thrissur local

കൊടുങ്ങല്ലൂരില്‍ വീണ്ടും ബിജെപി ആക്രമണം

കൊടുങ്ങല്ലൂര്‍: നിരോധനാജ്ഞ നിലനില്‍ക്കുന്ന കൊടുങ്ങല്ലൂരിലെ കോതപറമ്പില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ വീടും കാറും ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തു.
കൊടുങ്ങല്ലൂര്‍ മുന്‍ ബ്ലോക്ക് സെക്രട്ടറി എടത്താട്ടില്‍ ഇ എം പാര്‍ത്ഥസാരഥിയുടെ വീടാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ തകര്‍ക്കുകയും പോര്‍ച്ചില്‍ കിടന്നിരുന്ന കാര്‍ തല്ലിതകര്‍ക്കുകയും ചെയ്തത്. ജനല്‍ ചില്ലുകള്‍ തകര്‍ക്കുന്ന ശബ്ദം കേട്ട് പാര്‍ത്ഥസാരഥിയുടെ സഹോദരന്‍ ഗുരുപ്രസാദും വീട്ടുകാരും ഉണര്‍ന്ന് ലൈറ്റിട്ടപ്പോള്‍ അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. എട്ടു വര്‍ഷം മുമ്പ് യുവമോര്‍ച്ച പ്രവര്‍ത്തകനായിരുന്ന കോതപറമ്പ് അരയംപറമ്പില്‍ സത്വേഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായി ജയിലില്‍ കഴിയുകയാണ് പാര്‍ത്ഥസാരഥി.
രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന കൊടുങ്ങല്ലൂരില്‍ ഈ മാസം 20 മുതല്‍ കൊടുങ്ങല്ലൂര്‍, മതിലകം പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘര്‍ഷം തുടരുന്നതിനാല്‍ നിരോധനാജ്ഞ ഈ മാസം 28 വരേ നീട്ടി. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദ പ്രകടനത്തിനിടയില്‍ എടവിലങ്ങില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും തുടര്‍ന്ന് ബിജെപിക്കാര്‍ എടവിലങ്ങില്‍ സിപിഎം ഓഫിസ് തീവെക്കുകയും ചെയ്ത സംഭവത്തില്‍ ഒരാളെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തു.
എടവിലങ്ങ് കുഞ്ഞയിനി സ്വദേശിയും ബിജെപി പ്രവര്‍ത്തകനുമായ ചള്ളിയില്‍ അമ്പാടി (27)യെയാണ് പിടികൂടിയത്. നാലു ബിജെപി പ്രവര്‍ത്തകരെ ചൊവ്വാഴ്ച്ച അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. പ്രമോദിന്റെ കൊലയുമായി ബന്ധപ്പെട്ട് ആരേയും ഇതുവരെ പോലിസ് അറസ്റ്റ് ചെയ്തിട്ടില്ല. അതിനിടെ സംഘര്‍ഷം ശക്തമായിട്ടും പോലിസ് നടപടി ശക്തമാക്കുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
കൊടുങ്ങല്ലൂര്‍ ടൗണില്‍ അടക്കം ബിജെപി ക്രിമിനലുകള്‍ പരസ്യമായി കൊലവിളി നടത്തിയിട്ടും പോലിസ് നിശ്ക്രിയരാകുകയായിരുന്നു. അക്രമികള്‍ക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കാന്‍ പോലിസ് തയ്യാറാവണമെന്നും കൊടുങ്ങല്ലൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it