ് ഓരോ ദിവസവും പണിയുന്നത്.
മിക്‌സിങ് വിരിക്കുന്നതിലും റോളറുപയോഗിച്ച് ഉറപ്പിക്കുന്നതിലും വളരെയധികം വേഗതയാണിപ്പോള്‍. വേഗത കൂടുമ്പോള്‍ ആവശ്യത്തിന് മിക്‌സിങ് റോഡില്‍ വീഴില്ല. റോളറുപയോഗിച്ച് ഉറപ്പിക്കുന്ന പ്രക്രിയക്ക് വേഗത കൂടിയതിനാല്‍ ആവശ്യത്തിന് പ്രസ്സിങും ലഭിക്കില്ല. ടാറിങ് കഴിഞ്ഞ് നാലു ദിവസം പിന്നിട്ട ഭാഗത്ത് ബൈക്ക് സൈഡ് സ്റ്റാന്റില്‍ വച്ചപ്പോള്‍ ചെളിയില്‍ താഴുന്നത് പോലെയാണ് റോഡില്‍ താഴ്ന്നത്.
ആവശ്യത്തിന് മിക്‌സിങ് വീഴാത്തതിനാലും റോളറുപയോഗിച്ച് നന്നായി പ്രസ്സിങ് നടത്താത്തതിനാലുമാണ് ഇത്തരത്ത ില്‍ താഴുന്നത്. റോഡിന്റെ പല ഭാഗത്തും ടാറിങ് അടര്‍ന്ന് മാറുകയാണ്. പ്രത്യേകിച്ച് വളവുകളില്‍. ഒരുപാട് ഭാഗങ്ങളില്‍ ടാറിങ് അടര്‍ന്ന് മാറുകയാണ്. ടോറസ്സ് അടക്കമുള്ള വാഹനങ്ങള്‍ ബ്രേക്ക് ചെയ്യുമ്പോഴും വളവുകളില്‍ തിരിക്കുമ്പോഴും ടാറിങ് അടര്‍ന്ന് മാറുകയാണ്.
സാധാരണ ടാറിങില്‍ പോലും ജോയിന്റ് അറിയാതെയാണ് പണി നടത്തുന്നത്. എന്നാല്‍ ബിറ്റുമിന്‍ മെക്കാടം ബിറ്റുമിന്‍ കോണ്‍ഗ്രീറ്റിങ് നടത്തുന്ന റോഡില്‍ നിരവധി ഭാഗത്ത് ജോയിന്ററിയാം.
തന്നെയല്ല രണ്ടു ഭാഗവും തമ്മില്‍ വളരെയേറെ വ്യത്യാസവുമുണ്ട്. ഒരു ഭാഗത്ത് വലിയ കുഴപ്പമില്ലെങ്കില്‍ മറുഭാഗത്ത് വലിയ തോതിലുള്ള അപാകതയാണ്. ബി എം ബി സി ടാറിങ് നടത്തുന്ന റോഡിലെ യാത്ര സുഖകരമായിരിക്കും. സാധാരണ റോഡിലെ കുത്തിക്കുലുക്കമുണ്ടാകില്ല. എന്നാല്‍ ഈ റോഡിലൂടെയുള്ള യാത്ര അത്ര സുഖകരമല്ല. സാധാരണ റോഡിലെ പോലെ കുത്തിക്കുലുക്കമുണ്ട് ഈ റോഡില്‍.
ഏത് വാഹനത്തില്‍ പോയാലും കുത്തിക്കുലുക്കം അനുഭവപ്പെടുന്നുണ്ട്. വോട്ടുകളുറപ്പിക്കാനായുള്ള തന്ത്രം പക്ഷെ ജനങ്ങളുടെ വലിയൊരു സ്വപ്‌നത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ്. മഴക്കാലമെത്തുമ്പോള്‍ റോഡിന്റെ പല ഭാഗവും പൊളിഞ്ഞ് കുഴിയാവുമെന്നാണ് ആക്ഷേപം. റോഡിലൂടെയുള്ള യാത്ര ദുഷ്‌കരവുമാകും.
പണി ഏറ്റെടുത്ത് നടത്തുന്നത് നന്നായി പണി നടത്തുന്ന കരാറുകാരനാണെങ്കിലും ഭരണക്കാരുടെ തിടുക്കമാണ് അപാകതക്ക് കാരണം. ആദ്യം വിഭാവന ചെയ്തതുപോലെയല്ല റോഡിന്റെ നിര്‍മാണം. 15 മീറ്റര്‍ വീതിയില്‍ സംസ്ഥാന പാതയാണ് ഉദ്ദേശിച്ചതെങ്കിലും റോഡിന് വീതി കൂട്ടാനുള്ള സ്ഥലം ലഭിക്കില്ലെന്ന തൊടുന്യായം പറഞ്ഞ് അഞ്ചു മീറ്റര്‍ ടാറിങാണ് നടത്തുന്നത്. ചെയ്യുന്ന പണിയും വളരെയേറെ അപാകത നിറഞ്ഞതായതും ജനത്തിന് നിരാശയുണ്ടാക്കുന്നു. വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പലരും വിജിലന്‍സിന് പരാതി നല്‍കാനും ഒരുങ്ങുന്നുണ്ട്.
Next Story

RELATED STORIES

Share it