thrissur local

കൊടുങ്ങല്ലൂര്‍, ചാവക്കാട് തീരങ്ങളില്‍ കടല്‍ക്ഷോഭം; നിരവധി വീടുകള്‍ തകര്‍ന്നു



കൊടുങ്ങല്ലൂര്‍/ചാവക്കാട്: ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍, ചാവക്കാട് തീരപ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം. കൊടുങ്ങല്ലൂര്‍ മേഖലയിലെ എറിയാടും കാരയിലുമാണ് ഏറെ നാശനഷ്ടമുണ്ടായത്. കാരയില്‍ ആറ് വീടുകളും എറിയാട് രണ്ട് വീടുകളും തകര്‍ന്നു.  തീരദേശം ഭീതിയില്‍.  എടവിലങ്ങ് പഞ്ചായത്തിലെ 13, 14 വാര്‍ഡുകളില്‍പ്പെട്ട കാര കോഴിശ്ശേരി വിലാസിനി, മുല്ലപ്പറമ്പത്ത് കുമാരന്‍, കുഞ്ഞു മാക്കം പുരക്കല്‍ പുരുഷോത്തമന്‍, മാപ്ല കുളത്ത് റഷീദ്, കോഴിശേരി ജനാര്‍ദ്ദനന്‍, ചോറ്റാനിക്കര സേവാ ക്ഷേത്രത്തിന് സമീപം ദാക്ഷായണി എറിയാട് ആറാട്ട് വഴി കടപ്പുറത്ത് കല്ലുങ്ങല്‍ സുലൈമാന്‍, പുന്നക്കല്‍ ഐശു എന്നിവരുടെ വീടുകളാണ് ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തകര്‍ന്നത്. വ്യാഴാഴ്ച രാവിലെ മുതലാണ് കാര പുതിയ റോഡ്, എറിയാട് അറപ്പക്കടവ്, മണപ്പാട്ട് ചാല്‍, ആറാട്ട് വഴി എന്നിവിടങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭം അനുഭവപ്പെട്ടത്. കടല്‍ ഭീമാകാരമായ തിരകളാണ് തീരത്തേക്ക് അടിച്ചുകയറുന്നത്. തീരദേശത്തെ ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് ബന്ധുവീടുകളിലും മറ്റും അഭയം തേടിയിരിക്കുകയാണ്. വരും ദിവസങ്ങള്‍ കടല്‍ കൂടുതല്‍ രൂക്ഷമാകുമോ എന്ന ഭയത്തിലാണെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു. ഏതാനും ആഴ്ചകള്‍ക്ക്  മുമ്പും തീരം കടല്‍ക്ഷോഭത്തെ നേരിട്ടിരുന്നു. ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ ശക്തമായ വേലിയേറ്റം. ഇന്നലെ ഉച്ചക്ക് ഒന്നോടെയാണ് വേലിയേറ്റം ആരംഭിച്ചത്. ശക്തമായ തിരമാല കരയിലേക്ക് ആഞ്ഞടിച്ചു വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറി. കടല്‍ കാണാനെത്തിയ സഞ്ചാരികള്‍ വേലിയേറ്റത്തെ തുടര്‍ന്ന് ശക്തമായ തിരയില്‍പെട്ട് വീണു. സന്ദര്‍കര്‍ കടല്‍തീരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ വെള്ളത്തിലായി. വ്യാഴാഴ്ച രാത്രിയിലും കടപ്പുറം അഴിമുഖം ഭാഗങ്ങളില്‍ വേലിയേറ്റത്തെ തുടര്‍ന്ന് ചില വീടുകളില്‍ വെള്ളം കയറിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസം മുന്‍പും ഇവിടെ വേലിയേറ്റം ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it